സിറിയ: ജനറല്‍ ശൈഖ് മുഹമ്മദുമായി ജോണ്‍ കെറി കൂടിക്കാഴ്ച നടത്തി

Posted on: November 24, 2015 8:12 pm | Last updated: November 24, 2015 at 8:12 pm
SHARE
അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ  ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി  യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സംഭാഷണത്തില്‍
അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ
ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി
യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സംഭാഷണത്തില്‍

അബുദാബി: യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സഊദി അറേബ്യന്‍ വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈറും ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി.
സിറിയയിലെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരേ കുടക്കീഴില്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. അടുത്ത മാസമാണ് സഊദിയുടെ നേതൃത്വത്തില്‍ സിറിയന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുന്നത്. യു എന്‍ സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന എന്നിവയുടെ പ്രതിനിധികള്‍ സഊദി, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ഭരണ നേതൃത്വവുമായി ഈ മാസം ആദ്യം സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു.
സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദുമായി പ്രതിപക്ഷത്തിന് ഔദ്യോഗികമായി സംസാരിക്കാന്‍ അവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ചര്‍ച്ച. സിറിയന്‍ പ്രതിപക്ഷ കക്ഷികള്‍ രണ്ടു വിഭാഗമായാണ് നിലകൊള്ളുന്നത്. ഒരു വിഭാഗം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയിലും രണ്ടാം വിഭാഗം ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ പിന്തുണയിലുമാണ് നിലകൊള്ളുന്നത്. ഈ രണ്ട് ചേരികളുടെയും വിരുദ്ധമായ നിലപാടുകളും പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വിനയാവുന്നുണ്ട്. സഊദിയുടെ പിന്തുണയുള്ള ഗ്രൂപ്പ് അസദ് അധികാരം ഒഴിയണമെന്ന് വാദിക്കുന്നവരാണ്. തുര്‍ക്കിയുടെ പിന്തുണയുള്ള ഗ്രൂപ്പിനാണ് സിറിയന്‍ മണ്ണില്‍ കൂടുതല്‍ വേരോട്ടം. 2011ലാണ് അസദ് കുടുംബത്തിന്റെ 40 വര്‍ഷം പിന്നിട്ട ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇതുവരെ രണ്ടര ലക്ഷം സിറിയന്‍ പൗരന്മാരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. മൊത്തം ജനസംഖ്യയുടെ നേര്‍ പകുതിയായ 1.1 കോടി ജനങ്ങള്‍ സ്വദേശത്ത് നിന്ന് പലായനം ചെയ്യാനും സിറിയന്‍ പ്രശ്‌നം ഇടയാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് യൂറോപ്പില്‍ അഭയം തേടിയത്. പലരും അയല്‍ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളിലാണ് ജീവിതം തള്ളുന്നത്.