പാനായിക്കുളം സിമി ക്യാമ്പ് കേസ്: അഞ്ച് പേര്‍ കുറ്റക്കാര്‍; 11 പേരെ വെറുതെ വിട്ടു

Posted on: November 25, 2015 12:12 pm | Last updated: November 26, 2015 at 10:32 am

PANAYIKKULAMകൊച്ചി: പാനായിക്കുളം സിമി രഹസ്യ ക്യാമ്പ് സംഘടിപ്പിച്ചതായ കേസിലെ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം എന്‍ ഐ എ പ്രത്യേക കോടതി കണ്ടെത്തി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ മറ്റ് 11 പ്രതികളെ വെറുതെ വിട്ടു.
ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി എ ശാദുലി (33), ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി (34), ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശേരി വീട്ടില്‍ അബ്ദുര്‍റാസിക് (36), പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസുമോന്‍ എന്ന നിസാമുദ്ദീന്‍ (34), ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് (30) എന്നിവരെയാണ് പ്രത്യേക എന്‍ ഐ എ കോടതി ജഡ്ജി കെ എം ബാലചന്ദ്രന്‍ കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് വാദം കേട്ടശേഷം പ്രഖ്യാപിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം 10 (എ) (2) വകുപ്പനുസരിച്ച് പങ്കാളിയാകുക, 13 (1) (ബി) വകുപ്പ് പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കല്‍, നേതൃത്വം നല്‍കല്‍, ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി പ്രകാരം ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിഞ്ഞത്. ഇതിന് പുറമെ അബ്ദുര്‍റാസിക്, അന്‍സാര്‍ നദ്‌വി എന്നിവര്‍ക്കെതിരെ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റവും തെളിഞ്ഞിട്ടുണ്ട്.
തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍ (37), എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം (28), ഉടുമ്പന്‍ചോല പൂപ്പാറ മുണ്ടികുന്നേല്‍ നിസാര്‍ (33), കോതമംഗലം പല്ലാരിമംഗലം ഉള്ളിയാട്ട് വീട്ടില്‍ മുഹ്‌യിദ്ദീന്‍കുട്ടി എന്ന താഹ (39), പറവൂര്‍ വയലക്കാട് കാട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (27), എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്‌കര്‍ (35), എറിയാട് എട്ടുതെങ്ങിന്‍പറമ്പില്‍ നിസാര്‍ എന്ന മുഹമ്മദ് നിസാര്‍ (40), പാനായിക്കുളം മാടത്തില്‍ വീട്ടില്‍ ഹാഷിം (27), തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ റിയാസ് (31), പെരുമ്പാവൂര്‍ മുടിക്കല്‍ കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം (29), ഉളിയന്നൂര്‍ വെട്ടുവേലില്‍ വീട്ടില്‍ നിസാര്‍ (29) എന്നിവരെയാണ് വെറുതെ വിട്ടത്. പരിപാടിയില്‍ കേള്‍വിക്കാരായിരുന്ന ഇവര്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിലേര്‍പ്പെട്ടതായി സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് നട പടി.
കുറ്റക്കാരായി കണ്ടെത്തിയ ഷാദുലി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവര്‍ക്കെതിരെ എന്‍ ഐ എ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നെങ്കിലും സാക്ഷിമൊഴികളില്ലാത്തതിനാല്‍ ഒഴിവാക്കി. കേസിലെ 13ാം പ്രതിയായ ഈരാറ്റുപേട്ട പുഴക്കരയില്‍ വീട്ടില്‍ സ്വാലിഹിന് കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയാണ് ഒഴിവാക്കിയത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദവും കേട്ട് ഇന്ന് മൂന്നിനാണ് ശിക്ഷ പ്രഖ്യാപിക്കുക.
2006ലെ സ്വാതന്ത്ര്യദിനത്തില്‍ ‘സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ ചര്‍ച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. യോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ അന്നത്തെ ബിനാനിപുരം എസ് ഐ. കെ എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 18 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഘുലേഖകളും സിമിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പിടിച്ചെടുത്തതായും അന്വേഷണ സംഘം കോടതിയില്‍ വിശദീകരിച്ചു.
കേസില്‍ 55 സാക്ഷികളെ പ്രോസിക്യുഷന്‍ കോടതിയില്‍ വിസ്തരിച്ചു. ശാദുലി, അന്‍സാര്‍ നദ്‌വി എന്നിവര്‍ അഹമ്മദാബാദ് സ്‌ഫോടന കേസില്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിചാരണ നേരിട്ടത്. കുറ്റക്കാരായി കണ്ടെത്തിയ ഇരുവരെയും വിയ്യൂര്‍ ജയിലിലേക്കും മറ്റ് മൂന്ന് പേരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി.