ആഴ്‌സണലിന് നിര്‍ണായകം

Posted on: November 24, 2015 5:49 am | Last updated: November 24, 2015 at 12:50 am

2EBBA72E00000578-3330298-image-a-36_1448284949603യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിന് ഇന്ന് മരണക്കളി. ഗ്രൂപ്പ് എഫില്‍ ഡിനാമോ സാഗ്രെബിനെതിരായ ഹോം മാച്ചില്‍ ആഴ്‌സണലിന് ജയിച്ചേ തീരൂ. ഇതേ ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി മുന്‍നിരയിലുള്ള ബയേണ്‍ മ്യൂണിക്കും ഒളിമ്പ്യാകോസും തമ്മിലുള്ളതും ശ്രദ്ധേയ പോരാട്ടമാണ്. ആഴ്‌സണലിനും സാഗ്രെബിനും മൂന്ന് പോയിന്റ് വീതം. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാല്‍ മാത്രമേ ആഴ്‌സണലിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനാകൂ. കഴിഞ്ഞദിവസം പ്രീമിയര്‍ ലീഗില്‍ പരാജയപ്പെട്ട ആഴ്‌സണല്‍ മികച്ചൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്നു. സെപ്തംബറില്‍ നടന്ന ആദ്യപാദത്തില്‍ ഡിനാമോ സാഗ്രെബിന്റെ തട്ടകത്തില്‍ 2-1ന് ആഴ്‌സണല്‍ തോറ്റിരുന്നു. അന്നത്തെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാണ് ആഴ്‌സണലിന്. മിഡ്ഫീല്‍ഡര്‍ ആരോണ്‍ റാംസി പരുക്ക് ഭേദമായി തിരിച്ചെത്തുന്നത് ഗണ്ണേഴ്‌സിന് ആശ്വാസമേകുന്നു.
ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ബാഴ്‌സലോണ എ എസ് റോമയേയും എഫ് സി പോര്‍ട്ടോ ഡൈനമോ കീവിനേയും ചെല്‍സി മക്കാബി ടെല്‍ അവീവിനെയും നേരിടും.