ഖത്വര്‍ അമീര്‍ ക്യൂബയില്‍

Posted on: November 24, 2015 8:36 pm | Last updated: November 24, 2015 at 8:36 pm
ക്യൂബയിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ക്യൂബന്‍ വിദേശകാര്യ  ഉപമന്ത്രി റൊജീലിയോ സീറ സ്വീകരിക്കുന്നു
ക്യൂബയിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ക്യൂബന്‍ വിദേശകാര്യ
ഉപമന്ത്രി റൊജീലിയോ സീറ സ്വീകരിക്കുന്നു

ദോഹ: ലാറ്റിനമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ക്യൂബയിലെത്തി. ഹവാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്യൂബന്‍ വിദേശകാര്യ ഉപമന്ത്രി റൊജീലിയോ സീറയും ഖത്വര്‍ അംബാസിഡര്‍ റാശിദ് മിര്‍സ അല്‍ മുല്ലയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
രണ്ട് ദിവസം ക്യൂബയില്‍ ചെലവഴിക്കുന്ന അമീര്‍, പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ചര്‍ച്ച നടത്തും. നയതന്ത്ര ബന്ധങ്ങളും മെച്ചപ്പെടുത്താനുള്ള വഴികളും മറ്റ് പരസ്പര താത്പര്യമുള്ള വിഷയങ്ങളും ചര്‍ച്ചക്ക് വിധേയമാക്കും. നിരവധി സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും. 1989 മുതലാണ് ക്യൂബയുമായി നയതന്ത്രബന്ധം ആരംഭിച്ചത്. ആരോഗ്യരംഗം അടക്കമുള്ള വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താന്‍ പ്രത്യേക ചര്‍ച്ചകള്‍ ഉണ്ടാകും.
തുടര്‍ന്ന് അമീര്‍ മെക്‌സിക്കോ, വെനസ്വേല അടക്കമുള്ള രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും. മെക്‌സിക്കോ പ്രസിഡന്റ് പെന നീറ്റോ, നിക്കോളാസ് മദുറോ എന്നിവരുമായി ചര്‍ച്ച നടത്തും. അറബ് ലോകവുമായി ബന്ധം സ്ഥാപിക്കുക ലക്ഷ്യമിട്ട് ബിസിനസ് രംഗത്തെയും മറ്റും വിദഗ്ധരുമായും അധികൃതരുമായും കൂടിക്കാഴ്ച നടത്തും. പര്യടനം ഒമ്പത് ദിവസം നീണ്ടുനില്‍ക്കും.
ദിവസങ്ങള്‍ക്ക് മുമ്പ് സഊദി അറേബ്യയില്‍ തെക്കേ അമേരിക്കന്‍, അറേബ്യന്‍ രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടി നടന്നിരുന്നു. ഈ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര താത്പര്യമുള്ള മേഖലകളില്‍ സുദൃഢ ബന്ധം വേണമെന്നായിരുന്നു ഉച്ചകോടിയുടെ പൊതുവികാരം.