Connect with us

Gulf

റിയാദ്‌വില്ലാസ് കപ്പ് കേളി ഫൂട്‌ബോള്‍: ജയത്തോടെ യുണൈറ്റഡ് എഫ്‌സി സെമിയില്‍

Published

|

Last Updated

റിയാദ്: റിയാദ്‌വില്ലാസ് വിന്നേഴ്‌സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടി നടന്നുവരുന്ന എട്ടാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഏഴാമത്തെ ആഴ്ച റിയാദ് ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഇസിയു ലൈന്‍ സൗദി അറേബ്യ യുണൈറ്റഡ് എഫ്‌സി ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ജരീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. റോയല്‍ റിയാദ് സോക്കറും ഐബിടെക് ലാന്റേണ്‍ എഫ്‌സിയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ലാന്റേണ്‍ എഫ്‌സിഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റോയല്‍ എഫ്‌സിയെ പരാജയപ്പെടുത്തിയെങ്കിലുംരണ്ട് ടീമുകള്‍ക്കും സെമിയില്‍ പ്രവേശിക്കാനായില്ല.

വിജയം മാത്രം ലക്ഷ്യം വെച്ച് യുണിവേഴ്‌സിറ്റി, കെഎസ്ഇബി, സെന്‍ട്രല്‍ എക്‌സൈസ് താരങ്ങള്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയുമായി ഇറങ്ങിയ യുണൈറ്റഡ് എഫ്‌സി 14ാം മിനിറ്റില്‍ യൂത്ത് ഇന്ത്യയുടെ ഷറഫുദ്ദീനിലൂടെ നേടിയ അപ്രതീക്ഷിത ഗോളില്‍ ഒന്ന് പതറിയെങ്കിലും ഗോള്‍ വഴങ്ങിയ ഉടനെ തന്നെ സെന്‍ട്രല്‍ എക്‌സൈസ് താരം മുഹമ്മദ് നൗഫലിലൂടെ 19ാം മിനിറ്റില്‍ സമനില നേടി. തുടര്‍ന്ന് കളിയുടെ മുഴുവന്‍ ആധിപത്യവും വീണ്ടെടുത്ത യുണൈറ്റഡ് എഫ്‌സി 21ാം മിനിറ്റില്‍ നിഷാദ് ഗോളിയെ കബളിപ്പിച്ച് നേടിയ അതിമനോഹരമായ ഗോളിലൂടെ ലീഡ് നേടി. തുടര്‍ന്ന് കൂടുതല്‍ ഉണര്‍ന്ന് കളിച്ച നിഷാദ് 23ാം മിനിറ്റിലും 38ാം മിനിറ്റിലും ഗോള്‍ നേടി ഹാട്രിക്കിന് ഉടമയായി. 54ാം മിനിറ്റില്‍ നൗഫല്‍ വീണ്ടും ഗോള്‍ വല ചലിപ്പിച്ച് യുണൈറ്റഡ് എഫ്‌സിയുടെ ഗോള്‍പട്ടിക 51 എന്ന നിലയില്‍ പൂര്‍ത്തിയാക്കി.

ഈ ആഴ്ചയിലെ മത്സരത്തോടെ ഗ്രൂപ്പ് എ യില്‍ നിന്ന് ഇസിയു ലൈന്‍ സൗദി അറേബ്യ യുഎഫ്‌സി ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എ യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ചാലിയാര്‍ റെയിന്‍ബോ സോക്കര്‍, ഗ്രൂപ്പ് ബി യില്‍ നിന്ന് ഗ്രൂപ്പ് ജേതാക്കളായി ഷിഫ അല്‍ജസീറ പോളിക്ലിനിക്ക് അസീസിയ സോക്കര്‍, രണ്ടാം സ്ഥാനക്കാരായി സഫേകൊ ആന്‍ഡ് അറാഫ ഗോള്‍ഡ് കൊണ്ടോട്ടി റിയല്‍ കേരള എന്നീ ടീമുകള്‍ നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു.

മത്സരങ്ങള്‍ക്കു മുന്നോടിയായി ബാലചന്ദ്രന്‍ റിയ, രവി പട്ടുവം, ജിതിന്‍, അജിത്ത്, അഷറഫ്, സുധാകരന്‍ ബത്ത, സുധാകരന്‍ ഉമ്മുല്‍ഹമാം, ഹസ്സന്‍ മനാഹ്, മുജീബ്, ഷറഫ്, സൂരജ്, റഫീഖ് എന്നിവര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ലാന്റേണ്‍ എഫ്‌സിയുടെ ബുഷൈറിനെ ഈ ആഴ്ച്ചയിലെ ആദ്യമത്സരത്തിലെയും യുണൈറ്റഡ് എഫ്‌സിയുടെ നിഷാദിനെ രണ്ടാമത്തെ മത്സരത്തിലെയും ഏറ്റവും നല്ല കളിക്കാരായി തെരഞ്ഞെടുത്തു.

ടൂര്‍ണ്ണമെന്റില്‍ അടുത്ത വെള്ളിയാഴ്ച്ച സെമിഫൈനല്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവും. വൈകിട്ട് 7.00ന് നടക്കുന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് “എ”യിലെ ഒന്നാം സ്ഥാനക്കാരായ ഇസിയു ലൈന്‍ സൗദി അറേബ്യ യുഎഫ്‌സിയും ഗ്രൂപ്പ് “ബി”യിലെ രണ്ടാം സ്ഥാനക്കാരായ സഫേകൊ ആന്‍ഡ് അറാഫ ഗോള്‍ഡ് കൊണ്ടോട്ടി റിയല്‍ കേരളയും തമ്മില്‍ ഏറ്റുമുട്ടും. ഡിസംബര്‍ നാലിനായിരിക്കും”ബി”യിലെ ഒന്നാം സ്ഥാനക്കാരായ ഷിഫ അല്‍ജസീറ പോളിക്ലിനിക്ക് അസീസിയ സോക്കറും ഗ്രൂപ്പ് “എ”യിലെ രണ്ടാം സ്ഥാനക്കാരായ ചാലിയാര്‍ റെയിന്‍ബോ സോക്കറും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ സെമിഫൈനല്‍.

Latest