മതവിശ്വാസത്തെ ബഹുമാനിക്കുന്നു, ഭീകരവാദവുമായി സന്ധിയില്ല

കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി വമ്പിച്ച വിജയം നേടും എന്ന സ്ഥിതിയാണ് നിലവിലുള്ളത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ പൊരുതുന്നത് എല്‍ ഡി എഫാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തിലും അത് നേതൃത്വം നല്‍കുന്നു. അഴിമതിയില്‍ കുളിച്ച സര്‍ക്കാറിനെതിരായി വമ്പിച്ച ജനവികാരം ഉയര്‍ന്നു നില്‍ക്കുകയുമാണ്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി പൊരുതുമ്പോള്‍ തന്നെ ജനജീവിതം മെച്ചപ്പെടുത്താനുള്ള ബദല്‍ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി മുഴുകുകയാണ്. ഇത് വലിയ ജനപിന്തുണ ആര്‍ജിക്കുന്നുവെന്നതാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തെളിയിച്ചത്. എങ്കിലും ചില മേഖലകളില്‍ ബി ജെ പി ഉണ്ടാക്കിയ നേട്ടം നാടിന് ആപത്താണ്. ആഗോളവത്കരണ നയങ്ങള്‍ക്കും വര്‍ഗീയ അജന്‍ഡകള്‍ക്കും എതിരായി ജനപക്ഷബദലുമായി സഹകരിക്കാന്‍ തയ്യാറുള്ള പ്രസ്ഥാനങ്ങളേയും ഗ്രൂപ്പുകളേയും വ്യക്തികളേയുമെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് ഇടതുപക്ഷത്തിന്റെ സമീപനം. അതിന് അനുസരിച്ചിട്ടുള്ള നിലപാടുകളായിരിക്കും ഇക്കാര്യത്തില്‍ സ്വീകരിക്കുക.
Posted on: November 24, 2015 6:00 am | Last updated: November 25, 2015 at 6:41 pm
SHARE

ഇന്ത്യാ രാജ്യത്ത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ എത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടതുപക്ഷം പറഞ്ഞതുപോലെ തന്നെ ആഗോളവത്കരണ സാമ്പത്തിക നയങ്ങളുമായും, രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ഫെഡറലിസത്തെയും തകര്‍ക്കുന്ന നടപടികളുമായും ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇത്തരം നയങ്ങളുമായി ഒരു തരത്തിലുമുള്ള സന്ധിയും സി പി എമ്മിനില്ല. അതുകൊണ്ട് തന്നെ ബി ജെ പിയുടെ നയസമീപനങ്ങളെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും സി പി എമ്മും ഇടതുപക്ഷവും ശക്തമായി എതിര്‍ക്കുകയാണ്.
ബി ജെ പിയുടെ ഇത്തരം നയങ്ങളെ ഇടതുപക്ഷം എതിര്‍ക്കുമ്പോള്‍ അതുമായി പലപ്പോഴും സന്ധി ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി തന്നെയാണ് കോണ്‍ഗ്രസും ബി ജെ പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി പൊതുവില്‍ ബി ജെ പി അധികാരത്തിലെത്തുന്ന സ്ഥിതി ഉണ്ടായത്. എന്നാല്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലുമെല്ലാം ബി ജെ പിക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ പോകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനഫലമായി ഇടതുപക്ഷ മനസ്സിനെ രൂപപ്പെടുത്തിയിട്ടുണ്ട് എന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് പാര്‍ടി രാഷ്ട്രീയ ലാഭത്തിനുവേണ്ടി പ്രത്യേകിച്ചും ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ബി ജെ പിയുമായി സന്ധി ചെയ്യുന്നു. അവസാനമായി ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും ഒന്നിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും ഇടതുപക്ഷത്തെ ദുര്‍ബലമാക്കുന്നതിന് ബി ജെ പിയെ പ്രോത്സാഹിപ്പിക്കുന്ന നയം തന്നെയാണ് സ്വീകരിക്കുന്നത്. അരുവിക്കര തിരഞ്ഞെടുപ്പില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തുമെന്ന പ്രഖ്യാപനവും ആര്‍ എസ് എസ് നേതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചതുമെല്ലാം ഇതിന് ഉദാഹരണമാണ്.
വര്‍ഗീയശക്തികളുമായി കൂട്ടുചേര്‍ന്ന് മുന്നോട്ട് പോകാന്‍ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ പോലും ശ്രമിക്കുന്ന സ്ഥിതി കേരളത്തിലുണ്ടായി. ഈ അപകടകരമായ പരിതസ്ഥിതിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മൗനം അവലംബിച്ച് അവരെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ശക്തമായി എതിര്‍ത്തത് സി പി എമ്മാണ്. ഈ സാഹചര്യം ഉയര്‍ന്നുവന്നപ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ അതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവുകൊണ്ടാണ് ഇത്തരമൊരു നയസമീപനം സ്വീകരിച്ചത്. ഏത് ഭക്ഷണം കഴിക്കണമെന്നത് പോലും സംഘ്പരിവാര്‍ നിശ്ചയിക്കുന്നുവെന്ന സാഹചര്യം വന്നപ്പോള്‍ അതിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുകയുണ്ടായി. ഇത് ഏതെങ്കിലും തിരഞ്ഞെടുപ്പ് കണ്ടുകൊണ്ട് സ്വീകരിക്കുന്ന നയമല്ല. വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ തുടര്‍ച്ച തന്നെയാണ്. ഈ പോരാട്ടത്തിന് ഇടതുപക്ഷ മനസ്സും മതനിരപേക്ഷ ചിന്തയുമുള്ള കേരളീയര്‍ ഒന്നിച്ചുനിന്നു എന്നതാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ള കാര്യം.
വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ ശക്തമായി പൊരുതുന്നതില്‍ മതവിശ്വാസികള്‍ക്ക് വലിയ പങ്കുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഗാന്ധിജിയും മൗലാനാ അബ്ദുല്‍കലാം ആസാദുമെല്ലാം മതവിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ മതസൗഹാര്‍ദത്തിന്റെ മഹത്തായ ആശയങ്ങള്‍ പ്രചരിപ്പിച്ചവരായിരുന്നു. മതങ്ങള്‍ സ്‌നേഹത്തിന്റേയും സൗഹാര്‍ദത്തിന്റേയും സന്ദേശങ്ങളാണ് പൊതുവില്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ആ പരസ്പര സ്‌നേഹത്തിന്റേയും കൂടിച്ചേരലിന്റേയും ജനജീവിതത്തെ വികസിപ്പിക്കുന്ന തരത്തില്‍ ഇടപെടുകയാണ് മതപണ്ഡിതന്മാര്‍ ചെയ്യേണ്ടത്. പൊതുവായി പരസ്പരം ഇടപെടുന്ന ജീവിത ശൈലി താഴെ തട്ടില്‍ തന്നെ കെട്ടിപ്പടുക്കുന്നതിന് മതവിശ്വാസികള്‍ നേതൃത്വം നല്‍കണം.
കേരളത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍ മതസൗഹാര്‍ദത്തിന്റെ മഹത്തായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് വിദ്യാഭ്യാസ രംഗത്തിന് വലിയ പ്രാധാന്യമുണ്ട് എന്ന് കാണാം. എല്ലാ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളും ഒന്നായി ചേര്‍ന്ന് പഠിക്കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നു. പല മതവിശ്വാസം പുലര്‍ത്തുന്നവര്‍ ഇത്തരം വിദ്യാലയങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. മുസ്‌ലിം വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ഇത്തരം സ്ഥാപനങ്ങളും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മതപണ്ഡിതരുമെല്ലാം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. വര്‍ത്തമാനകാലത്ത് മതസംഘടനകള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സേവന തത്പരതയോടെ ഈ മേഖലയില്‍ ഇടപെടുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സാമൂഹിക നീതിയും മെറിറ്റും ഉള്‍പ്പെടെ അംഗീകരിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ സംവിധാനം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് പ്രത്യേക ഇടപെടലുകളും അനിവാര്യമാണ്.
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതരം മാനേജ്‌മെന്റുകള്‍ നടത്തുന്നുണ്ട്. സേവന തത്പരതയോടെ രംഗത്ത് വരുന്ന സ്വകാര്യ ഏജന്‍സികളുടെ ശേഷിയേയും വിദ്യാഭ്യാസത്തിന്റെ വികാസത്തിന് ഉപയോഗപ്പെടുത്തണം എന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുവായുള്ള സമീപനം.
രാജ്യത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യം നിലനില്‍ക്കുക എന്നത് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ മതനിരപേക്ഷതക്കായി പൊരുതുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ഐക്യം സ്ഥാപിക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താനാകുന്നത് ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്നുകൊണ്ടാണെന്ന് തിരിച്ചറിയണം. അത്തരമൊരു വീക്ഷണത്തോടെ ഇടപെടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
രാജ്യസ്‌നേഹത്തിന്റെ മഹത്തായ പാരമ്പര്യമുള്ളവരാണ് ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി സന്ധിയില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച വിശ്വാസികളുടെ നീണ്ടപരമ്പര രാജ്യത്തിനുണ്ട്. ഹിന്ദു-മുസ്‌ലിം ഭായീ ഭായീ എന്ന മുദ്രാവാക്യം സ്വാതന്ത്ര്യസമരത്തിലെ പ്രധാനപ്പെട്ട ഏടായിരുന്നു. കേരളത്തിലാണെങ്കില്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായി നടന്ന നിരവധി കാര്‍ഷിക കലാപങ്ങളില്‍ വലിയ പങ്കാണ് മുസ്‌ലിം ജനവിഭാഗം വഹിച്ചിട്ടുള്ളത്. ആലി മുസ്‌ലിയാരുടെയും ഉമര്‍ ഖാസിയുടേയും ഒക്കെ പോരാട്ടങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. അത്തരം പോരാട്ടത്തിന്റെ പ്രാധാന്യത്തേയും അവ നിര്‍വഹിച്ച പങ്കിനേയും കമ്മ്യൂണിസ്റ്റുകാര്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ തലങ്ങളെ തുറന്ന് കാട്ടി ലേഖനം എഴുതിയതിന്റെ പേരിലാണ് ദേശാഭിമാനി പോലും ഒരു കാലത്ത് ബ്രിട്ടീഷുകാര്‍ നിരോധിച്ചത്.
മതസൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിലും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും നാടിന്റെ സര്‍വോന്മുഖമായ വികസനത്തിനുമെല്ലാം കേരളത്തിലെ മറ്റെല്ലാ വിഭാഗങ്ങളേയുമെന്നപോലെ മഹത്തായ സംഭാവനയാണ് സുന്നികള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ജനവിഭാഗത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. നാടിന്റെ മതനിരപേക്ഷതയേയും വികസനത്തേയും മുസ്‌ലിം ജനവിഭാഗത്തിന്റെ ഉള്‍പ്പെടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏത് ഭാഗത്ത് നിന്ന് ഉണ്ടായാലും അതിനെ സ്വാഗതം ചെയ്യാനും പിന്തുണയ്ക്കുന്നതിനും സി പി എം പ്രതിജ്ഞാബദ്ധമാണ്.
ഒരു കാലത്ത് പട്ടിണി കൊണ്ട് ലക്ഷങ്ങള്‍ മരിച്ച പ്രദേശമാണ് ബംഗാള്‍. വിഭജനകാലത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ വിഷവിത്തുക്കള്‍ വിതയ്ക്കപ്പെട്ട പ്രദേശവുമാണ്. അത്തരമൊരു സാഹചര്യത്തില്‍ കിടന്ന ബംഗാളിനെ കാര്‍ഷികോത്പാദനത്തിന്റെ കാര്യത്തിലും ഭൂപരിഷ്‌കരണനടപടികളിലൂടെയും മതസൗഹാര്‍ദത്തിന്റെ മഹത്തായ തലത്തിലേക്ക് വളര്‍ത്തി എടുത്തിട്ടുള്ളത് ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ്. മുസ്‌ലിം പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് മാറിയശേഷം ബംഗാളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തീര്‍ന്നിരിക്കുന്നുവെന്നത് ഇടതുപക്ഷം അധികാരത്തില്‍ വരേണ്ടതിന്റെ പ്രാധാന്യമാണല്ലോ തുറന്ന് കാട്ടുന്നത്.
കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടും എന്ന സ്ഥിതിയാണ് നിലവിലുള്ളത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ പൊരുതുന്നത് എല്‍ ഡി എഫാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തിലും അത് നേതൃത്വം നല്‍കുന്നു. അഴിമതിയില്‍ കുളിച്ച സര്‍ക്കാറിനെതിരായി വമ്പിച്ച ജനവികാരം ഉയര്‍ന്നു നില്‍ക്കുകയുമാണ്. സര്‍ക്കാര്‍ പരാജയപ്പെട്ടിടങ്ങളില്‍ ജൈവ കൃഷിയും മാലിന്യ സംസ്‌കരണവും സാന്ത്വന പരിചരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായും പാര്‍ട്ടി മുന്നോട്ട് നീങ്ങുകയാണ്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി പൊരുതുമ്പോള്‍ തന്നെ ജനജീവിതം മെച്ചപ്പെടുത്താനുള്ള ബദല്‍ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി മുഴുകുകയാണ്. ഇത് വലിയ ജനപിന്തുണ ആര്‍ജ്ജിക്കുന്നുവെന്നതാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തെളിയിച്ചത്. എങ്കിലും ചില മേഖലകളില്‍ ബി ജെ പി ഉണ്ടാക്കിയ നേട്ടം നാടിന് ആപത്താണ്. മതനിരപേക്ഷതക്ക് പോറലേല്‍ക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വവും ഇടതുപക്ഷം പാലിക്കേണ്ടതുണ്ട്. ആഗോളവത്കരണ നയങ്ങള്‍ക്കും വര്‍ഗീയ അജന്‍ഡകള്‍ക്കും എതിരായി ജനപക്ഷബദലുമായി സഹകരിക്കാന്‍ തയ്യാറുള്ള പ്രസ്ഥാനങ്ങളേയും ഗ്രൂപ്പുകളേയും വ്യക്തികളേയുമെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് ഇടതുപക്ഷത്തിന്റെ സമീപനം. അതിന് അനുസരിച്ചിട്ടുള്ള നിലപാടുകളായിരിക്കും ഇക്കാര്യത്തില്‍ സ്വീകരിക്കുക.
മതവിശ്വാസത്തെ പാര്‍ട്ടി ബഹുമാനിക്കുന്നു. അത്തരം വിശ്വാസങ്ങള്‍ക്ക് തടസമുണ്ടാകുമ്പോള്‍ അത് സംരക്ഷിക്കുന്നതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും മതസൗഹാര്‍ദം ഊട്ടിഉറപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന എല്ലാ സംരംഭങ്ങളേയും അകമഴിഞ്ഞ് പിന്തുണക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. മതവിശ്വാസം സംരക്ഷിക്കാന്‍ അവക്കെതിരെയുള്ള ആക്രമണങ്ങള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ഉണ്ടാകുക തന്നെ ചെയ്യും. പള്ളി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തലശ്ശേരി കലാപത്തില്‍ യു കെ കുഞ്ഞിരാമന്‍ രക്തസാക്ഷിത്വം വരിച്ചത് എന്ന യാഥാര്‍ഥ്യം ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന ഒന്നാണ്. മതവിശ്വാസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മതസൗഹാര്‍ദം ഊട്ടി ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി സംഘടിപ്പിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു.
(ഓണ്‍ലൈന്‍ അഭിമുഖത്തില്‍ നിന്ന്)

 

 

LEAVE A REPLY

Please enter your comment!
Please enter your name here