ക്യൂബയില്‍ രണ്ട് ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തും

Posted on: November 25, 2015 8:11 pm | Last updated: November 25, 2015 at 8:11 pm
SHARE
ഹവാന റവല്യൂഷന്‍ പാലസില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നു.  ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സമീപം
ഹവാന റവല്യൂഷന്‍ പാലസില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നു.
ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സമീപം

ദോഹ: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ക്യൂബയില്‍ ഖത്വര്‍ രണ്ട് ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തും. ഖത്വര്‍- ക്യൂബ ബന്ധത്തില്‍ പുതിയ യുഗപ്പിറവിക്ക് നാന്ദികുറിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നടത്തുന്ന സന്ദര്‍ശനത്തിനിടെ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതടക്കമുള്ള നിരവധി വിഷയങ്ങളില്‍ ധാരണയായത്. വിവിധ കരാറുകളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍ക്കും സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും വിസ വേണ്ടെന്നും തീരുമാനമായി. പുതിയ വിമാന സര്‍വീസ്, കായിക രംഗത്തെ പരസ്പര സഹകരണം എന്നിവക്കും ധാരണാപത്രം ഒപ്പിട്ടുണ്ട്.
റവല്യൂഷന്‍ പാലസില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഖത്വര്‍ അമീര്‍, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ചര്‍ച്ച നടത്തി. പാലസില്‍ അമീറിന് ഔദ്യോഗിക വരവേല്‍പ്പ് ലഭിച്ചു. ഖത്വര്‍ നാഷനല്‍ ബേങ്കിന്റെ ഓഫീസ് ഹവാനയില്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. പരസ്പര സഹകരണത്തിനും നയതന്ത്രബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനെ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രത്യേകിച്ച് സാമ്പത്തികം, ആരോഗ്യം, വാണിജ്യം, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണവും വികസനവുമാണ് ചര്‍ച്ചാവിധേയമായത്. ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ക്യൂബന്‍ വാണിജ്യ, വിദേശ നിക്ഷേപ മന്ത്രാലയവും നിക്ഷേപമേഖലയിലെ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു. ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും വിദേശ വാണിജ്യ, വിദേശ നിക്ഷേപ മന്ത്രി റോഡ്രിഗോ മാല്‍മീര്‍ഷയും ഖത്വര്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയും ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സി ഇ ഒ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയുമാണ് ഒപ്പുവെച്ചത്.
അന്താരാഷ്ട്ര, മേഖലാതലങ്ങളിലെ സമകാലീന സംഭവവികാസങ്ങള്‍ ഇരു നേതാക്കളും വിശകലനം ചെയ്തു. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രധാനമായും ഫലസ്തീന്‍ ആണ് ചര്‍ച്ച ചെയ്തത്. പശ്ചിമേഷ്യയില്‍ നീതിയുക്തവും സമാധാനപരവുമായ പരിഹാരം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ത്വരിതമാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
റൗള്‍ കാസ്‌ട്രോ ഒരുക്കിയ ഉച്ചവിരുന്നിലും അമീര്‍ പങ്കെടുത്തു. അമീറിനൊപ്പം നിരവധി വ്യവസായ പ്രമുഖരും മറ്റുമടങ്ങുന്ന പ്രതിനിധി സംഘവും വിരുന്നില്‍ പങ്കെടുത്തു. നിരവധി ക്യൂബന്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 1989 മുതലുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായാണ് അമീറിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനം. അടുത്ത ദിവസം അദ്ദേഹം വെനസ്വേല സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here