Connect with us

Kannur

ചൊക്ലിയില്‍ കിണര്‍വെള്ളം പെട്രോള്‍ സമാനം ആളിക്കത്തുന്നു

Published

|

Last Updated

തലശ്ശേരി: ചൊക്ലി ഓറിയന്റല്‍ ഹൈസ്‌കൂളിനും രജിസ്ട്രാഫീസിനും അടുത്തുള്ള പ്രജിലാലയത്തിലെ കിണര്‍ വെള്ളം പെട്രോള്‍ കണക്കെ ആളിക്കത്തുന്നു. തീ കൊടുത്താല്‍ നിറഞ്ഞുകത്തുന്ന കിണര്‍വെള്ളം വീട്ടുകാരെയും പരിസരവാസികളെയും പരിഭ്രാന്തരാക്കുകയാണ്. കിണറില്‍ നിന്ന് പെട്രോളിന്റെ രൂക്ഷഗന്ധവും വെള്ളത്തിന് മുകളില്‍ പാടയും കാണപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി വീട്ടുകാര്‍ ഉപയോഗിക്കാറില്ല. കഴിഞ്ഞ മഴയില്‍ കിണറിലെ ജലനിരപ്പ് ഉയരുകയും പെട്രോളിന്റെ മണം കൂടുതല്‍ രൂക്ഷമായി അനുഭവപ്പെടുകയും ചെയ്തതോടെ സംശയം തോന്നിയ വീട്ടുകാര്‍ പാത്രത്തില്‍ ശേഖരിച്ച് തീയിട്ട് പരിശോധിച്ചതോടെ പച്ചവെള്ളം ആളിക്കത്തി. വിവരം തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ പറഞ്ഞെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു. അടുത്ത ദിവസം രാത്രിയില്‍ കിണറിന് ആരോ തീയിടുകയും ചെയ്തു. വെള്ളവും കിണറിനിട്ട വലയും കത്തിനശിച്ചു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ കിണര്‍ വറ്റിച്ചു വൃത്തിയാക്കിയെങ്കിലും പിന്നീട് ഉണ്ടായ ഉറവയിലും പെട്രോളിന്റെ അംശം കാണപ്പെടുന്നതായി വീട്ടുകാര്‍ പറയുന്നു.
അതേസമയം വെള്ളം ശേഖരിച്ച് പരിശോധിച്ച ശേഷം ചൊക്ലി ആരോഗ്യവകുപ്പ് വീട്ടുകാരോട് പറഞ്ഞത് കുടിക്കാന്‍ പറ്റുമെന്നായിരുന്നു. എന്നാല്‍ ജലവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പെട്രോള്‍ സാന്നിധ്യമുള്ള മലിനജലം ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു. ഉത്തരവാദപ്പെട്ട രണ്ട് വകുപ്പുകളില്‍ നിന്ന് വിപരീത ഉത്തരവുകള്‍ ലഭിച്ചത് വീട്ടുകാരെ കുഴക്കി. എന്നാല്‍ പെട്രോള്‍ മണമുള്ള ജലം ഉപയോഗിക്കാന്‍ തയ്യാറല്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ ദിവസം കിണറിന് തീവെച്ച സംഭവത്തെ പറ്റിയുള്ള വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൊക്ലി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Latest