മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ എത്തുന്നവര്‍ക്ക് മൂത്രശങ്ക തീര്‍ക്കാന്‍ ഇടമില്ല

Posted on: November 23, 2015 10:13 am | Last updated: November 23, 2015 at 10:13 am
SHARE

മലപ്പുറം: യാത്രക്കിടയിലോ യാത്ര ചെയ്യാനോ ജില്ലാ ആസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ എത്തുന്നവര്‍ക്ക് മൂത്രശങ്ക തീര്‍ക്കാന്‍ പോലും ഇടമില്ല. പുരുഷന്‍മാര്‍ റോഡരികിനെ ആശ്രയിക്കുമ്പോള്‍ പൊട്ടിപൊളിഞ്ഞ് കിടക്കുന്ന അടച്ചുറപ്പില്ലാത്ത വൃത്തിഹീനമായ ബാത്ത് റൂം മാത്രമാണ് സ്ത്രീകള്‍ക്ക് ആശ്രയം.
ജീവനക്കാര്‍ അടക്കമുള്ളവരും ഇതുതന്നെയാണ് ഉപയോഗിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാലപ്പഴക്കം മൂലം പൊട്ടിപൊളിയുന്ന ഡിപ്പോയിലെ കെട്ടിടങ്ങളിലേതിന് സമാനമാണ് ബാത്ത് റൂമിലെയും അവസ്ഥ. നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ റൂഫിലെ കോണ്‍ഗ്രീറ്റ് വലിയ തോതില്‍ അടര്‍ന്ന് വീഴുന്നുണ്ട്. സമീപത്ത് തന്നെയുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതിനും അറ്റകുറ്റപണികള്‍ക്കുള്ള ചിലവിനും അപേക്ഷിച്ചിട്ട് യാതൊരു മറുപടിയുമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോ നവീകരിച്ച് ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് ആക്കുമെന്ന പ്രഖ്യാപനം എട്ട് വര്‍ഷം പിന്നിടുമ്പോഴും മൂത്രശങ്കയ്ക്ക് പോലും പരിഹാരമില്ലാതെ യാത്രക്കാര്‍ നെട്ടോട്ടമോടുകയാണ്.
ഒപ്പം പ്രഖ്യാപിച്ച തിരുവനന്തപ്പുരം, കോഴിക്കോട്, അങ്കമാലി എന്നിവടങ്ങളിലെ ഡിപ്പോ നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിടുമ്പോഴാണിത്. ടെര്‍മിനലിന്റെ നിര്‍മാണ ചുമതല കെ ടി ഡി എഫ് സിയെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇതനുസരിച്ചുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി നടപടികളുമായി ഏറെ മുന്നോട്ടുപോയിരുന്നു. എന്നാല്‍ നിര്‍മാണ ചുമതല കെ എസ് ആര്‍ ടി സി തന്നെ ഏറ്റെടുത്തതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കെ ടി ഡി എഫ് സി ചെലവിട്ട തുക നല്‍കുന്നതിലെ അനിശ്ചിതത്വമാണ് ഡിപ്പോയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. 2007ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 31.61 കോടി രൂപ ചെലവില്‍ 11 നിലകളില്‍ കെട്ടിടം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. ടെണ്ടര്‍ നടപടി വരെ പൂര്‍ത്തിയായി നിര്‍മാണ പ്രവൃത്തികളിലേക്ക് നീങ്ങവേ വലിയ മുതല്‍ മുടക്കില്‍ കെട്ടിടം നിര്‍മിക്കുന്നത് ലാഭകരമാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 2012ല്‍ ആറുനിലയിലേക്ക് ചുരുക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. നിലവില്‍ നിലകളുടെ എണ്ണം വീണ്ടും നാലായി ചുരുങ്ങിയെന്ന് മാത്രമല്ല ഉദ്യോഗസ്ഥ തല ചര്‍ച്ചക്ക് അപ്പുറത്തേക്ക് യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മന്ത്രിമാരും എംഎല്‍ എമാരുമുള്ള ജില്ലയിലെ ആസ്ഥാന ഡിപ്പോയുടെ ഗതിയാണിത്. തിരുവനന്തപുരത്തും മലപ്പുറത്തുമായി നിരവധി ചര്‍ച്ചകളും ഉന്നതതല യോഗങ്ങളും നടന്നത് മാത്രം മിച്ചം. മന്ത്രി ആര്യാടന്‍ മുഹമ്മദ് വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് തന്റെ ഭരണകാലത്ത് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ലോംപ്ലക്സിന്റെ പ്ലാന്‍ പോലും ആയില്ല. ഡിപ്പോ നേരിട്ട് കണ്ടു സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ മെയ് 28ന് ആദ്യഘട്ടം തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് മുന്നോട്ട് നീങ്ങിയില്ല. 18 കോടി ചെലവില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞത്. ആറു നില കെട്ടിടത്തിനാണ് പദ്ധതിയെങ്കിലും തുടക്കത്തില്‍ നാല് നിലകള്‍ മാത്രം നിര്‍മിക്കും. കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പ്ലാന്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.