ഗതാഗത വകുപ്പിന്റെ ആറ് പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം

Posted on: November 25, 2015 10:11 am | Last updated: November 25, 2015 at 10:11 am
SHARE

കോഴിക്കോട്: വാഹന ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് 5.99 കോടി ചെലവിട്ട് നടപ്പാക്കിയ ഇ സുരക്ഷാ പദ്ധതിക്ക് തുടക്കമായി. ആറ് പദ്ധതികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഡ്രൈവിംഗ് പരിശീലനത്തിന്റെ പരിമിതികള്‍ മറി കടക്കാന്‍ സഹായകരമാകുന്ന ഡ്രൈവിംഗ് സിമുലേറ്ററാണ് ഉദ്ഘാടനം ചെയ്ത ഒരു പദ്ധതി. 42 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
റോഡുകളില്‍ നേരിടാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഈ സംവിധാനമുപയോഗിച്ച് പരിചയപ്പെടാന്‍ സാധിക്കും.4.27 കോടി ചെലവഴിച്ച് രാമനാട്ടുകര മുതല്‍ ചോമ്പാല വരെ എട്ടു കേന്ദ്രങ്ങളിലായി സ്ഥാപിച്ച 39 ക്യാമറകളും മന്ത്രി ഉദ്ഘാടനം ചെയ്തു.റോഡപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രധാന കാരണമായ അമിത വേഗത നിയന്ത്രിക്കാന്‍ ഹൈവെകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കൊണ്ട് സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ സിവില്‍ സ്റ്റേഷനില്‍ ആര്‍ ടി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റിനുള്ള കേന്ദ്രം ആധുനിക രീതിയില്‍ ക്രമീകരിച്ച് ആരംഭിക്കുന്ന ആധുനിക കാള്‍സ് സെന്റര്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 42 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ഒരേ സമയം 15 പേര്‍ക്ക് പരീക്ഷ എഴുതാനും 100 ലധികം പേര്‍ക്ക് കാത്തിരിക്കാനുള്ള സൗകര്യവും സെന്ററിലുണ്ട്. 16 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച രണ്ടാമത്തെ ടെസ്റ്റിംഗ് ട്രാക്ക് മന്ത്രി ഉദ്ഘാടനെ ചെയ്തു. ആര്‍ ടി ഓഫീസില്‍ ഏര്‍പ്പെടുത്തുന്ന ഇ പേയ്‌മെന്റ് സൗകര്യവും മന്ത്രി ഉദ്ഘാടനം ചെയ്തു.
വേകളില്‍ സ്ഥാപിച്ച ക്യാമറകളിലൂടെ കണ്ടെത്തുന്ന കുറ്റങ്ങള്‍ക്കുള്ള പിഴയും ഇ പെയ്‌മെന്റ് വഴി അടക്കാം. വാഹന വകുപ്പ് ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണിലൂടെ ഒരേ ഡയല്‍ട്യൂണ്‍ ഏര്‍പ്പെടുത്തിയതിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. ചേവായൂര്‍ ട്രെസ്റ്റിംഗ് ഗ്രൗണ്ടിന്റെ വിപുലീകരണം സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഇതിനാവശ്യമായ മൂന്ന് ഏക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ പണം നോക്കാതെ തന്നെ ഇത് സംബന്ധിച്ച് നടപടിയുണ്ടാകും. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് ഇത് നടപ്പാക്കാനാകും. എന്നാല്‍ സ്ഥലമാണ് പ്രധാനം.
വാഹന ഗതാഗത വകുപ്പിന്റെ ആധുനിക വത്ക്കരണം സംബന്ധിച്ച് വകുപ്പ് തീവ്ര ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ചാത്തമംഗലം ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ സ്ത്രീ സൗഹൃദ ഇ ടോയ്‌ലെറ്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എ പ്രദീപ്കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്‍, ഡപ്യൂട്ടി കമ്മീഷണര്‍ ബി ജെ ആന്റണി,രാജീവ് പുത്തലത്ത് പ്രസംഗിച്ചു. കാസര്‍കോട് ആര്‍ ടി ഒ സാദിഖ് അലി ക്ലാസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here