Connect with us

International

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ നിരപരാധികളുടെ മരണം കൂടുന്നു

Published

|

Last Updated

സിറിയയിലെ യു എസ് ആക്രമണം(ഫയല്‍ ചിത്രം)

ദമസ്‌കസ്: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസില്‍ വിരുദ്ധ യുദ്ധത്തിനിടെ കൊല്ലപ്പെട്ട നിരപരാധികളുടെ എണ്ണം 250 കവിഞ്ഞു. ഇതുവരെ 3952 പേര്‍ കൊല്ലപ്പെട്ടെന്നും ഇവരില്‍ 250 ലധികം പേര്‍ സാധാരണക്കാരാണെന്നും സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ഈ മാസം 23 വരെയുള്ള കണക്കാണിത്. കൊല്ലപ്പെട്ട 250 നിരപരാധികളില്‍ എട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം 66 ആണ്. 18 വയസ്സിന് മുകളിലുള്ള കൗമാരക്കാരുടെ എണ്ണം 44 ഉം ആണ്. ഇസില്‍ വിരുദ്ധ യുദ്ധത്തില്‍ പങ്കെടുക്കുന്ന മൊത്തം രാജ്യങ്ങളുടെ എണ്ണം 64 ആയി. നേരത്തെ ഇത് 28 ആയിരുന്നു.
ഹമ, അലപ്പോ, ഹോംസ്, ഹസാക, റാഖ, ദൈര്‍ അസ്സോര്‍ എന്നിവിടങ്ങളിലായി നടത്തിയ വ്യോമാക്രമണങ്ങളില്‍ 3547 ഇസില്‍ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍നുസ്‌റ ഫ്രണ്ടില്‍പ്പെട്ട 136 പേര്‍ക്കും വ്യോമാക്രമണങ്ങളില്‍ ജീവഹാനി സംഭവിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.
നിരപരാധികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തെ വിവിധ മനുഷ്യാവകാശ സമിതികള്‍ പരാതി പറയുന്നുണ്ടെങ്കിലും ഇത് ഗൗരവത്തിലെടുക്കാന്‍ ആരും മുന്നോട്ടുവന്നിട്ടില്ല. നിരപരാധികളുടെ മരണത്തെ കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം.
ഇത് വരെ ഒരു കേസിനെ കുറിച്ച് മാത്രമാണ് അന്വേഷണം പൂര്‍ത്തിയായത്. 2014 നവംബര്‍ അഞ്ചിന് ഹാരിം നഗരത്തില്‍ നടന്ന യു എസ് വ്യോമ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ കുറിച്ചാണ് അന്വേഷണം പൂര്‍ത്തിയായതെന്ന് ഒരു പ്രസ്താവനയില്‍ സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു. എത്ര ഇസില്‍ തീവ്രവാദികളെ വധിച്ചുവെന്നത് സംബന്ധിച്ച് ഇവരുടെ കൈവശം കൃത്യമായ രേഖകളൊന്നുമില്ല. എന്നാല്‍ നവംബര്‍ 13 മുതല്‍ 16,075 കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വ്യോമാക്രമണം നടന്നതായി സ്ഥിരീകരിക്കുന്നുമുണ്ട്. അടുത്തിടെ പാരീസില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി സിറിയയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണങ്ങളിലും നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നു.

Latest