Connect with us

Sports

നാഗ്പൂരില്‍ വിക്കറ്റ് കൊയ്ത്ത്‌

Published

|

Last Updated

രവീന്ദ്ര ജഡേജയുടെ പന്തില്‍ ഇമ്രാന്‍ താഹിറിന്റെ കുറ്റി തെറിക്കുന്നു

 

നാഗ്പൂര്‍: മൂന്നാം ടെസ്റ്റിലും ബാറ്റ്‌സ്മാന്‍മാര്‍ വിഷമിക്കുന്നു. ഇന്ത്യ 215ന് ആള്‍ ഔട്ടായപ്പോള്‍, ദക്ഷിണാഫ്രിക്കയും ഒന്നാമിന്നിംഗ്‌സില്‍ പതറുന്നു. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ട് വിക്കറ്റിന് 11 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശക ടീം. ഓപ്പണര്‍ ഡീന്‍ എല്‍ഗാറും (7) ക്യാപ്റ്റന്‍ ഹാഷിം ആംലയുമാണ് (0) ഇപ്പോള്‍ ക്രീസില്‍.
കഴിഞ്ഞ ടെസ്റ്റുകളെ പോലെ സ്പിന്നര്‍മാരാണ് ദക്ഷിണാഫ്രിക്കയെ വലക്കുന്നത്. റണ്ണെടുക്കും മുമ്പേ വാന്‍സിലിനെ (0) അശ്വിന്‍ രഹാനെയുടെ കയ്യിലെത്തിച്ചപ്പോള്‍ നൈറ്റ് വാച്ച്മാനായെത്തിയ ഇമ്രാന്‍ താഹിര്‍ (4) രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
പതിവ് പോലെ മധ്യനിരയാണ് രക്ഷക്കെത്തിയതെന്ന് പറയാം. വിക്കറ്റ് കീപ്പര്‍വൃദ്ധിമാന്‍ സാഹ (32), രവീന്ദ്ര ജഡേജ (34), രവിചന്ദ്രന്‍ അശ്വിന്‍ (15) എന്നിവരുടെ ചെറുത്ത് നില്‍പ് ശ്രദ്ധേയം. ടീം സ്‌കോര്‍ ഇരുനൂറ് കടക്കില്ലെന്ന് തോന്നിച്ചെങ്കിലും മാന്യമായ സ്‌കോറിലേക്ക് ഇവര്‍ ആനയിച്ചു. എട്ടാം വിക്കറ്റില്‍ സാഹ-ജഡേജ സഖ്യം 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ജഡേജയെ റബാഡ ഔട്ടാക്കിയതിന് ശേഷം അശ്വിനൊപ്പം സാഹ ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. സ്‌കോര്‍ 200 കടന്നയുടനെ ഹാര്‍മറുടെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ സാഹയെ ഡുമിനി ഡ്രസിംഗ് റൂമിലേക്ക് മടക്കി. അധികം വൈകാതെ അശ്വിനും പിന്നാലെ ഇഷാന്ത് ശര്‍മയും മടങ്ങിയതോടെ ഇന്ത്യയുടെ ഇന്നിംഗ്‌സിന് തിരശ്ശീല വീണു. മൂന്ന് റണ്‍സുമായി അമിത് മിശ്ര പുറത്താകാതെ നിന്നു.
78 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത സ്പിന്നര്‍ ഹാര്‍മറാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ നയിച്ചത്. സ്‌റ്റെയ്‌നിന്റെ അഭാവത്തില്‍ മികച്ച സീം ബൗളിങ്ങുമായി മോര്‍നെ മോര്‍ക്കലും (35 റണ്‍സിന് 3 വിക്കറ്റ്) ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കി. റബാഡ, ഡീന്‍ എല്‍ഗാര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ദിനം തന്നെ ഡസന്‍ വിക്കറ്റുകള്‍ വീണതോടെ മൂന്നാം ടെസ്റ്റില്‍ ഫലമുണ്ടാകുമെന്ന് വ്യക്തമായി. മൊഹാലിയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യയാണ് പരമ്പരയില്‍ (1-0) ലീഡ് ചെയ്യുന്നത്. ബെംഗളൂരുവിലെ രണ്ടാം ടെസ്റ്റ് മഴ നാലു ദിവസവും കളി മുടക്കിയതോടെ ഉപേക്ഷിച്ചിരുന്നു. ഇവിടെ ആദ്യദിനം മാത്രമാണ് കളി നടന്നത്.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മുരളി വിജയും (40) ശിഖര്‍ ധവാനും (12) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 50 റണ്‍സ് ചേര്‍ത്തു.
പിന്നീടെത്തിയ പൂജാര (21), കോലി (22), രഹാനെ (13) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മിടുക്കുകാണിച്ചു. രോഹിത് ശര്‍മ (2) കൂടി വേഗത്തില്‍ മടങ്ങിയതാടെ ഇന്ത്യ ആറിന് 126 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ടോപ് ഓര്‍ഡറില്‍ നിന്ന് വലിയ കൂട്ടുകെട്ടുണ്ടാകാത്തത് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റ ദൗര്‍ബല്യമായി തുടരുന്നു.

---- facebook comment plugin here -----

Latest