തുര്‍ക്കി-റഷ്യ സൈനിക സഹകരണം റദ്ദാക്കി; അനുനയിപ്പിക്കാന്‍ നാറ്റോയും യു എന്നും

Posted on: November 26, 2015 5:28 am | Last updated: November 26, 2015 at 11:31 am
SHARE

TURKEY-RUSSIA-PUTIN-URDUGANദമസ്‌കസ്: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെ തുര്‍ക്കിയുമായുള്ള സൈനിക സഹകരണവും റഷ്യ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം അതിര്‍ത്തി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ടാണ് ഈ നടപടി. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് സൈനിക സഹകരണം നിര്‍ത്തിവെക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്. തുര്‍ക്കിയുടെ നടപടി റഷ്യക്ക് പിന്നില്‍ നിന്നേറ്റ കുത്താണെന്നും തുര്‍ക്കിയിലേക്ക് പോകുന്ന പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അതിര്‍ത്തി ലംഘിച്ച് പറന്ന വിമാനത്തിന് അഞ്ച് മിനുട്ടിനുള്ളില്‍ പത്ത് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് തുര്‍ക്കിയുടെ വിശദീകരണം. ഇതിന് ശേഷമാണ് വിമാനം വെടിവെച്ചിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലതാകിയയിലെ യമാദി ഗ്രാമത്തില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ രക്ഷപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ സിറിയയിലെ ഇസില്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി റഷ്യ വ്യോമാക്രമണം നടത്തിവരുന്നുണ്ട്. ഇതിനിടക്ക് പല തവണ തങ്ങളുടെ അതിര്‍ത്തി ലംഘിച്ച് റഷ്യന്‍ വിമാനങ്ങള്‍ പറക്കുന്നുണ്ടെന്നും ആവര്‍ത്തിച്ചാല്‍ വെടിവെച്ചിടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാനം വെടിവെച്ചിട്ടതിന് ശേഷം ഇക്കാര്യം തുര്‍ക്കി പ്രസിഡന്റ് അഹ്മദ് ദേവ്‌തോഗ്‌ലു സൂചിപ്പിക്കുകയും ചെയ്തു. തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുര്‍ക്കിക്ക് അവരുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഒബാമയും സംഭവ ശേഷം പ്രതികരിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ എന്ത് നടപടി സ്വീകരിക്കാനും തങ്ങള്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഇരു രാഷ്ട്രങ്ങളോടും ശാന്തരാകണമെന്ന് ആവശ്യപ്പെട്ട് നാറ്റോ രംഗത്തെത്തി. തുര്‍ക്കിയുമായുള്ള തങ്ങളുടെ പിന്തുണയില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും നാറ്റോ സഖ്യമായ തുര്‍ക്കിക്ക് അവരുടെ പ്രദേശത്തിന്റെ സുരക്ഷിതത്വം അനിവാര്യമാണെന്നും നാറ്റോ സെക്രട്ടറി ജെന്‍സ് സ്റ്റോളന്‍ബര്‍ഗ് പറഞ്ഞു. ഇരുരാജ്യങ്ങളും ശാന്തത കൈവെടിയരുതെന്ന് ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടു.