ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയില്ല:കേരളത്തിന് കേന്ദ്രത്തിന്റെ രൂക്ഷ വിമര്‍ശം

Posted on: November 24, 2015 5:34 am | Last updated: November 24, 2015 at 12:35 am

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ രൂക്ഷ വിമര്‍ശം.
നിയമം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയെയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ് വിമര്‍ശിച്ചത്. കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന സംസ്ഥാന ഭക്ഷ്യവകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് കേരളത്തിനെതിരെ വിമര്‍ശം ഉയര്‍ന്നത്. കമ്പ്യൂട്ടര്‍വത്കരണം ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാത്തത് സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി സംസ്ഥാന ഭക്ഷ്യവകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നാല് മാസം കൂടി കേരളം സമയമാവശ്യപ്പെട്ടുണ്ട്. പിഴവുകള്‍ സംഭവിച്ചതിനാല്‍ വിവരശേഖരണം പുനരാരംഭിച്ചെന്നും കമ്പ്യൂട്ടര്‍വത്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2016 മാര്‍ച്ച് വരെ സമയമനുവദിക്കണമെന്നും യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. ഇതംഗീകരിച്ച ഭക്ഷ്യസുരക്ഷാ മന്ത്രാലയം ഇനി സമയം നീട്ടി നല്‍കാനാകില്ലെന്ന് വ്യക്തമാക്കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് നടപടികള്‍ വൈകാന്‍ കാരണമെന്ന് വിശദീകരിച്ച കേരളം ജനുവരിയോടെ എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചു. വിദേശ ഭക്ഷ്യ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് നിയമം കര്‍ശനമാക്കാനുള്ള നടപടികളും ഭക്ഷ്യവകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേരളത്തെ പ്രതിനിധീകരിച്ച് ഭക്ഷ്യവകുപ്പ് സെക്രട്ടറി ദേവേന്ദ്രകുമാറാണ് യോഗത്തില്‍ പങ്കടുത്തത്.