വൈസനിയം മഹബ്ബ കോണ്‍ഫറന്‍സ് ഡിസംബറില്‍

Posted on: November 25, 2015 5:52 am | Last updated: November 24, 2015 at 11:53 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹബ്ബ കോണ്‍ഫറന്‍സ് ഡിസംബര്‍ 9 മുതല്‍ 12 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. വൈസനിയത്തിന്റെ സുപ്രധാന പദ്ധതികളിലൊന്നായ ‘ഹോസ്‌പൈസ്’ ആരോഗ്യപദ്ധതിയുടെ ഉദ്ഘാടനം, സൗജന്യ ആംബുലന്‍സ്, പാലിയേറ്റീവ് കെയര്‍ യൂനിറ്റ് എന്നിവയുടെ സമര്‍പ്പണം, മെഗാ മെഡിക്കല്‍ ക്യാമ്പ്, അന്താരാഷ്ട്ര സെമിനാര്‍, 40 ദിവസം നീണ്ടു നില്‍ക്കുന്ന മഹബ്ബ തിരുനബി ക്യാമ്പയിന്‍ ഉദ്ഘാടനം, ആത്മീയ സംഗമം എന്നിവയാണ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുക. വിശ്വ പ്രശസ്ത പണ്ഡിതരും അക്കാദമിക് വിദഗ്ധരും സംബന്ധിക്കും.
മെഡ് ഹില്‍ഫെ’ എന്ന പേരിലുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് പത്തോളം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ സഹകരണത്തോടെയാണ് ഒരുക്കുന്നത്. പ്രമേഹം, ഹൃദയം, ക്യാന്‍സര്‍, കിഡ്‌നി, കണ്ണ്, ചര്‍മം, ഡെന്റല്‍, ഇ എന്‍ ടി, ജനറല്‍ മെഡിസിന്‍, കമ്മ്യൂനിറ്റി മെഡിസിന്‍, കുട്ടികളുടെ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലാണ് സേവനം ലഭ്യമാകുക. സൗജന്യ ടെസ്റ്റുകളും തുടര്‍ചികിത്സകളും ലഭിക്കും. ഡിസംബര്‍ 12ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 0483 2738343, 9744748497, 9946788483 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.