Connect with us

National

രാഹുല്‍ ഗാന്ധിയുടെ അജ്ഞാത യാത്രാ വിവരങ്ങള്‍ പുറത്തുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം പാര്‍ലിമെന്റ് സമ്മേളനം നടക്കുന്നതിനിടെ രണ്ട് മാസത്തെ അവധിയെടുത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തിയ രഹസ്യ യാത്രയുടെ വിവരങ്ങള്‍ പുറത്തായി. മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് സമ്മേളനം നടന്ന കഴിഞ്ഞ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായിരുന്നു രാഹുല്‍ഗാന്ധിയുടെ അജ്ഞാത വിദേശ യാത്ര. സുരക്ഷാ സംവിധാനങ്ങളെ പാടെ മാറ്റിനിര്‍ത്തി രാഹുല്‍ ഗാന്ധി നാല് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങിലാണ് സന്ദര്‍ശനം നടത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 16 മുതല്‍ ഏപ്രില്‍ 16 വരെയുള്ള യാത്രയുടെ വിശദാശങ്ങള്‍ പ്രമുഖ ദേശീയ വാര്‍ത്ത മാഗസിനാണ് പുറത്തുവിട്ടത്.

തായ്‌ലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം, മ്യാന്‍മര്‍, തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഫെബ്രുവരി 16ന് ന്യൂഡല്‍ഹിയില്‍ നിന്ന് നേരെ ബാങ്കോക്കിലേക്ക് പോയ രാഹുല്‍. അവിടെ ഒരു ദിവസം ചെലവഴിച്ച ശേഷം കംബോഡിയയിലേക്ക് പോയി. കംബോഡിയയില്‍ 11 ദിവസമാണ് തങ്ങിയത്. പിന്നീട് ഫിബ്രവരി 28ന് വീണ്ടും തിരിച്ച് ബാങ്കോക്കിലേക്ക് തിരിച്ചെത്തിയ ശേഷം അവിടെ നിന്ന് മ്യാന്മറിലേക്ക് പോയി. മാര്‍ച്ച് ഒന്ന് മുതല്‍ 21 വരെ 21 ദിവസം മ്യാന്‍മറില്‍ ചിലവിട്ടു. മാര്‍ച്ച് 22 ന് തിരിച്ച് തായ്‌ലന്‍ഡിലെത്തി അവിടെ അയുത്തയിലെ ബുദ്ധ പൈതൃക കേന്ദ്രം സന്ദര്‍ശിച്ചു. അവിടെ ഒമ്പത് ദിവസം തങ്ങി. മാര്‍ച്ച് 31 ന് വിയറ്റ്‌നാമിലേക്ക് പോയ രാഹുല്‍ ഏപ്രില്‍ 12 ന് തിരിച്ച് ബാങ്കോക്കിലെത്തി അവിടെ നാലുദിവസം താമസിച്ച ശേഷമാണ് ഏപ്രില്‍ 16ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്.

ഈ വര്‍ഷമാദ്യം നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന് പൊടുന്നനെ അപ്രത്യക്ഷനായ രാഹുലിന്റെ യാത്ര ഏറെ വിവാദമായിരുന്നു. ബി ജെ പി ഇക്കാര്യം ഉയര്‍ത്തിക്കാട്ടി വന്‍ പ്രചാരണം അഴിച്ചുവിട്ടിരുന്നു. രാഹുലോ കോണ്‍ഗ്രസോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമില്ല. യാത്രയുടെ വിശദാശംങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലും ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധിയോ, കോണ്‍ഗ്രസോ പ്രതികരിച്ചിട്ടില്ല.