യു എസ് സ്ഥാനപതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പിനു ശ്രമം

Posted on: November 25, 2015 8:21 pm | Last updated: November 25, 2015 at 8:21 pm
SHARE

us embassyദോഹ: ഖത്വറിലെ അമേരിക്കന്‍ അംബാസിഡറുടെ പേരില്‍ സാമ്പത്തിക തട്ടിപ്പിനു ശ്രമം. അംബാസിഡര്‍ ഡന ഷെല്‍ സ്മിത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടായിക്കിയാണ് തട്ടിപ്പു സംഘം പ്രവര്‍ത്തിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആരും വഞ്ചിതരാകരുതെന്നും യു എസ് എംബസി അറിയിപ്പു പ്രസിദ്ധപ്പെടുത്തി.
അംബാസിഡറുടെ പേരില്‍ വ്യാജ പേജുകള്‍ തുറന്ന് സാമ്പത്തിക തട്ടിപ്പിനു ശ്രമം നടക്കുന്നതായി അമേരിക്കന്‍ എംബസി തന്നെയാണ് വെളിപ്പെടുത്തിയത്. തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് വിവിരം. സോഷ്യല്‍ മീഡിയയില്‍ വ്യാജ വിലാസം സൃഷ്ടിച്ച് നടക്കുന്ന പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ജനങ്ങളെ കബളിപ്പിച്ച് തട്ടിപ്പു നടത്താനാണ് ഇതുപയോഗിക്കുന്നതെന്നും എംബസി പറയുന്നു. ആരെങ്കിലും ഇത്തരത്തില്‍ ആശയവിനിമയം നടത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്താല്‍ പ്രതികരിക്കരുതെന്നും പണം വാഗ്ദാനം ചെയ്യരുതെന്നും എംബസി അറിയിച്ചു.
ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ എംബസിയുമായി ബന്ധപ്പെടണം. എംബസിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതല്ലാത്ത മറ്റു പേജുകളില്‍ നിന്നു വരുന്ന സന്ദേശങ്ങള്‍ വ്യാജമാണ്. അമേരിക്കന്‍ എംബസയില്‍ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങള്‍ സാധാരണ യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ ഔദ്യോഗിക വിലാസമായ @state.gov ്‌യില്‍ നിന്നാണ് വരിക. തട്ടിപ്പു ശ്രമം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഖത്വര്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പു ശ്രമങ്ങളുണ്ടായാല്‍ എംബസിയെ വിവരം അറിയിക്കണമെന്നും വെബ്‌സൈറ്റ് അറിയിപ്പില്‍ പറയുന്നു. ഖത്വറിലെ അമേരിക്കന്‍ അംബാസിഡര്‍ ഡന ഷെല്‍ സ്മിത്തിന് ട്വിറ്ററില്‍ പതിനായിരത്തിലധികം ഫോളോവേഴ്‌സുണ്ട്. തന്റെ പേരില്‍ മറ്റു വിലാസങ്ങളില്‍ നിന്നു വരുന്ന ക്ഷണങ്ങളും സന്ദേശങ്ങളും കരുതിയിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തന്റെവിലാസത്തില്‍ നിന്നും ഏതെങ്കിലും ജോലി വാഗ്ദാനം ചെയ്തുള്ള സന്ദേശം വന്നാല്‍ അത് വ്യാജമാണെന്നു മനസ്സിലാക്കണം. തനിക്ക് ‘ലിങ്ക്ഡ് ഇന്‍’ അക്കൗണ്ട് ഇല്ല. താന്‍ ആരോടും പണം അയക്കാന്‍ ആവശ്യപ്പെടില്ല. സ്മിത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അവര്‍ ഖത്വര്‍ അംബാസിഡറായി ചുമതലയേറ്റത്. പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് പബ്ലിക് അഫയേഴ്‌സ്, ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഫോര്‍ ഇന്റര്‍നാഷനല്‍ മീഡിയ ആയും 2011 മുതല്‍ 2014 വരെ പ്രവര്‍ത്തിച്ചിരുന്നു. ദുബൈയില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റീജ്യനല്‍ അറബിക് ലാംഗ്വേജ് സ്‌പോക്‌പേഴ്‌സന്‍ ആയും പ്രവര്‍ത്തിച്ചു.
എംബസി സേവനങ്ങള്‍ക്കും അമേരിക്കന്‍ പൗരന്‍മാരുടെ സഹായത്തിനുമായി പതിവായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയും എന്തു സഹായത്തിനും സോഷ്യല്‍ മീഡിയയില്‍ ബന്ധപ്പെടാവുന്നതാണെന്ന് സന്ദേശം നല്‍കുകയും ചെയ്യുന്ന സ്മിത്തിന്റെ പ്രവര്‍ത്തന രീതി ചൂഷണം ചെയ്താണ് സൈബര്‍ തട്ടിപ്പു സംഘം വ്യാജ പ്രൊഫൈലുകളുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.