ക്ലാസ് മുറിയില്‍ ബിയര്‍ കുടിച്ചതിന് നാല് വിദ്യാര്‍ഥിനികളെ പുറത്താക്കി

Posted on: November 25, 2015 12:03 am | Last updated: November 25, 2015 at 12:03 am
SHARE

beerനാമക്കല്‍: ക്ലാസ് മുറിയിലിരുന്ന് ബിയര്‍ കുടിച്ചതിന് തമിഴ്‌നാട്ടില്‍ നാല് പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് മദ്യപിച്ചതിന് പുറത്താക്കിയത്. മുഖ്യ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
കനത്ത മഴയെ തുടര്‍ന്ന് ഈ മാസം 16ന് പ്രധാനാധ്യാപിക സ്‌കൂളിന് അവധി നല്‍കിയിരുന്നു. അന്ന് നടക്കാനിരുന്ന മുഴുവന്‍ പരീക്ഷകളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, 11ാം ക്ലാസ് കമ്പ്യൂട്ടര്‍ സയന്‍സിലെയും ബിസിനസ് മാത്തമറ്റിക്‌സിലെയും എട്ട് വിദ്യാര്‍ഥിനികള്‍ അവരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കാ ന്‍ ക്ലാസ് മുറിയില്‍ ഒത്തുകൂടുകയായിരുന്നു. ഒഴിഞ്ഞ ശീതളപാനീയ കുപ്പിയില്‍ ബിയര്‍ നിറച്ച് കൊണ്ടുവന്ന് ഇവര്‍ ക്ലാസ് മുറിയില്‍ വെച്ച് കുടിക്കുകയായിരുന്നുവെന്നാണ് ക്ലാസ് ടീച്ചര്‍ പറയുന്നത്. എട്ട് വിദ്യാര്‍ഥിനികളില്‍ നാല് പേരെ പിന്നീട് മദ്യപിച്ച നിലയില്‍ ക്ലാസ് ടീച്ചര്‍ കണ്ടെത്തുകയായിരുന്നു. ഈ വിവരം അവര്‍ പ്രധാനാധ്യാപികയെ ധരിപ്പിച്ചു.
സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി നടത്തിയ പരിശോധനയില്‍ നാല് പേരും മദ്യപിച്ചുവെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രധാനാധ്യാപിക അന്വേഷണ സമിതിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കുകയും ചെയ്തു. എട്ട് വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്ത സമിതി നാല് വിദ്യാര്‍ഥിനികള്‍ മദ്യപിച്ചതായുള്ള റിപ്പോര്‍ട്ട് പ്രധാനാധ്യാപികക്ക് നല്‍കി. ഈ റിപ്പോര്‍ട്ട് അവര്‍ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിനികളെ പുറത്താക്കാനുള്ള നിര്‍ദേശം അദ്ദേഹം നല്‍കിയത്. ഇവരെ ഇന്നലെ ടി സി നല്‍കി വിട്ടയച്ചു. അതേസമയം, മദ്യപിച്ച വിദ്യാര്‍ഥിനികളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പെണ്‍കുട്ടികളെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്.