രഞ്ജിട്രോഫി: സൗരാഷ്ട്രക്ക് 115 റണ്‍സ് വിജയലക്ഷ്യം

Posted on: November 24, 2015 5:35 am | Last updated: November 24, 2015 at 11:36 pm
SHARE

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ഗ്രൂപ്പ് സിയിലെ കേരളാ – സൗരഷ്ട്ര മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് 105 റണ്‍സിന് അവസാനിച്ചപ്പോള്‍ സൗരാഷ്ട്രക്ക് വിജയിക്കാന്‍ രണ്ട് ദിവസം ശേഷിക്കേ 115 റണ്‍സ് വേണം.
ആദ്യ ദിന കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 166 റണ്‍സ് പിന്തുടര്‍ന്ന് ആറ് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയില്‍ നിന്നും രണ്ടാം ദിനം ഇന്നിംഗ്‌സ് പുനരാരംഭിച്ച സൗരാഷ്ട്ര പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ബാറ്റിംഗ് ടെക്‌നിക്കില്‍ ആവശ്യമായ ഭേദഗതിയുമായാണ് ഇറങ്ങിയത് . കളി ആരംഭിച്ച് മൂന്നാം ഓവറിലെ അവസാന പന്തില്‍ ഏഴാമത്തെ വിക്കറ്റും നഷ്ടപ്പെട്ടതിന്‌ശേഷം ക്രീസിലെത്തിയ കന്നി രഞ്ജി മത്സരം കളിക്കുന്ന സമര്‍ഥ് വ്യാസ് പുറത്താകാതെ നേടിയ 54 റണ്‍സ് കളിയുടെ വഴിതിരിവായി മാറി. ഏട്ടാം വിക്കറ്റില്‍ സമര്‍ഥ് വ്യാസും, ചിരാഗ് ജാനിയും (35) ചേര്‍ന്ന് നേടിയ 55 റണ്‍സിന്റെ കൂട്ടുകെട്ട് സൗരാഷ്ട്രയെ മത്സരത്തിലേക്ക് തിരിച്ച്‌കൊണ്ടുവന്നു. 60.4 ഓവറില്‍ 157 റണ്‍സിന് ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര കേരളത്തിന് ഒമ്പത് റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. കേരളത്തിന് വേണ്ടി ഇടം കയ്യന്‍ സ്പിന്നര്‍ എസ് കെ മോനിഷ് ആറ് വിക്കറ്റും, ഓഫ് സ്പിന്നര്‍മാരായ ഫാബിദ് അഹമ്മദ്, രോഹന്‍ പ്രേം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉച്ച ഭക്ഷണത്തിന് മുന്‍പ് തന്നെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിനുമേല്‍ ധര്‍മേന്ദ്ര ജഡേജ ആദ്യ ഇന്നിംഗ്‌സിലേതു പോലെ കേരളത്തിന് മേല്‍ ആധിപത്യം സ്ഥാപിച്ചു. ആറ് വിക്കറ്റ് നേടിയ ജഡേജ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് തകര്‍ച്ചക്ക് ആക്കം കൂട്ടി. കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 41 ഓവറില്‍ 105 റണ്‍സിന് എല്ലാവരും പുറത്തായി. വന്ദിത് ജിവ്രജനിയാണ് മറ്റ് നാല് വിക്കറ്റുകളും കൈയ്യടക്കിയത്. പുറത്താകാതെ 32 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാസണടക്കം നാല് പേര്‍ പൂജ്യന്മാരായി പുറത്തായി. നാല് ബാറ്റ്‌സ്ന്മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 115 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച സൗരാഷ്ട്ര രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here