Connect with us

Ongoing News

നഗരത്തില്‍ തീപിടുത്തമുണ്ടാകുമ്പോള്‍

Published

|

Last Updated

കഴിഞ്ഞ ദിവസം ദുബൈ നഗരത്തില്‍ മെട്രോ പച്ചപ്പാതക്കു സമീപം മുറഖബാത് പോലീസ് സ്റ്റേഷനു മുന്‍വശത്തെ അല്‍ ശംസി കെട്ടിടത്തിലുണ്ടായ തീപിടുത്തം ജനജീവിതത്തെ സാരമായി ബാധിച്ചുവെന്നു പറയാം. ഏറെയും ഊഹാപോഹങ്ങളാണ് ഇതിനിടവരുത്തിയത്. ജോലി കഴിഞ്ഞ് മെട്രോ ട്രെയിനില്‍ വീടണയുന്ന ആയിരങ്ങള്‍ പാതിവഴിയിലായി. മുന്‍കരുതലിന്റെ ഭാഗമായി പച്ചപ്പാതയില്‍ യൂണിയനും അബൂ ഹൈലിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ മാത്രമേ റദ്ദാക്കപ്പെട്ടിരുന്നുള്ളൂ. ചുകപ്പുപാതയും പച്ചപ്പാതയുടെ മറ്റു ഭാഗങ്ങളും സുഗമമായി പ്രവര്‍ത്തിച്ചു. മെട്രോ സര്‍വീസ് പൂര്‍ണമായും തടസപ്പെട്ടുവെന്ന നിലയിലായിരുന്നു പരസ്പര സംസാരം. സാധാരണ മെട്രോകളില്‍ യാത്ര ചെയ്യുന്നവര്‍ ബസുകളെയും ടാക്‌സികളെയും ആശ്രയിച്ചു. ഇതോടെ റോഡുകളില്‍ ഗതാഗതക്കുരുക്ക്. തീപിടുത്തമുണ്ടായത് നഗരത്തിന്റെ പ്രധാന ഭാഗത്താണ്. സലാഹുദ്ദീന്‍ റോഡ് അടച്ചിടേണ്ടിവന്നു. പൊടുന്നനെ നൂറുകണക്കിന് വാഹനങ്ങള്‍ ഗതിതിരിച്ചുവിട്ടു. താരതമ്യേന തിരക്കുകുറഞ്ഞ വഴികളിലും ഗതാഗതക്കുരുക്കായി. സിവില്‍ ഡിഫന്‍സും പോലീസും ആര്‍ ടി എയും ഉണര്‍ന്നുപ്രവര്‍ത്തിച്ചതിനാല്‍ വലിയ പ്രയാസം അനുഭവപ്പെട്ടില്ല. തീപിടിച്ച കെട്ടിടത്തിനു സമീപം പെട്രോള്‍ പമ്പുണ്ടായിരുന്നു. ക്രൗണ്‍ പ്ലാസ ഹോട്ടലും. ഇവയിലേക്ക് തീ പടരാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് കിണഞ്ഞുശ്രമിച്ചു. കെട്ടിടത്തിനകത്ത് ധാരാളം പാചകവാതക സിലിണ്ടറുകളുണ്ടായിരുന്നതിനാല്‍ അവ പൊട്ടിത്തെറിച്ചത് മറ്റൊരു വെല്ലുവിളി. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാല്‍ അഗ്നിശമന സേനക്ക് പല ഭാഗത്തേക്കും ശ്രദ്ധ ചെലുത്തേണ്ടിവന്നു. നിരവധി യൂണിറ്റുകളുടെ സേവനം തേടേണ്ടിവന്നു.
കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ ജീവന്‍ പണയപ്പെടുത്തിയാണ് രക്ഷപ്പെടുത്തിയത്.
മെട്രോ സ്റ്റേഷനുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഫീഡര്‍ ബസുകള്‍ ആശ്വാസമായി. സ്ത്രീകളാണ് ഏറെ വലഞ്ഞത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് എത്താന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ബസുകളില്‍ കനത്ത തിരക്കിലാണ് പലരും യാത്ര ചെയ്തത്. ഊഹാപോഹം പ്രചരിക്കുന്നത് ആയിരങ്ങളെയാണ് ആശങ്കയിലാഴ്ത്തുന്നതെന്ന് സംഭവം തെളിയിച്ചു.
തീപിടുത്തം തടയുക എളുപ്പമല്ല. ആളുകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്‍ ശംസി കെട്ടിടത്തിനകത്ത് ബാര്‍ബക്യുവില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ഇത്തരം അവിവേകങ്ങള്‍ ആവര്‍ത്തിച്ചുകൂടാ. മാത്രമല്ല, അഗ്‌നിശമന സേനയോടും പോലീസിനോടും പരമാവധി സഹകരിക്കണം. ഫോട്ടോ എടുക്കാന്‍ കൂട്ടംകൂടി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് തലവേദനയാണ്.

Latest