Connect with us

Editorial

തുര്‍ക്കി ആകാശത്തെ പുതിയ തീപ്പൊരി

Published

|

Last Updated

റഷ്യന്‍ പോര്‍വിമാനം വെടിവെച്ചിട്ട തുര്‍ക്കിയുടെ നടപടി മേഖലയിലെ സംഘര്‍ഷം പൊട്ടിത്തെറിയിലേക്ക് നീങ്ങാനിടയാക്കുമോ എന്ന ആശങ്കയിലാണ് ലോകം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയിലാണ് ചൊവ്വാഴ്ച റഷ്യയുടെ എസ് യു 24 വിമാനം തുര്‍ക്കി സേന വെടിവെച്ചു വീഴ്ത്തിയത്. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ച റഷ്യന്‍ പോര്‍ വിമാനങ്ങള്‍ക്ക് പല തവണ നിയമാനുസൃത മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാത്തതിനെ തുടര്‍ന്നാണ് വെടിെവച്ചിടേണ്ടി വന്നതെന്നാണ് തുര്‍ക്കി പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്. വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതിന് വ്യക്തമായ രേഖകളുണ്ടെന്നും പ്രതിരോധ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. റഷ്യയുടെ അതിര്‍ത്തി ലംഘനം ഇതാദ്യമല്ല. രണ്ട് മാസം മുമ്പും റഷ്യന്‍ വിമാനങ്ങള്‍ തുര്‍ക്കിയുടെ അതിര്‍ത്തി ലംഘിച്ചിരുന്നതാണ്. അന്നും മൂന്ന് തവണ തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. മോശം കാലാവസ്ഥയാണ് അന്ന് തുര്‍ക്കി അതിര്‍ത്തിക്കുള്ളില്‍ പറക്കന്‍ ഇടയാക്കിയതെന്നായിരുന്നു റഷ്യയുടെ വിശദീകരണം. എന്നാല്‍ ചൊവ്വാഴ്ച തങ്ങളുടെ വിമാനം സിറിയന്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും തുര്‍ക്കിയുടെ ആരോപണം ശുദ്ധകളവാണെന്നുമാണ് മോസ്‌കോയുടെ പക്ഷം. സിറിയയില്‍ ഇസിലിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യന്‍ പോര്‍വിമാനം തകര്‍ത്ത തുര്‍ക്കിയുടെ നടപടി ഫലത്തില്‍ തീവ്രവാദികളെ സഹായിക്കലാണെന്നും ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇസിലില്‍ നിന്നും തുര്‍ക്കിക്ക് വന്‍തോതിലുള്ള എണ്ണ ലഭിക്കുന്നുണ്ട്. ഇത് ലക്ഷ്യം വെച്ചു അവര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും പുടിന്‍ ആരോപിക്കുന്നു. തുര്‍ക്കി- സിറിയന്‍ വ്യോമാതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ അകലെ സിറിയന്‍ അതിര്‍ത്തിക്കുള്ളിലാണ് റഷ്യന്‍ വിമാനം തകര്‍ന്നു വീണതെന്നതും തങ്ങളുടെ വാദത്തിന് തെളിവായി റഷ്യ ചൂണ്ടിക്കാട്ടുന്നു.
തുര്‍ക്കി- റഷ്യ തര്‍ക്കത്തിനപ്പുറം സംഭവത്തിന് മറ്റു ചില തലങ്ങളുണ്ട്. സിറിയയില്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും വിമതരും തമ്മിലുള്ള യുദ്ധത്തില്‍ റഷ്യ അസദിന്റെ പക്ഷത്താണ്. പതിറ്റാണ്ടുകളായി പശ്ചിമേഷ്യയില്‍ റഷ്യയുടെ ഒരേയൊരു സഖ്യരാഷ്ട്രമാണ് അസദിന്റെ സിറിയ. സിറിയന്‍ സൈന്യത്തിന് റഷ്യ ആയുധ സഹായവും നല്‍കുന്നു. റഷ്യയുടെ 50ലേറെ പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും മേഖലയില്‍ വിനസിച്ചിട്ടുണ്ട്. അതേസമയം അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ അസദ് ഭരണകൂടത്തെ അംഗീകരിക്കുന്നില്ല. മാത്രമല്ല, അസദ്‌വിരുദ്ധ വിമത സേനക്ക് അവര്‍ ആയുധങ്ങളടക്കമുള്ള സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. സിറിയന്‍ സേനയെ നേരിടാന്‍ വിമത സേനക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ഈ പ്രശ്‌നത്തില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയോടൊപ്പമാണ് തുര്‍ക്കി. സിറിയയിലെ വിമത സേനയെ പിന്തുണക്കുന്ന തുര്‍ക്കി വിമത സേനക്ക് അതിര്‍ത്തി തുറന്നുകൊടുക്കുകയും വേണ്ട ആയുധ സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. തുര്‍ക്കിയിലെ എയര്‍ബേസാണ് അമേരിക്കന്‍ സഖ്യസേന ഉപയോഗിച്ചു വരുന്നത്. സ്വാഭാവികമായും ഇത് റഷ്യയെ അലോസരപ്പെടുത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം റഷ്യയുടെ വ്യോമാതിര്‍ത്തി ലംഘനത്തിന്റെയും തുര്‍ക്കിയുടെ വെടിവെപ്പിന്റെയും പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍.
ഇറാഖിലും ലിബിയയിലും നടപ്പാക്കിയതിന് സമാനമായ അതേ തന്ത്രമുപയോഗിച്ചാണ് അമേരിക്കയുടെയും സഖ്യശക്തികളുടെ സിറിയന്‍ അധിനിവേശം. 2013 ആഗസ്റ്റില്‍ അസദ് ഭരണകൂടം സിവിലിയന്‍മാര്‍ക്കെതിരെ രാസായുധപ്രയോഗം നടത്തിയതായും അത് 1400 പേരുടെ മരണത്തിനിടയാക്കിയെന്നും ആരോപിച്ചാണ് പാശ്ചാത്യന്‍ സഖ്യം ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിന് പോലും കാത്തുനില്‍ക്കാതെ സിറിയയില്‍ ഇടപെട്ടത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെങ്കിലും തങ്ങള്‍ അത്തരമൊരു അതിക്രമത്തിന് തുനിയുകയില്ലെന്നാണ് റഷ്യ അടുത്ത കാലം വരെ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ഇസിലിനെതിരായ പോരാട്ടമെന്ന പേരില്‍ റഷ്യയും മേഖലയില്‍ ഇടപെട്ടു കൊണ്ടിരിക്കുകയാണ്. ഇത് നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. സിറിയയിലെ റഷ്യന്‍ ഇടപെടല്‍ നാറ്റോ സഖ്യശക്തികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതേ തുടര്‍ന്ന് നാറ്റോ സഖ്യം ഈയിടെ ഇറ്റലിയില്‍ വന്‍സൈനികാഭ്യാസ പ്രകടനം സംഘടിപ്പിക്കുകയുണ്ടായി.
ശീതയുദ്ധ കാലത്തിന് ശേഷമുള്ള ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സൈനിക പ്രകടനം റഷ്യക്കുള്ള കടുത്ത മുന്നറിയിപ്പായാണ് നിരീക്ഷിക്കപ്പെടുന്നത്. സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ രണ്ട് ലോകശക്തികളും തമ്പടിക്കുകയും സൈനിക ശേഷി സംഭരിച്ചു കൊണ്ടരിക്കുകയും ചെയ്യവെ ചെറിയൊരു തീപ്പൊരി മതിയാകും ചിലപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകാന്‍. ഇസിലിന്റെ പേരില്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ഇരു വിഭാഗങ്ങളുടെയും കുത്സിത ശ്രമത്തിനിടെ റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ലോകം അതിന് വലിയ വില നല്‍കേണ്ടി വന്നേക്കും.

Latest