രാമക്ഷേത്ര നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കും- ആര്‍ എസ് എസ്

Posted on: November 24, 2015 12:58 am | Last updated: November 24, 2015 at 12:59 am

mohan bhagavathന്യൂഡല്‍ഹി: ആര്‍ എസ് എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. അന്തരിച്ച വിശ്വഹിന്ദു പരിഷത് നേതാവ് അശോക് സിംഗാളിനോടുള്ള ആദര സൂചകമായാണ് ഇതെന്നാണ് മോഹന്‍ ഭഗവത് വ്യക്തമാക്കിയത്. അശോക് സിംഗളിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം. രാമക്ഷേത്ര നിര്‍മാണം അഭിലാഷമായി കണ്ട് മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അശോക് സിംഗാള്‍. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ആര്‍ എസ് എസ് ആത്മാര്‍പ്പണം നടത്തും. സിംഗാള്‍ കാണിച്ച വഴിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാമക്ഷേത്രം പൂര്‍ത്തിയാക്കുകയെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം പണിയുക, ലോകം മുഴുവന്‍ വേദം എത്തിക്കുക എന്നീ കാര്യങ്ങളായിരുന്നു അശോക് സിംഗാള്‍ പ്രധാനമായും ജീവിതാഭിലാഷമായി പങ്കുവെച്ചത്. അദ്ദേഹത്തിന്റെ രണ്ട് ആഗ്രഹങ്ങളും സാധ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രസ്ഥാനത്തിന്റെ ശില്‍പ്പിയായിരുന്നു സിംഗാളെന്ന്, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് തൊണ്ണുറുകളില്‍ നടന്ന പ്രക്ഷോഭം ചൂണ്ടിക്കാട്ടി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
റാം എന്നാല്‍ ‘ഭാരതം’ എന്നാണെന്നും ‘ഭാരതം’ എന്നാല്‍ റാം എന്നാണെന്നും കേന്ദ്ര മന്ത്രി മുരളി മനോഹര്‍ ജോഷി പറഞ്ഞു. രാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാകാതെ അശോക് സിംഗാളിന്റെ സ്വപ്‌നം പൂവണിയില്ല. രാമക്ഷേത്രത്തെ കുറിച്ച് പറയുന്നത് ഭിന്നിപ്പുണ്ടാക്കലല്ല. ഇത് പറയുന്നത് ഭിന്നിപ്പിക്കാലാണെന്ന് പറയുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല. അയോധ്യയില്‍ രാമക്ഷേത്രം പണിയാനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നിയമം കൊണ്ടുവരണമെന്നും അശോക് സിംഗാളിന്റെ വിയോഗം ദൂഃഖിക്കാനുള്ള അവസരമല്ല, ഹിന്ദുക്കളുടെ വിജയം ആഘോഷിക്കാനുള്ള അവസരമായി കാണുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, രവി ശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി മോഹന്‍ ഭഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ കണ്ട രണ്ട് പ്രധാന പ്രക്ഷോഭങ്ങളിലൊന്നാണ് ‘റാംജന്മഭൂമി പ്രക്ഷോഭം’എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.
അതേസമയം, അസഹിഷ്ണുതയുള്‍പ്പെടെ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള സംഘ്പരിവാര്‍ നേതാക്കളുടെ ശ്രമമാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ സംഘ്പരിവാറിന് കേന്ദ്രത്തില്‍ അധികാരം പിടിക്കാനുള്ള കുറുക്കുവഴിയായാണ് വിവാദമായ രാമക്ഷേത്രത്തെ ഉപയോഗിച്ചിരുന്നത്. പിന്നീട് രാമക്ഷേത്രം പ്രധാന അജന്‍ഡകളില്‍ നിന്ന് മാറ്റിവെച്ചെങ്കിലും കലുഷിത സാഹചര്യത്തില്‍ വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സംഘ്പരിവാര്‍.