Connect with us

National

മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലോക്‌സഭാ സീറ്റ് നഷ്ടമായി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് തിരിച്ചടി. മണിപ്പൂരില്‍ ബി ജെ പി അക്കൗണ്ട് തുറന്നു. മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കാന്തിലാല്‍ ഭുരിയ വിജയിച്ചു. ഗോത്ര മേഖലയായ മണ്ഡലത്തില്‍ നിന്ന് എണ്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പി സ്ഥാനാര്‍ഥി നിര്‍മല ഭുരിയയെ പരാജയപ്പെടുത്തിയത്. ബി ജെ പി. എം പിയായിരുന്ന ദിലീപ് സിംഗ് ഭുരിയയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സഹതാപ തരംഗത്തില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ദിലീപ് സിംഗിന്റെ മകളും പെട്‌ലാവാദില്‍ നിന്നുള്ള എം എല്‍ എയായ നിര്‍മലയെ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയത്. മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ സീറ്റായിരുന്ന രത്‌ലം കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബി ജെ പി പിടിച്ചത്. മധ്യപ്രദേശിലെ ദേവാസ് നിയമസഭാ മണ്ഡലം ബി ജെ പി നിലനിര്‍ത്തി.
രണ്ട് ലോക്‌സഭാ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയിലെ വാറങ്കല്‍ ലോക്‌സഭാ മണ്ഡലം ടി ആര്‍ എസ് നിലനിര്‍ത്തി. 4.59 ലക്ഷത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പി ദയാകര്‍ പരാജയപ്പെടുത്തിയത്.
മണിപ്പൂരിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി ജെ പി അക്കൗണ്ട് തുറന്നു. രണ്ട് മണ്ഡലങ്ങളിലും സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ബി ജെ പി പരാജയപ്പെടുത്തി.
മിസോറാമിലെ ഐസ്‌വാള്‍ നോര്‍ത്ത് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും മേഘാലയയിലെ നോംഗ്‌സ്റ്റോയിന്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എച്ച് എസ് പി ഡി പിയും വിജയിച്ചു.

---- facebook comment plugin here -----

Latest