ഓണ്‍ലൈന്‍ പെണ്‍വാണിഭം: സ്ത്രീകളെ വിദേശത്തേക്കും കടത്തി

Posted on: November 25, 2015 6:00 am | Last updated: November 25, 2015 at 12:06 am
SHARE

online sex maphiaതിരുവനന്തപുരം: ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിന്റെ മറവില്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തിയിരുന്നുവെന്ന് പോലീസ്. അഞ്ച് സ്ത്രീകളെയാണ് കേസിലെ മുഖ്യപ്രതി അക്ബര്‍ ഗള്‍ഫിലേക്ക് കടത്തിയത്. രണ്ട് മാസം മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയായിരുന്നു ഇത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഇതിനായി അഭിമുഖം നടത്തിയെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.
രണ്ട് മാസം മുമ്പാണ് കേരളത്തില്‍ നിന്ന് അവസാനമായി ദുബൈ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് യുവതികളെ കടത്തിയത്. നെടുമ്പാശേരി വഴിയായിരുന്നു അക്ബറും അച്ചായനെന്നു വിളിക്കുന്ന ജോഷിയുടെ മകന്‍ ജോയ്‌സിയും ചേര്‍ന്ന് മനുഷ്യക്കടത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരുന്നത്. വിദേശത്തെ സെക്‌സ് റാക്കറ്റുകളുമായി ചേര്‍ന്നായിരുന്നു സ്ത്രീകളെ കടത്തിയിരുന്നത്. അറബിമാരുള്‍പ്പെടെയുള്ളവര്‍ ഇത്തരം ശൃംഖലകളുടെ ഭാഗമാണ്. മൂന്ന്മാസത്തെ വിസിറ്റിംഗ് വിസയിലാണ് ഇവരെ ഗള്‍ഫിലേക്ക് കടത്തിയിരുന്നതെന്നും ചോദ്യം ചെയ്യലില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നതായി നേരത്തെ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ഇത്തരത്തില്‍ കടത്തിയിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.
അതേസമയം, സംഘത്തിന്റെ ഫേസ്ബുക്കും ചാറ്റും മറ്റ് സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്തതിരുന്നത് അറസ്റ്റിലായ അച്ചായന്‍ എന്ന ജോഷിയുടെ സഹായിയായ അനൂപാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയ്യാറാക്കിയത് ബേങ്ക് ജീവനക്കാരന്‍ കൂടിയായ അനൂപാണ്. ചേര്‍ത്തല മുതല്‍ കോഴിക്കോട് വരെ സ്ത്രീകളെ കൂട്ടികൊടുത്തിരുത്തിരുന്നത് അച്ചായനാണ്. രാഹുല്‍ പശുപാലനും രശ്മിയുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ക്ക് അടുപ്പമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആലുവയിലെ റിസോര്‍ട്ടില്‍ റെയ്ഡ് സമയത്ത് പോലീസനെ ഇടിച്ചിട്ട് കാറുമായി കടന്നത് അച്ചായന്‍ അല്ലെന്ന് പോലീസ് പറയുന്നു. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റു ചിലരാണ് കാറിലുണ്ടായിരുന്നത്. രക്ഷപ്പെട്ട സ്ത്രീകള്‍ മുബീനയും വന്ദനയുമാണെന്ന് സ്ഥിരീകരിച്ചെങ്കിലും അവരെ പിടികൂടാനായിട്ടില്ല. രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഉള്‍പ്പെടെയുള്ള പ്രതികളെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിച്ചു. അനൂപിന്റെ സഹായത്തോടെ ജോഷി പെണ്‍വാണിഭത്തിനായി ഉപയോഗിച്ചുവന്ന ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here