കാലാവസ്ഥാ വ്യതിയാനം: മുന്നറിയിപ്പ് നല്‍കി യു എന്‍

Posted on: November 24, 2015 5:02 am | Last updated: November 24, 2015 at 1:03 am
SHARE

യുനൈറ്റഡ് നാഷന്‍: കാലാവസ്ഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ആറ് ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ലോക രാജ്യങ്ങള്‍ അടിയന്തരമായി കരാറിലെത്തണമെന്നും ഐക്യരാഷ്ട്ര സഭ. 1995 മുതല്‍ വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, മറ്റു കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നീ കാരണങ്ങളാല്‍ 6,06,000 പേര്‍ക്ക് ജീവഹാനി സംഭവിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ ഏജന്‍സി യു എന്‍ ഐ എസ് ഡി ആറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വീട് നഷ്ടപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും അടിയന്തര സഹായം ആവശ്യമായവരുടെയും എണ്ണം 400 കോടി കവിയുമെന്നും ഏജന്‍സി കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കി.
ലോകത്ത് സംഭവിക്കുന്ന വിവിധ കാലാവസ്ഥാ ദുരന്തങ്ങള്‍ പുതിയ കരാറുകളലെത്തിച്ചേരാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ മാസം 30ന് കാലാവസ്ഥാ ഉച്ചകോടി പാരീസില്‍ തുടങ്ങാനിരിക്കുകയാണ്. ഹരിത വാതകം ഏറ്റവും കൂടുതല്‍ പുറത്തുവിടുന്നത് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളാണ്. കഴിഞ്ഞ ഉച്ചകോടികളിലെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഹരിതവാതകം പുറന്തള്ളുന്നതില്‍ കാര്യമായ മാറ്റം വികസിതരാജ്യങ്ങളില്‍ വന്നിട്ടില്ല. കൊടുങ്കാറ്റും വെള്ളപ്പൊക്കവും ലോക രാഷ്ട്രങ്ങളെ മുഴുവനും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ വരള്‍ച്ചയും അന്തരീക്ഷ താപവും ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ മനുഷ്യസമൂഹത്തിന്റെ സമ്പത്തിനും അവരുടെ അടിസ്ഥാനഘടകങ്ങള്‍ക്കും ക്ഷതം വരുത്തിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.