Connect with us

Alappuzha

സമത്വമുന്നേറ്റ യാത്രക്ക് പിന്തുണ: യോഗക്ഷേമ സഭയില്‍ അഭിപ്രായഭിന്നത രൂക്ഷം

Published

|

Last Updated

ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്ക് ഹിന്ദു സംഘടനകളുടെ മുഴുവന്‍ പിന്തുണയുണ്ടെന്ന അവകാശവാദം പൊളിയുന്നു. യാത്രാപോസ്റ്ററില്‍ ചിത്രം നല്‍കിയിട്ടുള്ള യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് സംഘടനയില്‍ ആലോചിക്കാതെ തന്നിഷ്ടപ്രകാരം യാത്രക്ക് പിന്തുണ നല്‍കിയതിനെ ചൊല്ലി യോഗക്ഷേമ സഭയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനെതിരെ വിവിധ ജില്ലാ കമ്മിറ്റികള്‍ പരസ്യമായി രംഗത്തുവന്നത് സംഘടനയെ പിളര്‍പ്പിലേക്ക് നയിച്ചേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാളിദാസ ഭട്ടതിരിപ്പാടിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യോഗക്ഷേമസഭ ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് പ്രസിഡന്റെന്ന് ജില്ലാ സെക്രട്ടറി പി എന്‍ കൃഷ്ണന്‍ പോറ്റി കുറ്റപ്പെടുത്തി. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി അടിയന്തരമായി ഇടപെടണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതേ നിലപാട് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സ്വീകരിച്ചിട്ടുണ്ട്. വിശാല ഹിന്ദു ഐക്യത്തോട് യോഗക്ഷേമസഭക്ക് യോജിപ്പാണെങ്കിലും വെള്ളാപ്പള്ളി നയിക്കുന്ന സമത്വമുന്നേറ്റ യാത്രയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു അരീക്കര പറയുന്നു. കാളിദാസ ഭട്ടതിരിപ്പാട് തന്നിഷ്ടപ്രകാരം യാത്രയില്‍ പങ്കെടുക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയുമായി സഹകരിക്കേണ്ടതില്ലെന്ന് അഖില കേരള ധീവരസഭ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി വി ദിനകരന്‍ അറിയിച്ചു. സമത്വ മുന്നേറ്റയാത്ര കേരളത്തിലെ സാമുദായിക സംവരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന 106 പട്ടികജാതി-വര്‍ഗങ്ങളോടും 81 പിന്നാക്ക സമുദായങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ധീവര സമുദായാംഗങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പല പേരുകളില്‍ മാറിമാറി പ്രസ്താവന നടത്തുന്ന ചിലര്‍ ധീവരസഭയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നും ദിനകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. സമത്വ മുന്നേറ്റ യാത്രാ പോസ്റ്ററില്‍ ചിത്രമുള്ള കെ പി എം എസ് നേതാവ് സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും ആക്ഷേപമുണ്ട്.

---- facebook comment plugin here -----

Latest