Connect with us

Palakkad

ഭീകരവാദം ദിനംപ്രതി ശക്തമാകുന്നതിന് കാരണം കേന്ദ്ര സര്‍ക്കാറിന്റെ സമീപനം: ബിനോയ് വിശ്വം

Published

|

Last Updated

പാലക്കാട്: ഇന്ത്യയില്‍ ഇന്ന് നടക്കുന്ന കലാപങ്ങളില്‍ അധികവും വര്‍ഗീയതയുടെ മേലങ്കിയണിഞ്ഞാണ് നടക്കുന്നതെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തെക്കാള്‍ ദിനംപ്രതി ശക്തമാകുന്നതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങളാണെന്നും സി പി ഐ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു.
വര്‍ഗീയവാദികളാല്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രയിലെ സി പി ഐ നേതാവ് ഗോവിന്ദ് പന്‍സാരെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സി പി ഐ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡിനു സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ മേലങ്കിയണിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ തടയുവാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കോ മോദിക്കോ കഴിയാതെ വരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭീകരവാദത്തിനെതിരെ പോരാടിയ ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഗോവിന്ദ് പന്‍സാരെ എന്നും മരിക്കുന്നതുവരെ കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച അദ്ദേഹം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രിയങ്കരനായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ഗോവിന്ദ്പന്‍സാരെ രചിച്ച “ശിവജി കോണ്‍ ഹോത്താഹെ” എന്ന കൃതിയുടെ മലയാള പരിഭാഷ “ശിവജി ആരായിരുന്നു” എന്ന പേരില്‍ പ്രഭാത് ബുക്‌സ് പരിഭാഷപ്പെടുത്തിയതിന്റെ പ്രകാശനം പ്രൊഫ പി എ വാസുദേവന് നല്‍കി അദ്ദേഹം നിര്‍വ്വഹിച്ചു. യോഗത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് അധ്യക്ഷതവഹിച്ചു.
സി പി ഐ സംസ്ഥാന എക്‌സി. അംഗം വി ചാമുണ്ണി, പ്രൊഫ പി എ വാസുദേവന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, വിജയന്‍കുനിശ്ശേരി സംസാരിച്ചു.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ കൃഷ്ണന്‍കുട്ടി സ്വാഗതവും അസി സെക്രട്ടറി ടി സിദ്ധാര്‍ഥന്‍ നന്ദിയും പറഞ്ഞു.