ബംഗ്ലാദേശി യുവതിക്ക് നഗരത്തിന്റെ ആദരം

Posted on: November 24, 2015 10:28 am | Last updated: November 24, 2015 at 10:28 am

കോഴിക്കോട്: പീഡനത്തെ തുടര്‍ന്ന് മുറിവേറ്റ മനസുമായി ബംഗ്ലാദേശിലേക്ക് മടങ്ങുന്ന യുവതിക്ക് സഹതാപത്തിനപ്പുറം കലാകാരിയെന്ന നിലയില്‍ നഗരത്തിന്റെ ആദരം.
എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ പീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെയാണ് അവരുടെ എഴുത്തിനും ചിത്രങ്ങള്‍ക്കും ലഭിച്ച അംഗീകാരമായി ഒരു ലക്ഷം ബംഗ്ലാദേശ് ടാക്കയുമായി യാത്രയാക്കുന്നത്.
സായ എന്ന തൂലികാനാമത്തിലാണ് 34കാരിയായ ബംഗ്ലാദേശ് യുവതി എഴുതുകയും ചിത്രം വരക്കുകയും ചെയ്തിരുന്നത്. ഇവരുടെ രചനകളും ചിത്രങ്ങളും ജനം ഏറ്റെടുക്കുകയായിരുന്നെന്നും ഇവര്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഒരു ലക്ഷം ടാക്കയുടെ രൂപത്തില്‍ നല്‍കുന്നതെന്ന് ആം ഓഫ് ജോയ് ഭാരവാഹി ജി അനൂപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
34 ഫീമെയ്ല്‍ ബംഗ്ലാദേശ്’ എന്ന പേരില്‍ ആര്‍ട്ട്ഗ്യാലറയില്‍ എട്ട് ദിവസങ്ങളിലായി സമയയുടെ ചിത്രപ്രദര്‍ശനം നടന്നിരുന്നു. പ്രദര്‍ശിപ്പിച്ച പതിനെട്ട് ചിത്രങ്ങള്‍ ആസ്വാദകര്‍ പണം നല്‍കി സ്വന്തമാക്കിയപ്പോള്‍ രണ്ട് ചിത്രങ്ങള്‍ വീണ്ടും വരക്കാനും സഹൃദയര്‍ ആവശ്യപ്പെട്ടു.
സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സായയുടെ അക്രലിക് ചിത്രങ്ങള്‍ വാങ്ങി. പ്രദര്‍ശനഹാളിലെ കൗണ്ടറില്‍ വെച്ച ഞാന്‍ എന്ന മുറിവ്’എന്ന സായയുടെ പുസ്തകത്തിന്റെ 431 കോപ്പികളാണ് ഇതിനകം വിറ്റഴിഞ്ഞത്.
ചിത്രങ്ങള്‍ വിറ്റതിലൂടെ ലഭിച്ച 60,000 രൂപയും, പുസ്തക വില്‍പനയില്‍ നിന്നുള്ള 25,000 രൂപയും ചേര്‍ത്ത് 85,000 ഇന്ത്യന്‍ രൂപയാണ് ആം ഓഫ് ജോയ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ശേഖരിച്ചത്. അത് ബംഗ്ലാദേശി കറന്‍സിയിലേക്ക് മാറ്റിയപ്പോള്‍ ഒരു ലക്ഷം ടാക്കയായി മാറി.
പ്രദര്‍ശനഹാളില്‍ ആസ്വാദകര്‍ സായക്കായി എഴുതിയ കുറിപ്പുകളെല്ലാം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. ടു സായ, പ്യാര്‍ സെ കോഴിക്കോട്’എന്ന പേരില്‍ ബൈന്‍ഡ് ചെയ്ത് പുസ്തകരൂപത്തില്‍ കൈമാറുകയും ചെയ്തു.
പുസ്തക വില്‍പനയില്‍ നിന്നും ലഭിച്ച തുകയില്‍ ബാക്കിവന്ന 18,100 രൂപ തന്നെപോലെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഒരു ഫണ്ട് ആക്കിമാറ്റിയാണ് സായ ബംഗ്ലാദേശിലേക്ക് യാത്രയാവുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഷിജു, രേഖ അനൂപ് സംബന്ധിച്ചു.