ഇന്നു മാത്രമല്ല, എന്നും യമനിനെ പിന്തുണക്കും-ജനറല്‍ ശൈഖ് മുഹമ്മദ്‌

Posted on: November 25, 2015 7:03 pm | Last updated: November 25, 2015 at 7:03 pm
SHARE
അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍  മാരിബ് ഗോത്രത്തലവനോടൊപ്പം
അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മാരിബ് ഗോത്രത്തലവനോടൊപ്പം

അബുദാബി: ഇന്നു മാത്രമല്ല എന്നും യു എ ഇയുടെ പിന്തുണ യമന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉണ്ടാവുമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി.
യമന്‍ അഭിമുഖീകരിക്കുന്ന നിലവിലെ പ്രതിസന്ധികളെ ധീരമായി നേരിടാനുള്ള കരുത്ത് ആ ജനതക്കുണ്ട്. യുദ്ധം അവസാനിച്ചാല്‍ രാജ്യത്തിന്റെ പുനരുദ്ധാരണത്തിലും യു എ ഇ പ്രധാന പങ്കുവഹിക്കും. മആരിബ് ഗോത്രത്തലവനെയും മറ്റ് പ്രമുഖരെയും അല്‍ ശാത്തി കൊട്ടാരത്തില്‍ സ്വീകരിക്കവേയാണ് ജനറല്‍ ശൈഖ് മുഹമ്മദ് രാജ്യത്തിന്റെ നിലപാട് വെളിപ്പെടുത്തിയത്. മആരിബ് ഗവര്‍ണര്‍ സുല്‍ത്താന്‍ ബിന്‍ അലി അല്‍ അറാദ, മആരിബ് വിമോചന സേനാ കമാന്റര്‍ ബ്രിഗേഡിയര്‍ മുസ്സല്ലം അല്‍ റാശിദിയും യമനി സംഘത്തിലുണ്ടായിരുന്നു. ഹൂത്തികള്‍ക്കെതിരായി ധീരമായ പോരാട്ടമാണ് യമനില്‍ മആ രിബ് വിമോചന സേന നടത്തുന്നത്. യമനിലെ സഹോദരന്മാര്‍ക്കായി രക്തംചിന്താന്‍ യു എ ഇ സന്നദ്ധമാണെന്ന ശക്തമായ നിലപാടാണ് ജനറല്‍ ശൈഖ് മുഹമ്മദ് യമനി സംഘത്തിന് നല്‍കിയത്. ഇന്നും നാളെയും യമനി ജനതക്കൊപ്പം യു എ ഇ നിലകൊള്ളും. നിലവിലെ പ്രശ്‌നങ്ങളും അസ്വസ്ഥതകളും അവസാനിക്കട്ടെയെന്നും യമനില്‍ സ്ഥിരതയും സമ്പല്‍സമൃദ്ധിയും ഉണ്ടാവട്ടെയെന്നും ശൈഖ് മുഹമ്മദ് ആശംസിച്ചു. സഊദി അറേബ്യയുടെ കീഴില്‍ ഓപറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പ് എന്ന പേരിലാണ് വിമത സൈന്യമായ ഹൂത്തികളെ തുരത്താന്‍ പോരാട്ടം തുടരുന്നത്. യമന്റെ പരമാധികാരം തിരിച്ചുപിടിക്കാനായാണ് യു എ ഇ ഉള്‍പെടെയുള്ള രാജ്യങ്ങള്‍ ഓപറേഷന്‍ റെസ്‌റ്റോറിംഗ് ഹോപ്പില്‍ പങ്കാളികളാവുന്നത്. സഹോദര രാജ്യങ്ങള്‍ കഷ്ടത അനുഭവിക്കുന്ന ഘട്ടങ്ങളിലെല്ലാം യു എ ഇ സഹായമായി നിലകൊണ്ടിട്ടുണ്ട്. യമന്‍ പ്രശ്‌നത്തില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിന് കീഴില്‍ യമനികളെ സഹായിക്കുന്ന നിലപാടാണ് യു എ ഇ സ്വീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here