മൂന്നാം ടെസ്റ്റ് നാളെ മുതല്‍ നാഗ്പൂരില്‍

Posted on: November 24, 2015 6:01 am | Last updated: November 24, 2015 at 7:48 pm
SHARE

49893334നാഗ്പുര്‍: ടെസ്റ്റ് പരമ്പരയില്‍ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങള്‍ ക്യാപ്റ്റന്‍ ഹാഷിം അംലയിലേക്കാണ് ഉറ്റുനോക്കുന്നത്. കാരണം, നാഗ്പുരിലെ വി എസി എ സ്റ്റേഡിയത്തിലാണ് അംല തന്റെ രണ്ടാമത്തെ മികച്ച ടെസ്റ്റ് ബാറ്റിംഗ് കാഴ്ചവെച്ചത് – 253 നോട്ടൗട്ട് ! 23 സെഞ്ച്വറികള്‍ നേടിയ അംല ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യ ഉയര്‍ത്തുന്ന സ്പിന്‍ വെല്ലുവിളി സന്ദര്‍ശക ടീമിന് അതിജീവിക്കാം. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
അഞ്ച് വര്‍ഷം മുമ്പായിരുന്നു അംലയുടെ മഹത്തായ ഇന്നിംഗ്‌സ്. അതേ മത്സരത്തില്‍ പത്ത് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ പേസര്‍ ഡെയില്‍ സ്റ്റെയിനും ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ട്. ഒന്നാമിന്നിംഗ്‌സില്‍ സ്റ്റെയിന്‍ 51ന് ഏഴ് വിക്കറ്റെടുത്തത് കരിയര്‍ ബെസ്റ്റ് ആയി. മത്സരം ഇന്നിംഗ്‌സിനും ആറ് റണ്‍സിനും ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു.
ഡെയില്‍ സ്റ്റെയിന്‍ പക്ഷേ, കളിക്കുമോ എന്നുറപ്പില്ല. പരുക്കില്‍ നിന്ന് മുക്തനായെങ്കിലും സ്റ്റെയിന്റെ ഫിറ്റ്‌നെസ് നൂറ് ശതമാനത്തില്‍ എത്തിയിട്ടില്ല. നെറ്റ്‌സില്‍ പന്തെറിഞ്ഞ് പരിശീലനം നടത്തിയ സ്റ്റെയിന്‍ കളിക്കുന്ന കാര്യം ഇന്ന് രാവിലെ മാത്രമേ ടീം തീരുമാനിക്കുകയുള്ളൂ. മൊഹാലി ടെസ്റ്റിനിടെ പരുക്കേറ്റ സ്റ്റെയിന്‍ ബെംഗളുരു ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ടെസ്റ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ഹാഷിം അംല മൊഹാലി ടെസ്റ്റില്‍ 43, 0 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. മഴയെടുത്ത ബെംഗളുരു ടെസ്റ്റില്‍ ഏഴ് റണ്‍സും. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാനാണ് അംല. ഈ പരമ്പര ഒഴിച്ചു നിര്‍ത്തിയാല്‍, ഇന്ത്യക്കെതിരെ ആറ് ടെസ്റ്റുകളില്‍ നാല് സെഞ്ച്വറികള്‍ ഉള്‍പ്പടെ 102.87 ശരാശരിയില്‍ 823 റണ്‍സാണ് അംല നേടിയത്.
സ്റ്റെയിന്‍ കളിക്കുന്നില്ലെങ്കില്‍ പകരം മെര്‍ചന്റ് ഡി ലാംഗെ പന്തെടുക്കും. 2012 ലാണ് ലാംഗെ തന്റെ അവസാന രണ്ട് ടെസ്റ്റുകള്‍ കളിച്ചത്. മോര്‍നി മോര്‍ക്കല്‍, കഗിസോ റബാഡ, കൈല്‍ അബോട്ട് എന്നിങ്ങനെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്.
സ്പിന്നര്‍മാരെ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ തയ്യാറെടുപ്പ്. രവിചന്ദ്രന്‍ പരമ്പരയിലെ മൂന്ന് ഇന്നിംഗ്‌സുകളില്‍ ഇന്ത്യ വീഴ്ത്തിയ മുപ്പത്ത് വിക്കറ്റുകളില്‍ 24 ഉം അശ്വിനും രവീന്ദ്ര ജഡേജയും തുല്യമായി പങ്കിട്ടു.
മൊഹാലി ടെസ്റ്റില്‍ 184, 109 സ്‌കോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ ആള്‍ ഔട്ടാക്കിയത് ഇവരുടെ ബലത്തിലായിരുന്നു.
ബെംഗളുരു ടെസ്റ്റില്‍ 214ന് ആള്‍ ഔട്ടായി. മഴ കാരണം മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ചെറുത്തു നിന്നത് എ ബി ഡിവില്ലേഴ്‌സ് മാത്രമാണ്. മൊഹാലിയില്‍ 63ഉം ബെംഗളുരുവില്‍ തന്റെ നൂറാം ടെസ്റ്റില്‍ 85ഉം ഡിവില്ലേഴ്‌സ് സ്‌കോര്‍ ചെയ്തു.
ബെംഗളുരു ടെസ്റ്റ് മഴ കാരണം നഷ്ടമായത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു.
ആധിപത്യമുണ്ടായിരുന്ന മത്സരം തടസപ്പെടുന്നത് നിരാശപ്പെടുത്തും. എന്നാല്‍, കഴിഞ്ഞതിനെ കുറിച്ച് ആലോചിക്കുന്നില്ല. നാഗ്പൂര്‍ ടെസ്റ്റ് ജയിക്കുകയാണ് ഇപ്പോള്‍ പ്രധാനമെന്നും കോഹ്‌ലി.

LEAVE A REPLY

Please enter your comment!
Please enter your name here