തിരുന്നാവായയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു

Posted on: November 24, 2015 10:21 am | Last updated: November 24, 2015 at 10:21 am
SHARE

തിരുന്നാവായ: പഞ്ചായത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ 13-ാം വാര്‍ഡ് മെമ്പര്‍ കൊട്ടാരത്ത് ഷംന രാജിവെച്ചു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പഞ്ചായത്ത് സെക്രട്ടറി സരസ്വതി മുമ്പാകെ രാജി സമര്‍പ്പിച്ചത്. തന്റെ വാര്‍ഡിലുള്ള ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരനായ ഭര്‍ത്താവിനെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിടുന്നതിനുള്ള തീരുമാനം താനറിയാതെ പഞ്ചായത്ത് ബോര്‍ഡില്‍ വെച്ചതാണ് മെമ്പറെ ചൊടിപ്പിച്ചത്. ഇത്തരമൊരു ഭരണ സമിതിയുമായി മുന്നോട്ട് പോവാന്‍ കഴിയാത്തത് കൊണ്ടാണ് രാജിവെച്ചതെന്ന് ഷംന പറഞ്ഞു .
വര്‍ഷങ്ങളോളമായി യു ഡി എഫ് കൈവശം വെച്ചിരുന്ന 13ാം വാര്‍ഡ് ഇത്തവണ എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് എല്‍ ഡി എഫ് സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തില്‍ ഷംനയുടെ ഭര്‍ത്താവ് കൊട്ടാരത്ത് ബാബു കഴുത്തില്‍ ചുറ്റിയ ചുവപ്പ് ഹാരവുമായി നടന്നു നീങ്ങുന്നത് വാട്ട്‌സാപ്പില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണത്രെ ബാബുവിനെതിരെ നടപടി. അതേ സമയം ഇത് താനറിയാതെ സുഹൃത്തുക്കള്‍ ഒപ്പിച്ചതാണെന്നും ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബാബു പറഞ്ഞു. എന്നാല്‍ ഷംന രാജി വെക്കേണ്ട കാര്യമില്ലെന്നും തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന പാര്‍ട്ടി യോഗത്തിനു ശേഷം രാജിക്കാര്യം ആലോചിക്കാമെന്നും ലീഗ് വാര്‍ഡ് സെക്രട്ടറി എം പി മജീദ് പറഞ്ഞു. ഇക്കാര്യം മെമ്പറെ അറിയിച്ചിരുന്നതായും അതൊന്നും അംഗീകരിക്കാതെ സി പി എമ്മിന്റെ ഗൂഢ നീക്കത്തെ തുടര്‍ന്നാണ് രാജിയെന്നും ഇദ്ദേഹം ആരോപിച്ചു. മെമ്പര്‍ ഉന്നയിച്ച രാജിക്ക് കാരണമായ വിഷയം പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വെച്ചപ്പോഴാണ് താനറിഞ്ഞതെന്ന് 11 ാം വാര്‍ഡ് അംഗം സി പി റശീദ് എന്ന കുഞ്ഞാവ പറഞ്ഞു. എന്നാല്‍ 20 വര്‍ഷത്തിലധികമായി ലീഗ് കൈവശം വെച്ചിരുന്ന സീറ്റ് നഷ്ടപ്പെട്ടതിലുള്ള ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് മെമ്പറുടെ രാജിയെന്ന് പഞ്ചായത്ത് ഭരണ സമിതിയിലെ എട്ടാം വാര്‍ഡ് മെമ്പര്‍ വി മൊയ്തീന്‍ കുട്ടിയും പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കാലാവധി ഫെബ്രുവരിയിലാണ് അവസാനിക്കുക.