സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

Posted on: November 25, 2015 8:13 pm | Last updated: November 25, 2015 at 8:13 pm
SHARE

ദോഹ: ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കായുള്ള സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ വൈകുന്നേരം ഏഴു വരെ സലത്വ ജദീദ് താരിഖ് ബിന്‍ സിയാദ് ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ക്ലബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ സംയുക്താഭ്യമുഖ്യത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും രക്ഷാകര്‍തൃത്വത്തിലാണ് ക്യാമ്പ്. ആരോഗ്യബോധവത്കരണവും നടക്കും.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ പരിശോധനയും മറ്റു വിദഗ്ധ പരിശോധനകളും കൗണ്‍സിലിംഗും മരുന്നുകളും ലഭിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പി, ഇ സി ജി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, എക്കോ, യൂറിന്‍ ടെസ്റ്റ്, ഗ്ലുക്കോമ ടെസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പില്‍ ഉണ്ടാകും.
ഓര്‍ത്തോപീഡിക് , കാര്‍ഡിയോളജി, സ്‌കിന്‍, ഒപ്താല്‍മോളജി, ഇ എന്‍ ടി ഡെന്റല്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി 150ലധികം ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍, വളണ്ടിയര്‍ തുടങ്ങിയവരുടെ സേവനം ലഭിക്കും. ഉച്ച കഴിഞ്ഞ് 2.30 മുതല്‍ പ്രഗത്ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ നടക്കും. കേള്‍വിക്കുറവ് പരിശോധിക്കാനും അവയവദാന സമ്മത പത്രം നല്‍കാനും രക്തദാനത്തിനും രക്തദാനത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമൊരുക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ഖത്വര്‍ തൊഴില്‍ മന്ത്രാലയം പ്രൈവറ്റ് അസോസിയേഷന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ നാജി അബ്ദുര്‍റബ്ബ് അല്‍ അജ്ജി നിര്‍വഹിക്കും. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ. സിംഗ് സംബന്ധിക്കും. പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷന്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മറിയം യാസീന്‍ അല്‍ഹമ്മാദി, ഉരീദു കമ്മ്യൂണിറ്റി റിലേഷന്‍സ് മാനേജര്‍ മനാര്‍ ഖലീഫ അല്‍ മുറൈഖി, ഖത്വര്‍ ചാരിറ്റി പ്രതിനിധി അലി അല്‍ഗുറൈബ്, ഐ എം എ ഖത്വര്‍- ഐ ഡി സി പ്രസിഡന്റ് ഡോ. സമീര്‍ മൂപ്പന്‍, മുഹമ്മദ് ഖുതുബ്, സി എച്ച് നജീബ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.