യുവെന്റസും മാഞ്ചസ്റ്റര്‍ സിറ്റിയും മുഖാമുഖം

Posted on: November 24, 2015 6:00 am | Last updated: November 24, 2015 at 11:37 pm
SHARE

2EC40A6900000578-0-image-a-2_1448367931791യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് യുവെന്റസ്-മാഞ്ചസ്റ്റര്‍ സിറ്റി ക്ലാസിക് പോരാട്ടം. ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ സ്‌പെയിനില്‍ സെവിയ്യയെ 1-3ന് തോല്‍പ്പിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ടാണ് ഇന്നവര്‍ ഇറ്റലിയിലെ ടുറിനില്‍ യുവെന്റസിനെ നേരിടുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റാണ് സിറ്റിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള യുവെന്റസിന് എട്ട് പോയിന്റും മൂന്നാം സ്ഥാനത്തുള്ള സെവിയ്യക്ക് മൂന്ന് പോയിന്റും. രണ്ട് പോയിന്റുള്ള ജര്‍മന്‍ ടീം ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാചാണ് ഏറ്റവും പിറകില്‍.
ഇന്ന് നടക്കുന്ന മറ്റ് പ്രധാന മത്സരങ്ങള്‍ ഷാക്തര്‍ ഡോനെസ്‌ക്- റയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് – പി എസ് വി ഐന്തോവന്‍, എഫ് സി അസ്താന-ബെനഫിക്ക, അത്‌ലറ്റിക്കോ മാഡ്രിഡ്-ഗലാത്‌സരെ, ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാച്-സെവിയ്യ എന്നിങ്ങനെയാണ്.
ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ളതാണ് ഇന്നത്തെ ശ്രദ്ധേയ മത്സരം. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോട് 4-1ന് തകര്‍ന്നതിന്റെ ക്ഷീണത്തിലാണ് സിറ്റി. ഇതിന് പുറമെ, ബെല്‍ജിയം ഡിഫന്‍ഡര്‍ വിന്‍സെന്റ് കൊംപാനിയും ഡേവിഡ് സില്‍വയും പരുക്കേറ്റ് പുറത്താവുകയും ചെയ്തത് സിറ്റിക്ക് തിരിച്ചടിയായി.
യുവെന്റസ് ഹോംഗ്രൗണ്ടില്‍ കരുത്തരാണ്. മാത്രമല്ല, സെപ്തംബറില്‍ നടന്ന ആദ്യപാദം സിറ്റിയുടെ തട്ടകത്തില്‍ 2-1ന് ജയിച്ചിട്ടുണ്ട് യുവെന്റസ്. ക്ലാസിക് പോരാട്ടമായിരുന്നു അത്. എണ്‍പത്തൊന്നാം മിനുട്ടില്‍ അല്‍വാരോ മൊറാട്ടയാണ് എത്തിഹാദ് സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് സിറ്റിയുടെ വലയില്‍ വിജയഗോളടിച്ചത്.
ഗ്രൂപ്പ് ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഡച്ച് ക്ലബ്ബായ പി എസ് വി ഐന്തോവനും വോള്‍സ്ബര്‍ഗുമാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഏഴ് പോയിന്റാണ് ഒന്നാംസ്ഥാനത്തുള്ള യുനൈറ്റഡിന്. ആറ് പോയിന്റുമായി ഐന്തോവിനും വോള്‍സ്ബര്‍ഗും തൊട്ടുപിറകിലുണ്ട്.നാലാം സ്ഥാനത്തുള്ള സി എസ് കെ എ മോസ്‌കോക്ക് നാല് പോയിന്റുണ്ട്. തുല്യസാധ്യത നിലനില്‍ക്കുന്നു ഗ്രൂപ്പില്‍. അതുകൊണ്ടു തന്നെ ഒരു തോല്‍വി നോക്കൗട്ട് സാധ്യതകള്‍ തന്നെ തകിടം മറിക്കും. പ്രമുഖ താരങ്ങളുടെ പരുക്കാണ് യുനൈറ്റഡിനെ വലക്കുന്നത്. ആന്‍ഡെര്‍ ഹെരേര, ബാസ്റ്റ്യന്‍ഷൈ്വന്‍സ്റ്റിഗര്‍, ഫില്‍ ജോണ്‍സ്, അന്റോണിയോ വലന്‍സിയ, മൈക്കല്‍ കാരിക്, ലൂക് ഷാ എന്നിവര്‍ പരുക്കിന്റെ പിടിയില്‍. അതേ സമയം, നാല് യുവതാരങ്ങളെ കോച്ച് ലൂയിസ് വാന്‍ ഗാല്‍ പരിശീലന സെഷനില്‍ പരീക്ഷിച്ചു. നിക്ക് പവല്‍, റെഗാന്‍ പൂള്‍, ഗുല്യെര്‍മോ വറേല, ജെയിംസ് വെയര്‍ എന്നിവരോട് ആദ്യ ലൈനപ്പില്‍ കളിക്കാന്‍ തയ്യാറായിക്കൊള്ളാനാണ് കോച്ച് പറഞ്ഞിരിക്കുന്നത്.
ഗ്രൂപ്പ് സിയില്‍ ഡിയഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് തുര്‍ക്കിയില്‍ നിന്നുള്ള ഗലാത്‌സരെയെ തകര്‍ത്തുവിടാനൊരുങ്ങുകയാണ്. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റുള്ള അത്‌ലറ്റിക്കോക്ക് ഇന്ന് ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ള ബെനഫിക്ക ഇന്ന് ദുര്‍ബലരായ അസ്താനക്കെതിരെയാണ്. സുഖമായി നോക്കൗട്ടുറപ്പിക്കാന്‍ ബെനഫിക്കക്ക് സാധിക്കും. സെപ്തംബറില്‍ അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവും പോര്‍ച്ചുഗല്‍ ക്ലബ്ബിന് മുതല്‍ക്കൂട്ടാണ്.
ഗ്രൂപ്പ് എയില്‍ നിന്ന് റയല്‍ നോക്കൗട്ട് ഉറപ്പിച്ചതാണ്. പി എസ് ജിക്ക് ഇന്ന് മാമോ എഫ് എഫിനെ തോല്‍പ്പിച്ചാല്‍ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകും.

LEAVE A REPLY

Please enter your comment!
Please enter your name here