നഗരസഭ, പഞ്ചായത്ത് സ്ഥിരം സമിതികളുടെ തിരഞ്ഞെടുപ്പ് രണ്ടിനകം

Posted on: November 26, 2015 9:40 am | Last updated: November 26, 2015 at 9:40 am
SHARE

മലപ്പുറം: പൊതു തിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനകം പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും എന്നിങ്ങനെ നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുമാണ് രൂപവത്കരിക്കേണ്ടത്. നഗരസഭകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ കാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാ കായിക കാര്യം എന്നിങ്ങനെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുണ്ടാകും.
ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണവും സ്ഥാനാര്‍ഥികളുടെ എണ്ണവും തുല്യമാണെങ്കില്‍ അങ്ങനെയുള്ള സ്ഥാനാര്‍ഥികളെ യഥാവിധി തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കണം. ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാള്‍ കുറവാണ് സ്ഥാനാര്‍ഥികളുടെ എണ്ണമെങ്കില്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും ബാക്കി സ്ഥാനങ്ങളിലേക്ക് അഞ്ച് ദിവസത്തിനകം യോഗം വിളിച്ച് തിരഞ്ഞെടുപ്പ് നടത്തുകയും വേണം. സ്ഥാനാര്‍ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനത്തെക്കാള്‍ കൂടുതലാണെങ്കില്‍ യോഗത്തില്‍ ഹാജരായ അംഗങ്ങള്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം വോട്ടെടുപ്പ് നടത്തി അംഗങ്ങളെ തിരഞ്ഞെടുക്കണം.
സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ട സ്ഥാനത്തേക്ക് സ്ത്രീകളല്ലാത്ത അംഗങ്ങള്‍ മത്സരിക്കരുത്. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലയിലെ മുഴുവന്‍ വരണാധികാരികള്‍ക്കുമായി നടത്തിയ പരിശീലന പരിപാടി ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ കുറുപ്പ് നേതൃത്വം നല്‍കി. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, തിരൂര്‍ ആര്‍ ഡി ഒ. ജെ ഒ അരുണ്‍, കെ അബ്ദുന്നാസര്‍, അന്‍സു ബാബു തുടങ്ങിയവര്‍ സംസാരിച്ചു.