Connect with us

Kerala

രാജ്യത്ത് അസഹിഷ്ണുതയുടെ ഇരുട്ട് പരക്കുന്നു: ടി പത്മനാഭന്‍

Published

|

Last Updated

കോഴിക്കോട്: രാജ്യത്ത് അസഹിഷ്ണുതയുടെ ഇരുട്ട് പരക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭന്‍.
എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് വായിക്കണം, എന്ത് എഴുതണം എന്നതൊക്കെ മറ്റൊരാള്‍ കല്‍പ്പിക്കപ്പെടുന്ന കാലമാണ് വരുന്നതെന്നും പത്മനാഭന്‍ പറഞ്ഞു. കേരള ഗ്രന്ഥശാലാ സംഘം എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേഖലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ബീഫ് കഴിക്കാറില്ല. എന്നാല്‍ അത് മതപരമായ കാരണത്താലല്ല. ആരുടേയും കയ്യടി കിട്ടാനുമല്ല. ബീഫ് മാത്രമല്ല മുട്ടയും മത്സ്യവും കഴിക്കാറില്ല. ഏതെങ്കിലും ജീവിയെ കൊന്ന് അതിന്റെ ഇറച്ചി കൊണ്ട് തന്റെ ശരീരം പുഷ്ടിപ്പെടുത്തേണ്ടെന്ന് കരുതിയാണ്. താന്‍ ഇറച്ചി കഴിക്കാറില്ലെങ്കിലും ഇഷ്ടമുള്ള ഭക്ഷണം ആര്‍ക്കും കഴിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും പത്മനാഭന്‍ പറഞ്ഞു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറഞ്ഞ ഹിന്ദു മതത്തിന്റെ പേരില്‍ ഇന്ന് പ്രശ്‌നമുണ്ടാക്കുന്നവര്‍ അതില്‍ നിന്നൊക്കെ വ്യതിചലിച്ചവരാണെന്നും പത്മനാഭന്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ കെ വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി വി ദക്ഷിണാ മൂര്‍ത്തി, കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എ കെ ചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ പി അപ്പുക്കുട്ടന്‍ പ്രസംഗിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനം ചരിത്രവും വര്‍ത്തമാനവും എന്നവിഷയത്തെ കുറിച്ച് നടന്ന സെമിനാറില്‍ ഗ്രന്ഥലോകം പത്രാധിപര്‍ എസ് രമേശന്‍ മോഡറേറ്ററായിരുന്നു.
പിരപ്പിന്‍കോട് മുരളി, രാജേന്ദ്രന്‍ എടത്തുംകര, ടി ഗംഗാധരന്‍ വിഷയം അവതരിപ്പിച്ചു. സമാപന സമ്മേളനം മേയര്‍ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

Latest