പെജാവര്‍ മഠാധിപതിയും സമത്വത്തിന്റെ മുന്നേറ്റവും

ഉഡുപ്പി ക്ഷേത്രത്തിലെ അന്നദാനത്തിന് ബ്രാഹ്മണര്‍ക്കിരിക്കാന്‍ പ്രത്യേക സ്ഥലമാണ്. അവിടേക്ക് താണ ജാതിക്കാര്‍ക്ക് പ്രവേശമില്ല. ബ്രാഹ്മണര്‍ക്കിരിക്കാനുള്ള ഇടത്തില്‍ അബദ്ധവശാല്‍ കയറിയ വനിതാ പ്രൊഫസറെ ഇറക്കിവിട്ട് പുണ്യാഹം തളിച്ചിട്ടുണ്ട് മഠം അധികൃതര്‍. പന്തി ഭോജനം പാടില്ലെന്നതില്‍ നിര്‍ബന്ധമുണ്ട് എല്ലാ മഠങ്ങള്‍ക്കും അതിന്റെ അധിപന്‍മാര്‍ക്കും. എന്നാല്‍ അതിന്റെ കാരണം എന്തെന്ന് വിശ്വേശയോളം തുറന്ന് പറഞ്ഞ അധിപന്‍മാര്‍ ഇല്ല തന്നെ. ''മാംസം കഴിക്കുന്നതും മദ്യപിക്കുന്നതും മറ്റ് ജാതിക്കാരുടെ ശീലമാണ്. സാത്വിക ഭക്ഷണം കഴിക്കുന്നവര്‍ (ബ്രാഹ്മണര്‍) ഇത്തരക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍ മറ്റ് ജാതിക്കാരുമായി സൗഹൃദമുണ്ടാകാനും മാംസം ഭക്ഷിക്കാനും മദ്യപിക്കാനും സാധ്യതയുണ്ട്'' - ഇതാണ് വിശ്വേശയുടെ വാദം. ബ്രാഹ്മണത്വം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് സസ്യാഹാരമാണെന്നും വിശ്വേശ പറയുന്നു. ഈ ദേഹത്തെ ആനയിച്ചിരുത്തിക്കൊണ്ട് സമത്വത്തില്‍ എന്ത് മുന്നേറ്റമാണ് വെള്ളാപ്പള്ളി നടേശന്‍ സാധ്യമാക്കാന്‍ പോകുന്നത്?
Posted on: November 25, 2015 6:00 am | Last updated: November 24, 2015 at 11:48 pm
SHARE

sndpഎസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്ര മുന്നോട്ട് നീങ്ങുമ്പോള്‍ ശ്രദ്ധേയമാകുന്നത് ഉദ്ഘാടന വേദിയിലെ പെജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥയുടെ സാന്നിധ്യമാണ്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ വിശ്വേശ തീര്‍ഥയുടെ സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. യാത്രയുടെ പതാക വെള്ളാപ്പള്ളിക്ക് കൈമാറാന്‍ വിശ്വേശ തീര്‍ഥ തയ്യാറാകാത്തതിന് കാരണം ഈഴവ സ്പര്‍ശത്താല്‍ അശുദ്ധനാകുമെന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇപ്പോള്‍ ആരോപിച്ചിരിക്കുന്നു.
സമത്വ മുന്നേറ്റ യാത്ര കേരളത്തിലെ ഭൂരിപക്ഷ വിഭാഗത്തിന്റെ രാഷ്ട്രീയ സാക്ഷാത്കാരത്തിന് മുന്നോടിയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിക്കുന്നത്. അവിടെ ബി ജെ പിക്കോ രാഷ്ട്രീയ സ്വയം സേവക് സംഘിനോ പ്രത്യേകിച്ചൊരു പരിഗണന ഇല്ലെന്നും അദ്ദേഹം ആണയിടുന്നു. അതുകൊണ്ടു കൂടിയാണ് ഉദ്ഘാടന വേദിയിലെ വിശ്വേശ തീര്‍ഥയുടെ സാന്നിധ്യം, യോഗക്ഷേമ സഭയുടെ ഭാരവാഹി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനേക്കാള്‍ ശ്രദ്ധേയമാകുന്നത്. ആ സാന്നിധ്യം ചിലത് പറയാതെ പറയുന്നുമുണ്ട്.
സംഘ്പരിവാര്‍ സംഘടനകളില്‍ പ്രമുഖമായ വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് വിശ്വേശ തീര്‍ഥ. ബാബ്‌രി മസ്ജിദ് തകര്‍ത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രസ്ഥാനത്തിന്റെ ഭാഗവുമായിരുന്നു അദ്ദേഹം. 1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് തല്ലിത്തകര്‍ക്കുമ്പോള്‍ സാക്ഷിയായി അയോധ്യയിലുണ്ടായിരുന്നു വിശ്വേശ തീര്‍ഥ. കര്‍ണാടകത്തിലും പുറത്തും സംഘ്പരിവാര്‍ വേദികളിലെ നിറ സാന്നിധ്യവും. ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നയാളാണെന്നും രാമക്ഷേത്ര നിര്‍മാണമെന്ന ലക്ഷ്യത്തോട് പൂര്‍ണമായും ചേര്‍ന്നു നില്‍ക്കുന്നുവെന്നും തുറന്ന് പറയുന്നതില്‍ മടിയുള്ളയാളുമല്ല വിശ്വേശ തീര്‍ഥ.
കര്‍ണാടകത്തിലെ ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം വിശ്വാസികള്‍ക്ക് പരിചിതമാണ്. അഷ്ട മഠങ്ങള്‍ ഊഴമിട്ടാണ് ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ്. പലിമാര്‍, അഡാമര്‍, കൃഷ്ണപൂര്‍, പുട്ടിഗെ, ഷിരൂര്‍, സോദ്, കനിയൂര്‍, പെജാവര്‍ എന്നിവയാണ് ഈ അഷ്ട മഠങ്ങള്‍. ഉഡുപ്പി ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ പ്രസിദ്ധം. അതിന്റെ ഭാഗമായുള്ള അന്നദാനവും. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ അന്നദാനത്തില്‍ പങ്കെടുക്കുന്നത് വിശിഷ്ടമായി കരുതുന്നു. അതുകൊണ്ട് തന്നെ അന്നദാനത്തില്‍ പങ്കെടുക്കാനായി മണിക്കൂറുകള്‍ അവര്‍ വരി നില്‍ക്കും. അന്നദാനത്തിനുള്ള വിഭവങ്ങളൊരുക്കുന്നത് നാട്ടുകാരുടെ സംഭാവന സ്വീകരിച്ചാണ്. അരിയും പച്ചക്കറിയുമൊക്കെ സംഭാവന. ഇതുപയോഗിച്ചൊരുക്കുന്ന വിഭവങ്ങള്‍ വിളമ്പുന്നത് രണ്ട് പന്തിയിലാണ്. ബ്രാഹ്മണര്‍ക്കിരിക്കാന്‍ പ്രത്യേക സ്ഥലം. അവിടേക്ക് താണ ജാതിക്കാര്‍ക്ക് പ്രവേശമില്ല. ബ്രാഹ്മണര്‍ക്കിരിക്കാനുള്ള ഇടത്തില്‍ അബദ്ധവശാല്‍ കയറിയ വനിതാ പ്രൊഫസറെ ഇറക്കിവിട്ട് പുണ്യാഹം തളിച്ചിട്ടുണ്ട് മഠം അധികൃതര്‍.
പന്തി ഭോജനം പാടില്ലെന്നതില്‍ നിര്‍ബന്ധമുണ്ട് എല്ലാ മഠങ്ങള്‍ക്കും അതിന്റെ അധിപന്‍മാര്‍ക്കും. എന്നാല്‍ അതിന്റെ കാരണം എന്തെന്ന് വിശ്വേശയോളം തുറന്ന് പറഞ്ഞ അധിപന്‍മാര്‍ ഇല്ല തന്നെ. ”മാംസം കഴിക്കുന്നതും മദ്യപിക്കുന്നതും മറ്റ് ജാതിക്കാരുടെ ശീലമാണ്. സാത്വിക ഭക്ഷണം കഴിക്കുന്നവര്‍ (ബ്രാഹ്മണര്‍) ഇത്തരക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍ മറ്റ് ജാതിക്കാരുമായി സൗഹൃദമുണ്ടാകാനും മാംസം ഭക്ഷിക്കാനും മദ്യപിക്കാനും സാധ്യതയുണ്ട്” – ഇതാണ് വിശ്വേശയുടെ വാദം. ബ്രാഹ്മണത്വം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് സസ്യാഹാരമാണെന്നും വിശ്വേശ പറയുന്നു.
മാംസം കഴിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ഹീന ജാതിക്കാരുമായി സംസര്‍ഗം പാടില്ലെന്ന് ഇതിലും ഭംഗിയായി പറയുക സാധ്യമല്ല തന്നെ. പന്തി ഭോജനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് രീതിയിലും സമ്പര്‍ക്കമുണ്ടാകുന്നത് ഗുണകരമല്ല. ബ്രാഹ്മണ്യത്വത്തിന്റെ മേന്മ ഉറപ്പിക്കുകയും അതില്‍ ‘കളങ്ക’മുണ്ടാകുന്നതിന്റെ ദോഷം ഉറക്കെ പ്രഖ്യാപിക്കുകയുമാണ് വിശ്വേശ. ഈ ദേഹത്തെ ആനയിച്ചിരുത്തിക്കൊണ്ട് സമത്വത്തില്‍ എന്ത് മുന്നേറ്റമാണ് വെള്ളാപ്പള്ളി നടേശന്‍ സാധ്യമാക്കാന്‍ പോകുന്നത്?
പെജാവര്‍ ഉള്‍പ്പെടെ മഠങ്ങള്‍ കര്‍ണാടകത്തില്‍ സംഘ്പരിവാരത്തിന്റെ വളര്‍ച്ചക്ക് വലിയ സഹായം ചെയ്തിട്ടുണ്ട്. മംഗലാപുരം, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍, പ്രത്യേകിച്ച് തീര മേഖലയില്‍ ഹിന്ദുത്വ ആശയങ്ങള്‍ വേരുറപ്പിക്കുന്നതില്‍ മഠാധിപതികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ കൂട്ടായ്മകള്‍ വലിയ പങ്ക് വഹിച്ചു. ഇത്തരം സംഗമങ്ങള്‍ തുടരുന്നുണ്ട്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം ഇത്തരം സംഗമങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. കര്‍ണാടകത്തില്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ആദ്യത്തെ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതില്‍ ഈ മഠങ്ങളുടെ സംഭാവന ചെറുതായിരുന്നുമില്ല. യെദിയൂരപ്പ സര്‍ക്കാറിന്റെ കാലത്ത് തങ്ങളുടെ ഇംഗിതങ്ങള്‍ സാധിച്ചെടുക്കുന്നതിലും മഠങ്ങള്‍ മുന്‍പന്തിയില്‍ നിന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മഠങ്ങളുടെ അനുമതി വാങ്ങേണ്ട സ്ഥിതി പോലുമുണ്ടായി. അന്നന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്നവന്റെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നില്ല മഠങ്ങള്‍ എതിര്‍ത്തത്, മറിച്ച് മഠത്തിന്റെ വാണിജ്യ താത്പര്യങ്ങള്‍ക്ക് വിഘാതമുണ്ടാകും വിധത്തിലുള്ള ഏറ്റെടുക്കലുകളെയായിരുന്നു. മഠാധിപതി നേരിട്ട് നിരാഹാര സത്യഗ്രഹത്തിനിറങ്ങി, യെദിയൂരപ്പ സര്‍ക്കാറിനെ മുട്ടുകുത്തിച്ച സംഭവവും അക്കാലത്തുണ്ടായി. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായപ്പോള്‍ ബി ജെ പി വിട്ട യെദിയൂരപ്പയെ തള്ളിപ്പറയാന്‍ അരനിമിഷം ആലോചിക്കേണ്ടി വന്നില്ല പെജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥക്ക്. അത്രമേല്‍ രൂഢമാണ് അദ്ദേഹത്തിന് സംഘ്പരിവാരത്തിലും അതിന്റെ രാഷ്ട്രീയ രൂപത്തിലുമുള്ള കൂറ്.
‘ഹീന’ജാതിക്കാരായ വെള്ളാപ്പള്ളിയും കൂട്ടരും ചെന്ന് വിളിച്ചാല്‍ എഴുന്നള്ളുന്നയാളല്ല വിശ്വേശ തീര്‍ഥ. അഥവാ എഴുന്നള്ളാന്‍ തീരുമാനിച്ചാല്‍ തന്നെ, ഭിന്ന ജാതിക്കാരുടെ സമത്വമുദ്ദേശിച്ചുള്ള പരിപാടിയെന്ന് അറിഞ്ഞാല്‍ തിരികെപ്പോകും. ഹീന ജാതിക്കാരുടെ സമ്പര്‍ക്കമുണ്ടാക്കാനിടയുള്ള ‘ദൂഷ്യ’ങ്ങളെക്കുറിച്ച് അദ്ദേഹത്തോളം അറിവ് മറ്റാര്‍ക്കാണുള്ളത്. അപ്പോള്‍ പിന്നെ പെജാവര്‍ മഠാധിപതിയെ വെള്ളാപ്പള്ളി നടേശന്റെ ചടങ്ങിലേക്ക് നിയോഗിച്ചത് സംഘ് നേതൃത്വമല്ലാതെ മറ്റാരുമാകാന്‍ തരമില്ല. കേരളത്തിലെ മുരളീധര – സുരേന്ദ്രാദി നേതാക്കളെ ഒഴിച്ച് നിര്‍ത്തി (അതവരുടെ അറിവോടെ തന്നെയാകണം) രാഷ്ട്രീയ സ്വയം സേവക് സംഘ് നേരിട്ട് നടത്തുന്ന ഓപ്പറേഷനാണ് വെള്ളാപ്പള്ളിയുടെ യാത്രയും തുടര്‍ന്നുള്ള രാഷ്ട്രീയ സംഘടനാ രൂപവത്കരണവുമെന്നതിന് വേദിയിലെ പെജാവര്‍ മഠാധിപതിയുടെ സാന്നിധ്യം മാത്രം മതി തെളിവായി. ഇതിലേക്കുള്ള ഒരുക്കം ഒരു ദശാബ്ദം മുമ്പ് തുടങ്ങിയതുമാണ്.
ബ്രാഹ്മണാധിപത്യത്തിനെതിരായ പോരാട്ടത്തിലൂടെയാണ് കര്‍ണാടകത്തിലെ ലിംഗായത്ത്, വീരശൈവ പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. ജാതീയതയുടെ ക്രൂരതകള്‍ അനുഭവിച്ച വിവിധ വിഭാഗങ്ങള്‍ ലിംഗായത്ത്, വീരശൈവ പ്രസ്ഥാവനങ്ങളുടെ ഭാഗമായി. ഇവ പിന്നീട് ഒരു സമുദായം പോലെയാകുകയും വിവിധ മഠങ്ങള്‍ അവരെ പങ്കിട്ടെടുക്കുകയും ചെയ്തു. അതില്‍ തന്നെ ലിംഗായത്ത് മഠങ്ങളുടെ നേതൃത്വം പില്‍ക്കാലത്ത് ഹിന്ദുത്വത്തിന്റെ പ്രയോക്താക്കളായി മാറി, അതിന്റെ അധിപന്‍മാര്‍ ബ്രാഹ്മണരുടെ കുലമഹിമ അംഗീകരിക്കുന്നവരുമായി. വീരശൈവ മഠങ്ങള്‍ ഇപ്പോഴും പ്രത്യക്ഷത്തില്‍ ബ്രാഹ്മണാധിപത്യത്തിന് എതിരായി നിലകൊള്ളുന്നുണ്ട്. പക്ഷേ, രാഷ്ട്രീയ പിന്തുണയുടെ കാര്യത്തില്‍ ബി ജെ പിയോട് മൃദുസമീപനം പുലര്‍ത്തുകയും ചെയ്യുന്നു. മഠാധിപതികളെ വരുതിയിലാക്കി സമുദായ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം സംഘ്പരിവാരം ആരംഭിച്ച് വിജയം കണ്ടത് രണ്ടോ മൂന്നോ പതിറ്റാണ്ടിനിടെയാണ്.
ഏതാണ്ട് അതേ തന്ത്രമാണ് കേരളത്തിലും സംഘ്പരിവാരം ആരംഭിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കുന്നതിന് മുമ്പ് അവര്‍ താവളമുറപ്പിക്കാന്‍ ശ്രമിച്ചത് ശിവഗിരി മഠത്തിലാണെന്നത് ഓര്‍ക്കുക. എല്‍ കെ അഡ്വാനി മുതല്‍ നരേന്ദ്ര മോദി വരെയുള്ളവര്‍ ശിവഗിരി മഠത്തിലെത്തിയത് വെറുതെയല്ല. സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന വേദിയില്‍ ശിവഗിരി മഠത്തിലെ ശാരദാനന്ദ, അമൃതാനന്ദമയീ മഠത്തിലെ അമൃത കൃപാനന്ദപുരി, തീര്‍ഥങ്കരാശ്രമത്തിലെ പ്രേമാനന്ദ, നിലമ്പൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ ആത്മസ്വരൂപാനന്ദ എന്നിവരുമുണ്ടായിരുന്നു. ആ ആനന്ദന്‍മാരെ മുന്‍നിര്‍ത്തിയുള്ള സത് സംഗങ്ങളിലൂടെയാകും വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്കും അതിലൂടെ സംഘ്പരിവാരത്തിലേക്കും ആളെക്കൂട്ടുക. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യം, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള സ്വാധീനം ഇവയെയൊക്കെ മറികടന്ന് ബി ജെ പിയിലേക്ക് നേരിട്ട് ആളെക്കൂട്ടുക എന്നത് കേരളത്തില്‍ ഏറെക്കുറെ അപ്രായോഗികമാണെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെ ആളെക്കൂട്ടാന്‍ പാകത്തിലുള്ള നേതൃനിരയെ വാര്‍ത്തെടുക്കാന്‍ പോലും ഇക്കാലത്തിനിടെ സാധിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കര്‍ണാടകത്തില്‍ പരീക്ഷിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊരു നഷ്ടം ഉണ്ടാക്കാനുമില്ല. അതിന് മുന്നില്‍ നിര്‍ത്തുന്ന മുഖമാണ് വെള്ളാപ്പള്ളി നടേശന്‍, സമ്പത്താല്‍ സവര്‍ണനുമാണ് ദേഹമെന്ന ആനുകൂല്യവുമുണ്ട്.
സവര്‍ണാധിപത്യത്തെ എതിര്‍ത്ത ലിംഗായത്തുകളെ ഏത് വിധത്തിലാണോ ബി ജെ പിയുടെ അണികളില്‍ മുഖ്യമാക്കിയത്, ബ്രാഹ്മണരുടെ കോയ്മ ഏത് വിധത്തിലാണോ ആ വിഭാഗത്തിന് സ്വീകാര്യമാക്കിയത്. അതുപോലെ ശ്രീനാരായണ ധര്‍മ പരിപാലന പ്രസ്ഥാനത്തെയും ഇതര സമുദായ സംഘടനകളെയും ഉപയോഗിക്കാനാണ് ശ്രമം. ഈ രൂപകല്‍പ്പന തിരിച്ചറിഞ്ഞുള്ള ചെറുത്തുനില്‍പ്പാണ്, വര്‍ഗീയ ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കണമെങ്കില്‍ ഉണ്ടാകേണ്ടത്. മൈക്രോ ഫിനാന്‍സിലെ തട്ടിപ്പും ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തിലെ പങ്കും കണക്കില്‍പ്പെടാത്ത ധനസമാഹരണവും ആരോപിച്ച് വെള്ളാപ്പള്ളി നടേശനെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ കൊഴിഞ്ഞുപോക്കിനെ തത്കാലം തടയാനാകും. വെള്ളാപ്പള്ളിയെ മറയാക്കി നടത്താന്‍ ശ്രമിക്കുന്ന ധ്രുവീകരണ ശ്രമങ്ങളെയാണ് കരുതേണ്ടത്. അതില്‍ ചെറുചുവടെങ്കിലും സംഘ്പരിവാരം മുന്നോട്ടുപോയിരിക്കുന്നുവെന്നത് ആശങ്ക ജനിപ്പിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here