Connect with us

International

റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു;റഷ്യയും നാറ്റോയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു

Published

|

Last Updated

 

A war plane crashes in flames in a mountainous area in northern Syria after it was shot down by Turkish fighter jets near the Turkish-Syrian border November 24, 2015. REUTERS/Sadettin Molla

A war plane crashes in flames in a mountainous area in northern Syria after it was shot down by Turkish fighter ear

അങ്കാറ/ മോസ്‌കോ: റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടു. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതോടെയാണ് സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി വ്യക്തമാക്കി. യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തകര്‍ന്നതായി റഷ്യയും സ്ഥിരീകരിച്ചു. തുര്‍ക്കിയുടെ വടക്ക് ലതാക്കിയ പ്രവിശ്യയില്‍ വിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 1950നു ശേഷം ഇതാദ്യമായാണ് സോവിയറ്റ് യൂനിയന്റെയോ റഷ്യയുടെയോ യുദ്ധ വിമാനം നാറ്റോ അംഗരാജ്യം വെടിവെച്ചിടുന്നത്. ഇതോടെ ശീതസമര കാലത്തെ സാഹചര്യങ്ങളിലേക്ക് ലോകരാഷ്ട്രങ്ങള്‍ നീങ്ങുന്നുവെന്ന ആശങ്കയും ഉടലെടുത്തു.

വെടിവെച്ചിട്ട യുദ്ധ വിമാനത്തിലെ പൈലറ്റുമാര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്ന റഷ്യന്‍ ഹെലികോപ്റ്ററിന് നേരെ സിറിയന്‍ വിമത സേനയും ആക്രമണം നടത്തി. ഉടന്‍തന്നെ ഹെലികോപ്റ്റര്‍ വിജനമായ പ്രദേശത്ത് ലാന്‍ഡിങ് നടത്തിയെങ്കിലും മോര്‍ട്ടാര്‍ ആക്രമണത്തില്‍ അത് തകര്‍ന്നതായും ഒരു മറീന്‍ കൊല്ലപ്പെട്ടതായും റഷ്യ അറിയിച്ചു. വെടിവെച്ചിട്ട യുദ്ധ വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാളെയും വിമതസേന വധിച്ചു. മറ്റൊരാളെ കണ്ടെത്തിയിട്ടില്ല. യുദ്ധവിമാനം വെടിവെച്ചിട്ട സംഭവത്തില്‍ തുര്‍ക്കിക്ക് പിന്തുണയുമായി നാറ്റോ രംഗത്തെത്തി. നാറ്റോ സഖ്യരാഷ്ട്രമെന്ന നിലയില്‍ തുര്‍ക്കിയുടെ ഭൂപരമായ താല്‍പര്യങ്ങളെ പിന്തുണയ്ക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു. തുര്‍ക്കി ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കി. വിമാനം വീഴ്ത്തിയത് ഭീകരവിരുദ്ധ യുദ്ധത്തിനിടെ പിന്നില്‍ നിന്നും കുത്തിയതിന് തുല്യമായെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധവിമാനം വനപ്രദേശത്ത് തകര്‍ന്നുവീഴുന്ന ദൃശ്യം തുര്‍ക്കി സ്വകാര്യ വാര്‍ത്താ ചാനലായ ഹബീര്‍തുര്‍ക് ടി വി ഇന്നലെ സംപ്രേഷണം ചെയ്തു. തുര്‍ക്ക്‌മെന്‍ പര്‍വത മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. യുദ്ധ വിമാനം തകര്‍ന്നുവീഴുന്നതിന് മുമ്പ് അതിലുള്ള രണ്ട് പൈലറ്റുമാരും പാരച്യൂട്ടില്‍ താഴേക്ക് ചാടുന്ന ദൃശ്യം തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
സു 24 യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകര്‍ന്നുവീണ സമയം വിമാനം സിറിയന്‍ വ്യോമാതിര്‍ത്തിയിലായിരുന്നുവെന്നും പൈലറ്റുമാര്‍ ഇരുവരും അപകടത്തിന് മുമ്പ് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയതായാണ് പ്രാഥമിക വിവരമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് അഞ്ച് മിനുട്ടിനുള്ളില്‍ പത്ത് തവണ മുന്നറിയിപ്പ് നല്‍കിയതായി തുര്‍ക്കി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി തുര്‍ക്കി അവകാശപ്പെട്ടു.
സിറിയയില്‍ ഇസില്‍ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ റഷ്യ തീരുമാനിച്ചതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരേ വ്യോമ മേഖലയില്‍ റഷ്യയും നാറ്റോ സഖ്യസേനയും ആക്രമണം നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ സംരക്ഷിച്ചുകൊണ്ട് ഇസിലിനെതിരെ ആക്രമണം ശക്തമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. എന്നാല്‍, ഇസിലിനെ നേരിടുന്നതിനോടൊപ്പം തന്നെ അസദിനെ താഴെയിറക്കണമെന്ന നിലപാടാണ് അമേരിക്കന്‍ ചേരിക്കും തുര്‍ക്കിക്കും ഉള്ളത്.


തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്ഥിതിഗതികള്‍ സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി. അതേസമയം, തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവോദോഗ്‌ലു നാറ്റോ സഖ്യസേനയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തുര്‍ക്കിയുടെ ഗ്രാമപ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി തുര്‍ക്കി പ്രതിഷേധിച്ചിരുന്നു.
ബശര്‍ അല്‍ അസദിനെ എതിര്‍ക്കുന്ന സിറിയയിലെ തുര്‍ക്കി വംശജരായ വിമത സൈനികരുടെ പിടിയിലാണ് റഷ്യന്‍ യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റുള്ളതെന്നും രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും സി എന്‍ എന്‍ തുര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റുമാര്‍ക്കായി റഷ്യ തിരച്ചില്‍ തുടരുകയാണ്.
സിറിയയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലാണ് ഇപ്പോഴുള്ളത്. സിറിയയില്‍ നിന്ന് തുര്‍ക്കിക്കകത്തേക്ക് നടന്ന ആക്രമണത്തില്‍ ഈയാഴ്ച ആദ്യം അഞ്ച് സാധാരണക്കാര്‍ മരിച്ചിരുന്നു.

റഷ്യന്‍ നിര്‍മിത ആയുധങ്ങളുമായി വന്നുവെന്ന് പറയപ്പെടുന്ന വിമാനം തുര്‍ക്കി തടയുകയും ചെയ്തിരുന്നു. വിമാനത്തിലുള്ള വസ്തുക്കള്‍ പരിശോധിച്ചു വരികയാണെന്ന് തുര്‍ക്കി പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

---- facebook comment plugin here -----

Latest