Connect with us

International

ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധിരിച്ച് അറസ്റ്റ്: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം

Published

|

Last Updated

ഹൂസ്റ്റണ്‍: സ്വയം നിര്‍മിച്ച ക്ലോക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്ത അഹ്മദ് മുഹമ്മദ് എന്ന ക്ലോക്ക് മുഹമ്മദ് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. ബോംബെന്ന് തെറ്റിദ്ധരിച്ച അധ്യാപകന്‍ പോലീസില്‍ വിളിച്ചറിയിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. സംഭവം വിവാദമാകുകയും ലോകസമൂഹം മുഴുവന്‍ കുട്ടിക്ക് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. സ്‌കൂള്‍ അധികൃതരുടെയും പോലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പഠനം അവസാനിപ്പിച്ച് ഇപ്പോള്‍ ഖത്വറിലാണ് പഠനം തുടരുന്നത്.
15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിന് പുറമെ ഇര്‍വിംഗ് സിറ്റി മേയറും പോലീസ് മേധാവിയും മാപ്പ് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അഹ്മദിന്റെ ഭാവി പഠനത്തിന്റെ മുഴുവന്‍ ചെലവും ഖത്വര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇവരുടെ കുടുംബം ഖത്വറിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. കുട്ടിക്കുണ്ടായ മാനനഷ്ടം വലുതാണെന്നും മാനസികമായ പ്രശ്‌നങ്ങള്‍ക്ക് പോലീസിന്റെയും സ്‌കൂള്‍ അധികൃതരുടെയും പക്വതയില്ലാത്ത നടപടികള്‍ കാരണമായെന്നും പരാതിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിക്ക് പുറമെ മാതാപിതാക്കളും കുടുംബാംഗങ്ങളും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൈവിലങ്ങ് ധരിച്ച് പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന അഹ്മദിന്റെ ഫോട്ടോ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.
അഹ്മദിനെ പോലീസ് പിടികൂടിയ സമയത്ത്, ഇര്‍വിംഗ് മേയറായിരുന്ന ബെത് വാന്‍ ദുയ്‌നെ, ക്ലോക്ക് ബോംബാണെന്നും പോലീസ് ചോദ്യം ചെയ്യുന്ന സമയത്ത് കുട്ടി സഹകരിക്കുന്നില്ലെന്നും പരസ്യമായി ടെലിവിഷനില്‍ പറഞ്ഞിരുന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് തങ്ങള്‍ക്ക് ലഭിച്ചതായി ഇര്‍വിംഗ് സ്‌കൂള്‍ ഡിസ്ട്രിക് വക്താവ് പറഞ്ഞു.