ഭാവിയുടെ കരുതലിനായി ഊര്‍ജ സന്ദേശം

Posted on: November 24, 2015 8:32 pm | Last updated: November 24, 2015 at 8:32 pm
SHARE

exhibhitionദോഹ: ഷാര്‍ജ വഴികളുടെ ഭാവിയും വര്‍ത്തമാനവും വിവരിച്ച് എനര്‍ജി വേള്‍ഡ് എക്‌സിബിഷന്‍. വിജ്ഞാനം പകരുന്ന വിവരങ്ങളും ഊര്‍ജോത്പാദനത്തിന്റെയും ഉപയോഗത്തിന്റെയും രീതികളും ശീലങ്ങളും വിവരിച്ചും വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്നു ദോഹ എക്‌സിബിഷന്‍ സെന്ററിലെ പ്രദര്‍ശനം.
കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജോത്പാദനം മുതല്‍ പെട്രോള്‍, ഗ്യാസ് തുടങ്ങിയ ഊര്‍ജ സ്രോതസ്സുകളുടെ പ്രവര്‍ത്തനവും മാതൃകകളും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മനുഷ്യ ശരീരത്തില്‍ കൊഴുപ്പുകള്‍ ഇല്ലാതാക്കി ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനാവശ്യമായ ഭക്ഷ്യശീലങ്ങളും വ്യായാമ മുറകളും പ്രദര്‍ശകര്‍ അറിയിച്ചു തരും. പ്രകൃതി ഊര്‍ജങ്ങളുടെ ദുര്‍വ്യയവും നഷ്ടവും തടയുന്നതിനും സോളാര്‍ ഉള്‍പ്പെടെയുള്ള ബദല്‍ ഊര്‍ജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും പ്രദര്‍ശനം എടുത്തു കാട്ടുന്നുണ്ട്. ഖത്വര്‍ പെട്രോളിയം, ഷെല്‍, ടൂറിസം അതോറിറ്റി എന്നിവ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിഗ്, മാത്തമാറ്റിക്‌സ് എന്നിവയുടെ ആഘോഷം എന്നാണ് ഖത്വര്‍ എനര്‍ജി വേള്‍ഡിനെ സംഘാടകര്‍ പരിചയപ്പെടുത്തുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന ശാസ്ത്ര, സാങ്കേതിക രംഗങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനും പരിശീലിക്കുന്നതിനുമാണ് എനര്‍ജി വേള്‍ഡ് എക്‌സിബിഷന്‍ ലക്ഷ്യം വെക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിലൂടെയും രസകരമായും പരിചയപ്പെടുത്തുക എന്ന രീതിയാണ് എനര്‍ജി വേള്‍ഡ് സ്വീകരിക്കുന്നത്.
ഒരു ലിറ്റര്‍ ഇന്ധനവും മൂന്നു കാന്‍ സോഡയും ഉപയോഗിച്ച് ദോഹയില്‍ നിന്നും ഇസ്തംബൂള്‍ വരെ സഞ്ചരിച്ച ഖത്വര്‍ യൂനിവേഴ്‌സിറ്റി നിര്‍മിച്ച വാഹനം എനര്‍ജി വേള്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 3771 കിലോമീറ്റര്‍ ദൂരമാണ് ഈ വാഹനം സഞ്ചരിച്ചത്.
ഒരു ലിറ്റര്‍ ഷെല്‍ ഗ്യാസ് ടു ലിക്വിഡ് ഇന്ധനം ഉപയോഗിച്ച് 67.1 കിലോമീറ്റര്‍ സഞ്ചരിച്ച മറ്റൊരു വാഹനവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഊര്‍ജ നഷ്ടം ഒഴിവാക്കുന്ന ഭാവിയുടെ വാഹനങ്ങളിലേക്കുള്ള സൂചകം എന്ന സന്ദേശത്തിലാണ് വാഹനങ്ങളുടെ പ്രദര്‍ശനം. ഇതാദ്യമായാണ് എനര്‍ജി വേള്‍ഡ് പ്രദര്‍ശനം നടക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റെടുത്ത് കോംപ്ലിമെന്ററി ടിക്കറ്റുമായാണ് പ്രദര്‍ശനം കാണാനെത്തേണ്ടത്.
ഇതിനകം 5000 പേര്‍ പ്രദര്‍ശനം കാണാനെത്തിയതായി എക്‌സിബിഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സല്‍മാന്‍ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. വാരാന്ത്യ അവധി ദിനങ്ങളില്‍ കുടുംബങ്ങളുള്‍പ്പെടെ നിരവധി ആളുകളെത്തി. പ്രദര്‍ശനം വിശദീകരിച്ചു കൊടുക്കാനായി ഗൈഡുകളെ നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here