Connect with us

Uae

ഫോര്‍മുല വണ്‍: വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളൊരുക്കുന്നു

Published

|

Last Updated

അബുദാബി: ഫോര്‍മുല വണ്‍ ഇത്തിഹാദ് എയര്‍വേസ് ഗ്രാന്റ് പ്രീയുടെ ഭാഗമായെത്തുന്ന സന്ദര്‍ശകര്‍ക്കും കാര്‍ഗോക്കുമായി അബുദാബി വിമാനത്താവളത്തില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കുന്നു. നവംബര്‍ 27,28,29 തീയതികളിലാണ് ഫോര്‍മുല വണ്‍ . അബുദാബി പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, ഇത്തിഹാദ് എയര്‍പോര്‍ട്ട് സര്‍വ്വീസ് എന്നീ വിഭാഗങ്ങളുമായി ചേര്‍ന്ന് സന്ദര്‍ശകര്‍ക്കുള്ള സേവനങ്ങള്‍ വേഗത്തില്‍ കൃത്യതയോടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. കാര്‍ഗോ പുറത്തിറക്കാനുള്ള സൗകര്യം കൂടി പരിഗണിച്ച് വിമാനങ്ങളില്‍ ഇന്ധനം നിറക്കാലും സുരക്ഷാ പരിശോധനകളുമെല്ലാം പുതിയതരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോക വാഹനപ്രേമികളെയും വേഗരാജാക്കന്മാരെയും സ്വീകരിക്കാന്‍ അബുദാബി വിമാനത്താവളം സജ്ജമായതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അഹമ്മദ് അല്‍ ഹദ്ദാബി വ്യക്തമാക്കി. ടെര്‍മിനല്‍ ഒന്നിലും മൂന്നിലും സജ്ജീകരിച്ചിരിക്കുന്ന വലിയ സ്‌ക്രീനില്‍ ട്രാന്‍സിറ്റ് സന്ദര്‍ശകര്‍ക്ക് മത്സരം കാണുവാനുള്ള അവസരവും ഒരുങ്ങുന്നുണ്ട്.
യാസ് മറിനയില്‍ നടക്കാനിരിക്കുന്ന ഏഴാമത് ഫോര്‍മുല വണ്‍ ഇത്തിഹാദ് എയര്‍വേസ് ഗ്രാന്റ് പ്രീയുടെ ടിക്കറ്റ് വില്‍പനയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ലോക വാഹന പ്രേമികളുടെ ഇഷ്ട വിനോദമായ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ക്കായി വന്‍ സജ്ജീകരണങ്ങളാണ് അബുദാബി യാസ് ഐലന്റിലെ മറീന സര്‍ക്യൂട്ടില്‍ ഒരുക്കിയിരിക്കുന്നത്. മത്സരങ്ങള്‍ക്കായി 60,000 സീറ്റുകളാണുള്ളത്. ഇതില്‍ പ്രീമിയം സീറ്റുകളില്‍ മിക്കതും യു.എ.ഇക്ക് പുറത്ത് നിന്നുള്ള കായിക പ്രേമികളാണ് സ്വന്തമാക്കിയിരിക്കുന്നത്. നോര്‍ത്ത് ലോഞ്ച്, അബുദാബി ഹില്‍, വെസ്റ്റ് ഗ്രാന്റ് സ്റ്റാന്റ് എന്നിങ്ങനെയാണ് പ്രീമിയം സീറ്റുകള്‍ ഉള്ള ഭാഗങ്ങളെ തരം തിരിച്ചിരിക്കുന്നത്. ആയിരം മുതല്‍ അയ്യായിരം ദിര്‍ഹം വരെയാണ് വിവിധ വിഭാഗങ്ങളിലായി ടിക്കറ്റുളുടെ വില. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തിനെത്തിയ കാണികളില്‍ പകുതിയില്‍ അധികവും വിദേശികളായിരുന്നു.