വളര്‍ച്ചാ വഴികളില്‍ ഖത്വര്‍ വനിതകള്‍ മുന്നിലേക്ക്

Posted on: November 24, 2015 8:00 pm | Last updated: November 24, 2015 at 8:38 pm
SHARE

ദോഹ: രാജ്യത്തെ സ്ത്രീ സമൂഹം വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും മുന്നിലേക്ക്. വേള്‍ഡ് എക്കണോമിക് ഫോറം റിപ്പോര്‍ട്ടിലാണ് ഖത്വറിലെ സ്ത്രീ പുരുഷ വ്യത്യാസം കുറഞ്ഞു വരുന്നതായി സൂചിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടുന്ന വിനിതള്‍ രാജ്യത്തു വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗ രംഗത്തും സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ന്നു. പ്രൊഫഷനലുകളും ടെക്‌നിക്കല്‍രംഗത്തും മാനേജീരിയല്‍ രംഗത്തും പ്രവര്‍ത്തിക്കുന്നവരും ധാരാളമുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയിലെ അന്തരം ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണീ വളര്‍ച്ച. വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ആന്വല്‍ ഗ്ലോബല്‍ ജന്‍ഡര്‍ ഗാപ്പ് ഇന്‍ഡക്‌സില്‍ ഖത്വറിന്റെ സ്ഥാനം 122 ആണ്. 145 രാജ്യങ്ങളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ രംഗങ്ങളിലെ സ്ത്രീ, പുരുഷ സ്ഥിതിവിവരം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
രാജ്യത്ത് നിയമനിര്‍മാണ സ്ഥാപനങ്ങള്‍, സീനിയര്‍ ഒഫീഷ്യല്‍സ്, മാനേജേഴ്‌സ് എന്നീ രംഗങ്ങളില്‍ 12 ശതമാനം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് ഏഴു ശതമാനം മാത്രമായിരുന്നു. ടെക്‌നിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അനുപാതം 19 ശതമാനത്തില്‍ നിന്ന് 23ലേക്ക് ഉയര്‍ന്നു. എന്നാല്‍, യൂനിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥിനികളില്‍ വലിയ വളര്‍ച്ചയാണുണ്ടാകുന്നത്. ഖത്വറിന്റെ തന്നെ കണക്കില്‍ യൂനിവേഴ്‌സിറ്റികളില്‍ എന്റോള്‍ ചെയ്യുന്ന പെണ്‍കുട്ടികള്‍ ഇരട്ടിയായിട്ടുണ്ട്. സ്ത്രീപുരുഷ അനുപാതം സമീകരിക്കുന്നതില്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളുടെ സ്ഥാനങ്ങള്‍ കുവൈത്ത് 117, യു എ ഇ 119, ബഹ്‌റൈന്‍ 124, സഊദി അറേബ്യ 134, ഒമാന്‍ 135 എന്നിങ്ങനെയാണ്.