റഷ്യയുമായി കൊമ്പുകോര്‍ക്കാന്‍ താത്പര്യമില്ല: ഉര്‍ദുഗാന്‍

Posted on: November 26, 2015 5:29 am | Last updated: November 26, 2015 at 9:00 am

urduganഅങ്കാറ: വിമാനം വെടിവെച്ചിട്ട സംഭവവുമായി ബന്ധപ്പെട്ട് റഷ്യയുമായി സംഘര്‍ഷത്തിനില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനം വെടിവെച്ചിട്ടത് സംബന്ധിച്ച് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് താത്പര്യമില്ല. തങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ചുകൊണ്ടുള്ള പ്രതിരോധ നടപടികള്‍ മാത്രമാണ് ഇത്. പ്രതിസന്ധിയും സംഘര്‍ഷവും തുര്‍ക്കി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. എപ്പോഴും ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വഴികളാണ് താത്പര്യപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ പരമാധികാരവും അതിര്‍ത്തികളിലെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുമ്പോള്‍ മിണ്ടാതിരിക്കുമെന്ന് ആരും ഒരിക്കലും കരുതിപ്പോകരുത്. ശ്രദ്ധയില്ലാത്ത പ്രവര്‍ത്തികളുടെ അനന്തരഫലം ഇതായിരിക്കുമെന്നാണ് ഇത്തരം സംഭവങ്ങള്‍ പറയുന്നത്. റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാള്‍ സുരക്ഷിതനാണ്. ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വിമാനമെന്ന റഷ്യന്‍ വാദം തള്ളിക്കളയുന്നു. വിമാനം അതിര്‍ത്തി ലംഘിച്ച പ്രദേശം പൗരന്മാരുടെ ഏറിയ സാന്ദ്രതയുള്ള മേഖലയാണ്. തുര്‍ക്കികള്‍ ജീവിക്കുന്ന ഇടങ്ങളില്‍ ഒരു ഇസില്‍ ഭീകവാദിയും ഇല്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് റഷ്യ സ്വയം വിഡ്ഢിയാകുകയാണെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.