Connect with us

Editorial

വര്‍ഗീയ സംഘര്‍ഷങ്ങളും സര്‍ക്കാര്‍ വാദവും

Published

|

Last Updated

രാജ്യത്തെ വര്‍ഗീയ കലാപങ്ങളുടെ പെരുപ്പത്തില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് ഊന്നിപ്പറയുന്നതാണ് കോണ്‍ഗ്രസ് എം പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലിമെന്ററി സമിതിക്ക് മുമ്പാകെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സാധാരണ ഒരു പ്രദേശത്ത് വര്‍ഗീയ സംഘഷമുണ്ടായാല്‍ അത് അവിടെത്തന്നെ അവസാനിക്കുകയാണ് പതിവ്. ഇപ്പോള്‍ കലാപങ്ങളും സംഘര്‍ഷങ്ങളും അടുത്ത പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇവ വഴി മതവികാരം വ്രണപ്പെടുത്തുന്ന പ്രചാരണം, ലിംഗ ഭേദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഭൂമി തര്‍ക്കം, രാഷ്ട്രീയ വിരോധം, വ്യക്തിവൈരാഗ്യം, സാമ്പത്തിക തര്‍ക്കം, റോഡപകടം തുടങ്ങിയവയാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
വര്‍ഗീയ സ്പര്‍ധ സൃഷ്ടിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പങ്ക് അടിവരയിടേണ്ടതാണ്. മുസാഫര്‍പൂര്‍, മുറാദാബാദ് കലാപങ്ങളിലും ദാദ്രി സംഭവത്തിലും നവമാധ്യമങ്ങളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് അഖ്‌ലാഖ് പശുവിനെ അറുത്തെന്ന വ്യാജ വാര്‍ത്ത എസ് എം എസിലൂടെ പ്രചരിപ്പിച്ചാണ് ദാദ്രിയില്‍ സംഘ്പരിവാര്‍ വര്‍ഗീയ വിഷം തളിച്ചത്. 2013 ജൂണില്‍ പൂനെയില്‍ നിരവധി മുസ്‌ലിംകളുടെ സ്വത്ത് നശിപ്പിക്കപ്പെടാനും മുഹ്‌സിന്‍ എന്ന ഐ ടി എന്‍ജിനീയറുടെ മരണത്തിനും സോഷ്യല്‍ മീഡിയ ആയിരുന്നു കാരണം. മെയ് 31ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ശിവജി, ബാല്‍ താക്കറെ എന്നിവരെ മോശമാക്കി ചിത്രീകരിക്കുന്ന ആ സന്ദേശം ആരാണ് പോസ്റ്റ് ചെയ്തതെന്നത് ഇന്നും ദുരൂഹമാണ്.
എന്നാല്‍ ഈ കാര്യങ്ങളെല്ലാം വിഷയത്തിന്റെ ഭാഗിക കാരണങ്ങളേ ആകുന്നുള്ളൂ. സംഘ്പരിവാര്‍ നേതാക്കള്‍ നടത്തുന്ന പ്രകോപന ആഹ്വാനങ്ങളും പ്രസ്താവനകളുമാണ് സാമൂഹിക മാധ്യമങ്ങളേക്കാള്‍ കലാപങ്ങള്‍ക്ക് പ്രചോദനമേകുന്നത്. ഇക്കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടേണ്ടതല്ലേ? സമിതിയിലെ സി പി ഐ അംഗം ഡി രാജ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തത് ശ്രദ്ധേയമാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിഷം ചീറ്റുന്ന പ്രസ്താവനകള്‍ പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. ഗവര്‍ണര്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എം പിമാര്‍ തുടങ്ങിയ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് പോലും കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുണ്ടാകുന്നു. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ നിഷ്ഠൂരമായി തല്ലിക്കൊന്ന സംഭവത്തെ ന്യായീകരിച്ച് പ്രസ്താവന ഇറക്കിയവരില്‍ കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ, ഹരിയാന മുഖ്യമന്തി മനോഹര്‍ ലാല്‍ ഖട്ടര്‍, സാക്ഷി മഹാരാജ് എം പി തുടങ്ങിയവരുമുണ്ടായിരുന്നു. സംഘ്പരിവാറിന്റെ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും മാനിച്ചു വേണം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ജീവിക്കാനെന്നും അതിന് സന്നദ്ധമല്ലെങ്കില്‍ രാജ്യം വിട്ടുപോകണമെന്നുമുള്ള മട്ടിലാണ് പലരുടെയും പ്രസ്താവനകള്‍. ചിലരുടെ വിവേകരാഹിത്യത്തിന്റെയും ചിന്താശുന്യതയുടെയും ഫലമായി അപ്രതീക്ഷിതമായി ഉണ്ടാകുന്നതല്ല ഈ പരാമര്‍ശങ്ങളൊന്നും. മതന്യൂപക്ഷങ്ങള്‍ രാജ്യത്തെ രണ്ടാംതരം പൗരന്മാരാണെന്ന് വരുത്തിത്തീര്‍ത്ത് പൊതുബോധത്തെ അവര്‍ക്കെതിരാക്കിത്തീര്‍ക്കുക എന്ന ആസൂത്രിതവും മനഃശാസ്ത്രപരവുമായ ആക്രമണത്തിന്റെ ഭാഗമാണിതെല്ലാം. നരേന്ദ്ര മോദിയുള്‍പ്പെടെ ഉത്തരവാദപ്പെട്ട നേതാക്കളാരും ഇവ തടയനോ നിയന്ത്രിക്കാനോ തയ്യാറാകാത്തതിന്റെ കാരണവുമിതാണ്.
നരേന്ദ്ര മോദിയുടെ ഭരണത്തില്‍ യു പി എ സര്‍ക്കാറിന്റെ കാലത്തെ അപേക്ഷിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ ആഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നുണ്ട്. 2013ല്‍ യു പി എ ഭരണത്തില്‍ 823 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ 644 കേസുകളാണത്രേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വലിയ തോതിലുള്ള കലാപങ്ങള്‍ ഈ വര്‍ഷം രണ്ടെണ്ണമേ ഉണ്ടായുള്ളൂവെന്നും മന്ത്രാലയം അവകാശപ്പെടുന്നു. എന്നാല്‍ മോദിയുടെ ഭരണത്തില്‍ കലാപങ്ങള്‍ പൂര്‍വോപരി വര്‍ധിക്കുകയാണുണ്ടായതെന്നാണ് സന്നദ്ധ സംഘടനയായ അന്‍ഹദ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഗുജറാത്ത്, മുസാഫര്‍ നഗര്‍ പോലെയുള്ള വലിയ കലാപങ്ങള്‍ക്ക് പകരം ചെറുകലാപങ്ങളാണ് ഇപ്പോള്‍ ഹിന്ദുത്വ ഫാസിസം സംഘടിപ്പിച്ചു വരുന്നതെന്നും അന്‍ഹദ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, പല ആക്രമണങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാതെ വിടുകയാണെന്നും റജിസ്റ്റര്‍ ചെയ്തവയില്‍ തന്നെ നിയമ നടപടികള്‍ എങ്ങുമെത്തുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്യപ്പെട്ട 600ല്‍ പരം കലാപങ്ങളില്‍ 194 എണ്ണം ക്രിസ്തീയ വിഭാഗത്തെയും ബാക്കിയെല്ലാം മുസ്‌ലിംകളെയും ലക്ഷ്യമിട്ട് സംഘടിപ്പിച്ചതായിരുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ആക്ടിവിസ്റ്റ് ജോണ്‍ ദയാല്‍ വെളിപ്പെടുത്തുകയുണ്ടായി. മോദിയുടെ ഭരണത്തില്‍ കലാപങ്ങള്‍ കുറയുകയല്ല, അങ്ങനെ വരുത്തിത്തീര്‍ക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാറെന്നും അതിന്റെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടെന്നുമാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

Latest