ചെന്നൈ ഡല്‍ഹി ഡൈനമോസിനെ തകര്‍ത്തു

Posted on: November 24, 2015 10:33 pm | Last updated: November 25, 2015 at 12:11 am
SHARE

isl2ചെന്നൈ: ഐ എസ് എല്ലിലെ ഫീനിക്‌സ് പക്ഷിയായി ചെന്നൈയിന്‍ എഫ് സി! തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍വര്‍ഷവുമായി മെറ്റരാസിയുടെ പട തകര്‍ത്താടി. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-1ന് തോല്‍പിച്ച ചെന്നൈ ടീം ഇന്നലെ ഡല്‍ഹിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തരിപ്പണമാക്കി. ഇതോടെ ചെന്നൈയിന്‍ എഫ് സി ടേബിളില്‍ ആദ്യ നാലില്‍ ഇടംപിടിച്ചു.
ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നിട്ടുനിന്ന ചെന്നൈയിന്‍ രണ്ടാം പകുതിയില്‍ പട്ടിക പൂര്‍ത്തിയാക്കി. ഇന്ത്യന്‍ താരം ജെജെ രണ്ടു ഗോള്‍ നേടിയപ്പോള്‍ മെന്‍ഡോസയും ബ്രൂണോപെലിസാരിയും ഓരോ ഗോള്‍ വീതം നേടി. ടൂര്‍ണമെന്റ് ടോപ് സ്‌കോററായ മെന്‍ഡോസ ഈ മത്സരത്തിലൂടെ തന്റെ ഗോള്‍ നേട്ടം പത്താക്കി.
ആക്രമിച്ചു കളിച്ച ചെന്നൈ 17ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. മെന്‍ഡോസയാണ് ആദ്യ ഗോള്‍ നേടിയത്. ഗോവന്‍ ഗോളിയുടെ പിഴവില്‍ നിന്നാണ് ഗോള്‍.
21ാം മിനിറ്റില്‍ ചെന്നൈയിന്റെ രണ്ടാമത്തെ ഗോളുമെത്തി. ബോക്‌സിനകത്തു നിന്ന് ജെജെ തൊടുത്ത ഷോട്ട് ഡല്‍ഹി ഗോളി തട്ടിമാറ്റിയെങ്കിലും ബോക്‌സിനരികില്‍ ബ്രൂണോ പെലിസാരി തക്കം പാര്‍ത്ത് നില്‍പ്പുണ്ടായിരുന്നു. കീപ്പറില്ലാത്ത പോസ്റ്റിലേക്ക് പെലിസാരിയുടെ ഷോട്ട്, ഗോള്‍.
മെന്‍ഡോസയുടെ അതിവേഗ മുന്നേറ്റത്തില്‍ നിന്നാണ് അടുത്ത ഗോളും പിറന്നത്. വിങ്ങിലൂടെ പന്തുമായി കയറിയ മെന്‍ഡോസ അളന്ന് തൂക്കി ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസിന് ജെജെ കാല് വെച്ചു കൊടുത്തു.
54ാം മിനിറ്റില്‍ ജെജെയിലുടെ ചെന്നൈയിന്റെ നാലാം ഗോളും പിറന്നു.
ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി ചെന്നൈയിന്‍ നാലാം സ്ഥാനത്തെത്തി. ആറ് ഗോളിന്റെ മികച്ച ഗോള്‍ ശരാശരിയും അവര്‍ക്കുണ്ട്. തോറ്റെങ്കിലും 11 കളികളില്‍ 18 പോയന്റുള്ള ഡല്‍ഹി ഡൈനമോസ് മൂന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് എഫ് സി ഗോവ-നോര്‍ത്ത് ഈസ്റ്റ് മത്സരം.