സമാന്തര കുറ്റാന്വേഷണ ഏജന്‍സി അനുവദിക്കില്ല: ഡി ജി പി

Posted on: November 25, 2015 5:00 am | Last updated: November 24, 2015 at 11:59 pm
SHARE

senkumarകൊച്ചി: മുന്‍ എസ് പി സുനില്‍ ജേക്കബിന്റെ സമാന്തര കുറ്റാന്വേഷണ ഏജന്‍സി അനുവദിക്കാനാകില്ലെന്ന് ഡി ജി പി. ടി പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. സുനില്‍ ജേക്കബിന് കൊച്ചിയിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സഹായം കിട്ടുന്നുണ്ടെന്നും ഐ ജി എം ആര്‍ അജിത്കുമാര്‍ വേട്ടയാടുകയാണെന്ന സുനില്‍ ജേക്കബിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡി ജി പി വ്യക്തമാക്കി.
മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് സേനയിലെ സ്വന്തം സ്വാധീനം സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡി ജി പി. ടി പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.
ഒമ്പത് വര്‍ഷം കൊച്ചിയില്‍ പ്രവര്‍ത്തിച്ച സുനില്‍ ജേക്കബ് വിവിധ ഉദ്യോസ്ഥരുമായുള്ള അടുപ്പം പ്രയോജനപ്പെടുത്തുന്നുണ്ട്. മൂന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സഹായം നല്‍കിയിട്ടുള്ളതായും കണ്ടെത്തി. മാത്രമല്ല, പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്.
ഇത്തരത്തില്‍ പോലീസ് കേസുകള്‍ സമാന്തര പോലീസ് സംവിധാനത്തിലൂടെ ഒത്തുതീര്‍പ്പാക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണ്. സുനില്‍ ജേക്കബിനെതിരെ ഒരാരോപണം ഉണ്ടായപ്പോള്‍ തന്നെ കോട്ടയം ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തി. ആരോപണങ്ങള്‍ ശരിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ സുനില്‍ ജേക്കബ് നല്‍കിയ ഹരജിയില്‍ ഐ ജി എം. ആര്‍ ആജിത് കുമാര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും തന്നെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുകയാണെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡി ജി പി വിശദീകരിച്ചു. സുനില്‍ ജേക്കബ് സര്‍വീസിലിരിക്കെ നേരിട്ട അച്ചടക്ക നടപടികളുടെ വിശദാംശങ്ങളും ഡി ജി പിയുടെ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തിയതായും പത്രികയില്‍ വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഡയറക്ടര്‍ ജനറള്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫ് അലി കോടതിക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here