Connect with us

Ongoing News

പുരോഗതിയിലേക്കുള്ള ആശയങ്ങള്‍ ഉണരട്ടെ

Published

|

Last Updated

വ്യക്തിയുടെ മനസിലാണ് രാജ്യത്തിനു വേണ്ടിയുള്ള ആശയങ്ങള്‍ ഉരുവം കൊള്ളുന്നത്. സമൂഹം അത് ഏറ്റെടുക്കുമ്പോള്‍ ഭാവി തലമുറക്കും ഗുണകരമാകും. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്ദുല്‍കലാം, ലോകജനതയെ, വിശേഷിച്ച് ഇന്ത്യക്കാരെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കാറുണ്ടായിരുന്നു. ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നമെല്ലാം ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന, മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്ന ആശയങ്ങളെക്കുറിച്ച് ആലോചന. ഡോ. എ പി ജെ അബ്ദുല്‍കലാം അങ്ങനെയാണ്. ഇന്ത്യക്കുവേണ്ടി പുതിയ തരം മിസൈലുകളും ബഹിരാകാശ ഗവേഷണങ്ങളും നടത്തിയത്.
ചില ആശയങ്ങളില്‍ നിന്ന് രാജ്യം തന്നെ ഉത്ഭവിച്ചു. യു എ ഇ ഉദാഹരണം. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്വപ്‌നമായിരുന്നു, മേഖലയിലെ “ട്രൂഷ്യല്‍ സ്റ്റേറ്റു”കളുടെ ഏകോപനം. ഐകമത്യം മഹാബലം എന്ന് ശൈഖ് സായിദ് കണ്ടറിഞ്ഞു. അബുദാബി ഭരണാധികാരിയായിരുന്ന ശൈഖ് സായിദിന്റെ ആശയത്തോട് ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂം പൂര്‍ണമായും യോജിച്ചു. നിരവധി ചര്‍ച്ചകള്‍ക്കു ശേഷം 1971 ഡിസംബര്‍ രണ്ടിന് വിവിധ എമിറേറ്റുകള്‍ ചേര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യാഥാര്‍ഥ്യമാക്കി.
ലോകത്തെ ഏറ്റവും പൊക്കമുള്ള കെട്ടിടം, മേഖലയിലെ ആദ്യ മെട്രോ തുടങ്ങിയവ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയം ദുബൈയുടെ തിലകക്കുറിയായി ബുര്‍ജ് ഖലീഫ മാറി. ദുബൈ മെട്രോ, ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമായി.
ഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ചലനാത്മകമാക്കാന്‍ നൂതനാശയങ്ങള്‍ വേണമെന്ന് ശൈഖ് മുഹമ്മദ് കൂടെക്കൂടെ പറയാറുണ്ട്. മൊബൈല്‍ ഫോണില്‍ വിരലമര്‍ത്തുമ്പോള്‍ സേവനം ജനങ്ങളിലെത്തണണെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചിരുന്നു. മിക്ക ഭരണസ്ഥാപനങ്ങളും അത് നടപ്പാക്കി. ചുകപ്പുനാട ഏറെക്കുറെ ഇല്ലാതായി. ജനങ്ങള്‍ക്ക് സംതൃപ്തി ലഭിച്ചു.
ഇത്തരം നവീനാശയങ്ങള്‍ ജനങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നുവരണം. അതിന് യു എ ഇ ഭരണകൂടം പ്രോത്സാഹനം നല്‍കുന്നു. അതിനുവേണ്ടി, വാരാചരണം നടത്തുന്നു. ഈ മാസം 28 വരെ നൂതനാശയങ്ങളുടെ ദിവസങ്ങളാണ്. ആശയം, ഉല്‍പന്നം എന്നിങ്ങനെ ഏത് വഴിയിലും ഭാഗമാകാം. യു എ ഇയിലെമ്പാടും 800ഓളം പുതിയ ആശയം അവതരിപ്പിക്കപ്പെടും. വിദ്യാര്‍ഥികളും അതിന്റെ ഭാഗമാകും. എല്ലാ നിലയിലും യു എ ഇ സമ്പന്നമാകണം.
1972ല്‍ യു എ ഇയുടെ വരുമാനം 180 കോടി ഡോളറായിരുന്നു. 41,800 കോടി ഡോളറായി അത് വളര്‍ന്നിട്ടുണ്ട്. സാക്ഷരത 35 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി. ആയുര്‍ദൈര്‍ഘ്യം 63ല്‍ നിന്ന് 77 ആയി. 1985ല്‍ ഒരു വിമാനമായിരുന്നു എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്. ഇന്ന് നൂറുകണക്കിന്. 140 രാജ്യങ്ങളിലേക്ക് ഇടതടവില്ലാതെ പറക്കുന്നു.
44-ാം ദേശീയദിനം ആഘോഷിക്കുന്നതിന് തൊട്ടുമുമ്പ് യു എ ഇക്ക് പുതിയ ദിശാബോധം നല്‍കുന്ന ആഹ്വാനമാണ് ശൈഖ് മുഹമ്മദ് നടത്തിയത്. വിദേശികള്‍ക്കും അതില്‍ ഭാഗഭാക്കാകാം. എല്ലാതരം നന്മകളെയും ഉള്‍കൊള്ളുന്ന രാജ്യമാണിത്.

Latest