ജോണ്‍ കെറി ഇസ്‌റാഈലില്‍

Posted on: November 25, 2015 5:07 am | Last updated: November 25, 2015 at 12:08 am

john_kerry--621x414ജറൂസലം: ഒരു വര്‍ഷത്തിലേറെയുള്ള ഇടവേളക്ക് ശേഷം അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറി ഇസ്‌റാഈലില്‍ സന്ദര്‍ശനത്തിനെത്തി. ഒബാമയുടെ ആവസാന വര്‍ഷ ഭരണത്തില്‍ ഫലസ്തീനും ഇസ്‌റാഈലും തമ്മിലുള്ള സമാധാന ശ്രമങ്ങളില്‍ പ്രതീക്ഷ കെടുത്തിക്കൊണ്ട് അരങ്ങേറുന്ന പുതിയ അക്രമ സംഭവങ്ങള്‍ക്കിടെയാണ് കെറിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന് പിന്നില്‍ വലിയ അജന്‍ഡകളൊന്നുമില്ലെങ്കിലും തീവ്രവാദം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് കെറി സമ്മതിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും മന്ത്രിമാരേയും കണ്ട് ചര്‍ച്ച നടത്തിയ ശേഷം വെസ്റ്റ് ബാങ്കിലേക്ക് യാത്ര തിരിക്കുന്ന കെറി അവിടെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചര്‍ച്ച നടത്തും. ഇരു ഭാഗത്തോടും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ കെറി ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.
ഭാവി രാജ്യം മുന്നില്‍ കണ്ടുകൊണ്ട് ഇസ്‌റാഈല്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെക്കാന്‍ കെറി ആവശ്യപ്പെട്ടേക്കും. ഇത് ഫലസ്തീനികളെ സംഘര്‍ഷത്തിലേര്‍പ്പെടുന്നത് അവസാനിപ്പിക്കാന്‍ പ്രചോദനമാകും. കെറിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വെസ്റ്റ് ബാങ്കില്‍ ഒരു ഫലസ്തീനിയന്‍ ഇസ്‌റാഈല്‍ സൈനികനെ കുത്തിപ്പരുക്കേല്‍ക്കിപ്പിച്ചു. തുടര്‍ന്ന് ഫലസ്തീന്‍കാരനെ സുരക്ഷാ സേന കൊലപ്പെടുത്തുകയും ചെയ്തു. ജറുസലമില്‍ കൗമാരക്കാരികളായ രണ്ട് ഫലസ്തീന്‍ പെണ്‍കുട്ടികള്‍ 70കാരനായ ഫലസ്തീനിയെ അക്രമിച്ചു. ഇയാള്‍ ഇസ്‌റാഈല്‍കാരനാണെന്ന് കരുതിയാണ് പെണ്‍കുട്ടികള്‍ ഇയാളെ അക്രമിച്ചതെന്ന് ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു.