മതനിരപേക്ഷതക്ക് കൂടുതല്‍ അപകടം ഭൂരിപക്ഷ വര്‍ഗീയത: രാജേഷ് എം പി

Posted on: November 24, 2015 10:25 am | Last updated: November 24, 2015 at 10:25 am

കോഴിക്കോട്: രാജ്യത്തിന്റെ മതനിരപേക്ഷതക്ക് കൂടുതല്‍ അപകടം ഭൂരപക്ഷ വര്‍ഗീയതയാണെന്ന് എം ബി രാജേഷ് എം പി.
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ തത്തുല്യഅപകടകാരികളാണെ വാദത്തോട് തനിക്ക് യോജിക്കാനാവില്ല. ഭൂരിപക്ഷ വര്‍ഗീയത ഭരണം കൈയ്യാളുന്ന സമകാലിക രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയും വളര്‍ച്ച പ്രാപിക്കും. എങ്കിലും അതിന് ഭരണകൂട അധികാരം നേടാന്‍ കൈയ്യാത്തിടത്തോളം ഭൂരിപക്ഷ ഭീകരതക്കെതിരെയാണ് ജാഗ്രത പുലര്‍ത്തേണ്ടതെന്നും രാജേഷ് പറഞ്ഞു.
മുഹമ്മദ് അബ്ദുറഹ്മന്‍ അനുസ്മരണ സമിതി മുഹമ്മദ് അബ്ദുറഹ്മാന്‍ വര്‍ത്തമാന കാലത്തിന് നല്‍കുന്ന പാഠം എന്ന വിഷയത്തല്‍ സംഘടിപ്പിച്ച സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ രാഷ്ട്ര സങ്കല്‍പങ്ങള്‍ക്കെതിരെ ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ സൃഷ്ടിക്കുന്ന ഭീഷണികള്‍ കൂടുതല്‍ തീവ്രമാകുകയാണെന്നും രാജേഷ് പറഞ്ഞു.
ഖുര്‍ആന്‍ സൂക്തങ്ങളെ വക്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മതമൗലിക വാദികളാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ ശത്രുക്കളെന്ന് കെ എം ഷാജി എം എല്‍ എ പറഞ്ഞു. മതനിഷ്ഠയുള്ള മതനിരപേക്ഷവാദിയായിരുന്ന അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രവര്‍ത്തന ശൈലി പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണം. മതവര്‍ഗീയ വാദികളെ തിരസ്‌കരിക്കാനുള്ള ആര്‍ജവം പുതിയ തലമുറ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുസ്മരണ സമിതി പ്രസിഡണ്ട് ഹമീദ് ചേന്ദമംഗലൂര്‍ അധ്യക്ഷനായി. ഇ വി ഉസ്മാന്‍ കോയ, ടി കെ എ അസീസ്, എന്‍ പി ഹാഫിസ് മുഹമ്മദ് സംബന്ധിച്ചു.