ബില്‍ അംഗീകരിച്ചു; ഹോട്ടല്‍ ഭക്ഷണ വിലയ്ക്ക് നിയന്ത്രണം

Posted on: November 26, 2015 12:26 am | Last updated: November 26, 2015 at 12:26 am
SHARE

hotel foodതിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും സ്റ്റോറന്റുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന 2015ലെ കേരള ഹോട്ടലുകള്‍ (ഭക്ഷണവില ക്രമീകരണം) ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതനുസരിച്ച് എല്ലാ ജില്ലകളിലും ഭക്ഷണവില ക്രമീകരണ അതോറിറ്റി രൂപവത്കരിക്കും. ജില്ലയിലെ ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയുമാണ് പ്രധാന ചുമതല. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ള ആളോ ആയിരിക്കും ചെയര്‍മാന്‍. ആറ് അനൗദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും.
ചട്ടലംഘനം ഉണ്ടായാല്‍ ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ജില്ലാ അതോറിറ്റിക്ക് അധികാരമുണ്ട്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി തദ്ദേശസ്ഥാപനത്തെ അറിയിച്ചാല്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കണം. രജിസ്റ്റര്‍ ചെയ്യാതെ ഹോട്ടല്‍ നടത്തിയാലും അമിതവില ഈടാക്കിയാലും 5,000 രൂപ വരെ പിഴ ശിക്ഷിക്കാം. ജില്ലാ അതോറിറ്റിയുടെ ഉത്തരവുകള്‍ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. അതോറിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരെ സംസ്ഥാന ഭക്ഷ്യ കമ്മീഷന് അപ്പീല്‍ നല്‍കാം. കമ്മീഷന്റെ തീരുമാനത്തിനെതിരെ സര്‍ക്കാറിന് അപ്പീല്‍ നല്‍കാവുന്നതാണ്. ജില്ലാ അതോറിറ്റികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പൊതുതാത്പര്യ പ്രകാരം സര്‍ക്കാറിന് സ്വമേധയാ പുനഃപരിശോധിക്കാം.
ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവ ഹോട്ടലിന്റെ നിര്‍വചനത്തില്‍ വരും. എന്നാല്‍, നക്ഷത്ര ഹോട്ടലുകളും ഹെറിറ്റേജ് വിഭാഗം ഹോട്ടലുകളും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ ജീവനക്കാര്‍ക്ക് വേണ്ടി നടത്തുന്ന ഹോസ്റ്റലുകളും കാന്റീനുകളും ഇതില്‍ ഉള്‍പ്പെടില്ല. ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രണ ബില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഈ നീക്കത്തോട് വിയോജിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here