ഭൂമിക്കായി നടത്തുന്ന അനിശ്ചിതകാല കുത്തിയിരിപ്പ് സമരം 100 ദിവസം പിന്നിട്ടു

Posted on: November 24, 2015 10:30 am | Last updated: November 24, 2015 at 10:30 am
SHARE

കല്‍പ്പറ്റ: വിലകൊടുത്തു വാങ്ങിയ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് പെരുവഴിയിലായ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മകള്‍ ട്രീസും ഭര്‍ത്താവ് ജയിംസും രണ്ടു മക്കളും കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചിതകാല കുത്തിയിരിപ്പു സമരം നൂറു ദിവസം പിന്നിട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് ജയിംസിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ വിവരം രേഖാമൂലം ജയിംസിനെയും സമരസഹായസമിതിയെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ചര്‍ച്ച നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ചര്‍ച്ച മാറ്റിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച നടത്താമെന്നാണ് മന്ത്രി ജയലക്ഷ്മി അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ എത്രയും വേഗം ചര്‍ച്ച നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ -യുവജനക്ഷേമ മന്ത്രി ജയലക്ഷ്മിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്ന് നിഷ്‌ക്കരുണം ഒരു കുടുംബത്തെ ആട്ടിപ്പായിച്ച ഭരണകൂട നടപടിക്കെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബം ആരംഭിച്ച സമരത്തിന് വയനാട്ടിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണയുണ്ട്. വിവിധ പാര്‍ട്ടികളും സംഘടനകളും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കലക്ടറേറ്റ് മാര്‍ച്ചും വിവിധ സമരപരിപാടികളും നടത്തിയിരുന്നു. സാമ്പത്തികമായും രാഷ്ട്രീയപരമായും ശേഷിയില്ലാത്ത നിര്‍ധന കുടുംബത്തിന്റെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് വയനാട് പ്രസ് ക്ലബും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയം സംബന്ധിച്ച് സംവാദം നടത്തിയിരുന്നു. സംവാദത്തില്‍ പങ്കെടുത്ത രാഷ്ട്രീയപാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍, കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നീതി കേടാണെന്നാണ് അഭിപ്രായപ്പെട്ടത്. പിന്നീട് സംവാദത്തിന്റെയും ചുരുക്കവും വയനാട്ടിലെ പൊതുജനവികാരവും സൂചിപ്പിച്ച് വയനാട് പ്രസ് ക്ലബ് മന്ത്രി ജയലക്ഷ്മിക്കും ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാറിനും കത്ത് നല്‍കി. ഇതേ തുടര്‍ന്നാണ് മന്ത്രി ജയലക്ഷ്മി ഇടപെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ഈ ചര്‍ച്ചയിലേക്കായി മുഖ്യമന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി പ്രധാനമായും നാല് ശിപാര്‍ശകളാണ് കലക്ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് അറിയുന്നു. സാങ്കേതികമായ നൂലാമാലകള്‍ പരിഹരിച്ച് എത്രയും വേഗം കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന് ഗൗരവമായ നടപടി ഉണ്ടാകാത്തപക്ഷം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാടിന്റെ പൊതുവിഷയമായി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി സമരം ഉയര്‍ത്തിക്കാട്ടി യു.ഡി.എഫിനെതിരേ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിവിധ സംഘടനകള്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് സൂചന.
ഇതിനിടെ ഇന്ന് ജില്ലയില്‍ എത്തുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്‍ സമരപന്തലിലെത്തി കാഞ്ഞിരത്തിനാല്‍ കുടുംബത്തെ സന്ദര്‍ശിക്കും. വി.എസ്. അച്യൂതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ ഇടപെട്ടിരുന്നു. പിന്നീട് അദേഹം മുഖ്യമന്ത്രിയായപ്പോള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചു. പക്ഷെ ഉദ്യോഗസ്ഥ ലോബി ഇത് അട്ടിമറിക്കുകയും വണ്‍ എര്‍ത്ത് വണ്‍ലൈഫിന്റെ ഹര്‍ജിയെ തുടര്‍ന്ന് നടപടികള്‍ കോടതി സ്‌റ്റേ ചെയ്യുകയുമായിരുന്നു. കാഞ്ഞിരത്തിനാല്‍ ജോര്‍ജ് വില കൊടുത്ത് നിയമപ്രകാരം വാങ്ങിയ ഭൂമി കള്ളക്കളികളിലൂടെ വനംവകുപ്പ് പിടിച്ചെടുത്ത വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ കലക്ടറേറ്റ് പടിക്കല്‍ കിടന്ന് മരിക്കുകയല്ലാതെ ഒരിഞ്ചുപോലും തോറ്റ് പിന്‍മാറില്ലെന്ന് ജോര്‍ജിന്റെ മകള്‍ ട്രീസയുടെ ഭര്‍ത്താവ് ജയിംസ് പറഞ്ഞു. കലക്ടറേറ്റ് പടിക്കല്‍ തണുപ്പും വെയിലും മഞ്ഞും മഴയുമേറ്റ് ജയിംസും കുടുംബവും നടത്തുന്ന കുത്തിയിരിപ്പു സമരം 100 ദിവസം പിന്നിട്ടു. ‘കള്ളിക്കളിലൂടെ ഭൂമി പിടിച്ചെടുത്തതിനു പുറമെ ഇനിയും ദ്രോഹിക്കാനാണ് വനംവകുപ്പിന്റെ തീരുമാനമെങ്കില്‍ ഞങ്ങളുടെ ശവങ്ങള്‍ കൂടി അവരെടുത്ത് വീതിച്ചു തിന്നട്ടെ. ഇത്തവണത്തെ ചര്‍ച്ച കൂടി നോക്കും. അതുകഴിഞ്ഞ് …മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ജയിംസ് പൊട്ടിക്കരഞ്ഞു. വീതമായി കിട്ടിയ കിടപ്പാടം വരെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ജയിംസ്. ഭാര്യപിതാവിന്റെ ഒപ്പം വനംവകുപ്പിനെതിരേ നിയമപോരാട്ടം നടത്തിയാണ് ജയിംസ് സാമ്പത്തികമായും തകര്‍ന്നത്. ഈ ആവശ്യത്തിനായി ഭൂമി ഈടായി നല്‍കിയാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങി ബാങ്കില്‍ നിന്ന് ജപ്തി നടപടികള്‍ ആരംഭിച്ചു. എല്ലാവിധത്തിലും തകര്‍ന്ന ജയിംസ് അവസാന ശ്രമമെന്ന രീതിയിലാണ് കലക്ടറേറ്റ് പടിക്കല്‍ സമരവുമായി എത്തിയിരിക്കുന്നത്. ഇനിയും നീതി ലഭിക്കുന്നില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ജയിംസ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here